'ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ സാധിച്ചില്ല' ; അനാഥരായ കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് (വീഡിയോ )

പൊലീസ് കള്ളക്കേസ് എടുക്കുമെന്ന് ഭയമുണ്ടെന്നും മരിച്ച രാജന്റെ മക്കള്‍ പറഞ്ഞു
രാജന്റെ മൃതദേഹം അടക്കാന്‍ കുഴിയെടുക്കുന്ന മകനെ തടയുന്ന പൊലീസ് / വീഡിയോ ചിത്രം
രാജന്റെ മൃതദേഹം അടക്കാന്‍ കുഴിയെടുക്കുന്ന മകനെ തടയുന്ന പൊലീസ് / വീഡിയോ ചിത്രം

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തില്‍ അനാഥരായ കുട്ടികള്‍ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്നും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 

ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമുക്ക് ആര്‍ക്കും സാധിച്ചില്ല. ആ കുറ്റബോധത്തോടെ തന്നെ അവര്‍ക്കൊരു വീടും സ്ഥലവും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

അനാഥരായ കുട്ടികളുടെ പഠന ചെലവും യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ വ്യക്തമാക്കി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ദുഃഖകരമാണെന്ന് എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

സംഭവത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി കുടുംബം വീണ്ടും രംഗത്തെത്തി. മരണത്തിന് ഉത്തരവാദി പൊലീസാണ്. തങ്ങളെ ഇനിയും സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കുമെന്ന് കരുതുന്നില്ല. പൊലീസ് കള്ളക്കേസ് എടുത്ത് ബുദ്ധിമുട്ടിക്കുമെന്ന് ഭയമുണ്ടെന്നും മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ പറഞ്ഞു.

അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. താന്‍ തീ കൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് തട്ടിയത് കാരണമാണ് തനിക്കും ഭാര്യക്കും തീ പിടിച്ച് പൊള്ളലേറ്റതെന്നും ആശുപത്രിയില്‍ വെച്ച് രാജന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com