പത്തനംതിട്ട: ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ വലിയ പരിവര്‍ത്തനം നടക്കാന്‍ പോകുന്നു. ഇത്തവണ മാറ്റത്തിന്റെ കാറ്റ് അനുഭവപ്പെടുന്നു. ആദ്യമായി ബിജെപി- എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാകാന്‍ പോകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവല്ലയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നും ഇപ്പോള്‍ കേരളം വികസനത്തില്‍ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? അതിന്റെ അഞ്ച് ഇരട്ടി തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കി. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് കിട്ടും. ഇവിടെ വികസനത്തിന്റെ പുതിയ വെളിച്ചം വരും.ക്രൈസ്തവരുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി വികസനം കൊണ്ടുവന്നു.കേരളത്തില്‍ വഴിമുട്ടി നിന്ന ദേശീയപാത വികസനം സാധ്യമാക്കി. ശബരി വിമാനത്താവള പദ്ധതി വരുന്നതോടെ പുതിയ വികസനത്തിന് വഴിതെളിയും. എന്നാല്‍, കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ പദ്ധതി നടപ്പാക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രം വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. കേരള സര്‍ക്കാര്‍ അതൊക്കെ തടസപ്പെടുത്തി. തിരുവല്ലയ്ക്ക് വലിയ നേട്ടമാകും ശബരി റയില്‍ പാത. യുവാക്കള്‍ക്ക് തൊഴില്‍ കിട്ടും. കച്ചവടക്കാര്‍ക്ക് ഗുണമാകും. വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറും. ഇത് തിരുവല്ലയ്ക്ക് മോദിയുടെ ഗ്യാരണ്ടിയാണ്. മഹിളകളുടെ ശാക്തീകരണവും സുരക്ഷയും ബിജെപി-എന്‍ഡിഎ സര്‍ക്കാരിന്റെ കടമയാണ്. അടുക്കള മുതല്‍ എല്ലായിടത്തും ഇത് ചെയ്യുന്നു. ശൗചാലയം, ഭവന നിര്‍മാണം, ചികിത്സ സംവിധാനം, സുരക്ഷ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കിയെന്നും മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates