തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കലിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും വീട്ടമ്മയും മരിച്ച സംഭവത്തില്‍ അനാഥരായ കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. ഇതുസംബന്ധിച്ച അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് സര്‍ക്കാര്‍ വീട് വെച്ചു നല്‍കും. സംരക്ഷണവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെ ഉറപ്പില്‍ വലിയ പ്രതീക്ഷയില്ലെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹായിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നല്ലതാണ്. അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണില്‍ തന്നെ താമസിക്കാനാണ് ഇഷ്ടം. ഇതിന് എല്ലാവരും സഹായിക്കണം. പൊലീസും മറ്റും ഇനിയും കള്ളക്കേസെടുത്ത് തങ്ങളെ വേട്ടയാടുമെന്ന് പേടിയുണ്ടെന്നും രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേസ് നല്‍കിയ വസന്ത എന്ന സ്ത്രീക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ വീട്ടിലെത്തി കുട്ടികളെ കണ്ടു. മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടുവളപ്പില്‍ അടക്കുന്നതിനെ പൊലീസ് തടയില്ലെന്ന് എംഎല്‍എ കുട്ടികള്‍ക്ക് ഉറപ്പു നല്‍കി. ഇന്നലെ രാജന്റെ മൃതദേഹം അടക്കാന്‍ നേരത്ത് പൊലീസ് കുട്ടികളെ തടഞ്ഞിരുന്നു.
കുട്ടികള്‍ക്ക് സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. പഠന ചെലവും യൂത്ത് കോണ്‍ഗ്രസ് വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും അറിയിച്ചു.
അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്.
സ്വന്തമായി വീടും വസ്തുവും ഇല്ലാത്ത രാജനും കുടുംബവും ഒഴിഞ്ഞുകിടന്ന പുറമ്പോക്ക് ഭൂമിയില്‍ വീട് കെട്ടിതാമസിക്കുകയായിരുന്നു. ഈ ഭൂമി ലക്ഷ്യം വെച്ച് അയല്‍വാസിയായി യുവതി പരാതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ യുവതിയ്ക്കും ഭൂമിയില്‍ അവകാശമൊന്നുമില്ല. അതിനാല്‍ തന്നെ പരാതിപ്പെടാന്‍ അര്‍ഹതയും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
രാജനും കുടുബവും വക്കീലിനെ നിയോഗിച്ചിരുന്നെങ്കിലും ഇദ്ദേഹവും നടപടികളെക്കുറിച്ച് കുടുംബത്തെ അറിയിച്ചിരുന്നില്ല. പൊലീസ് യുവതിയുടെ സ്വാധീനത്തിന് വഴങ്ങിയെന്നും സാവകാശം നല്‍കാന്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ട് പോലും ഇത് മറികടന്നാണ് പൊലീസ് നടപടികളുമായി മുന്നോട്ട് നീങ്ങിയതെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. മരിച്ച രാജന്റെ മൃതദേഹം മറവുചെയ്യാന്‍ മകന്‍ കുഴിയെടുക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തടയുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates