തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍. ജീവനക്കാരെല്ലാം നാളെ ഹാജരാകണം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നും ലോക്ഭവന്‍ കണ്‍ട്രോളര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
'രാവിലെ പത്തുമണിക്ക് ലോക്ഭവനില്‍ നടക്കുന്ന മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം രാവിലെ പത്തുമണിക്ക് നടക്കും. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം'- ഉത്തരവില്‍ പറയുന്നു.
അതേസമയം, ലോകത്തിനാകെ വെളിച്ചംപകരുന്ന സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ചത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. സംഘപരിവാര്‍ ശക്തികളാണ് എല്ലാ ആക്രമങ്ങള്‍ക്കും പിന്നിലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കി. ഇതില്‍നിന്നെല്ലാം കേരളം വിട്ടുനില്‍ക്കും എന്നാണ് എല്ലാവരുടെയും ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ തപാല്‍ ഓഫീസുകളില്‍ ക്രിസ്മസ് ആഘോഷപരിപാടിയില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചു. പാലക്കാട് പുതുശേരിയില്‍ കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിനുനേരെ സംഘപരിവാര്‍ ആക്രമണം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കള്‍ രം?ഗത്തുവന്നത്. കരോള്‍സംഘത്തെ അവഹേളിക്കുകയും ചെയ്തു. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോങ്ങള്‍ നടത്തുന്നതിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തരം സംഭവങ്ങള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും, മതപരമായ വിവേചനംകാട്ടുന്ന സ്‌കൂളുകള്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും. കേരളത്തില്‍ ഇത്തരം ശക്തികള്‍ തലപൊക്കുന്നു എന്നത് ഗൗരവതരമാണ്. ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരായ ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ല.
രാജ്യത്തിന്റെ ബഹുസ്വരതയെ എതിര്‍ക്കുന്നവരാണ് വിപ്രതിപത്തിവെച്ചുപുലര്‍ത്തുന്ന സംഘവരിവാര്‍. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം നടത്തിയവരാണ് ഇപ്പോള്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ചത്. 2025 ഏപ്രില്‍ നാലിന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ സ്വത്തിനെക്കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടതും ആര്‍എസ്എസിന്റെ ഉള്ളിലിരുപ്പ് കാട്ടിത്തന്നു. അപരമത വിദ്വേഷം പരത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളെ നാട് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates