ഒരു വര്‍ഷത്തിലേറെയായി നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റില്‍ കയറിയിട്ടെന്ന്, ഏതാണ്ട് അക്ഷരാര്‍ഥത്തില്‍ തന്നെ പറയാം. മഹാമാരിക്കാലത്ത് ലോകത്തിന്റെ ശ്വാസം പിടിച്ചുനിര്‍ത്താന്‍ അഹോരാത്രം പണിയെടുക്കുന്നവരില്‍ മുന്‍പന്തിയിലാണ് നഴ്‌സുമാരുടെ സ്ഥാനം. എല്ലാ ദിനവും നഴ്‌സസ് ദിനമാവുന്ന കാലത്ത്, രാജ്യാന്തര നഴ്‌സസ് ദിനത്തില്‍ അവരെക്കുറിച്ച് എഴുതുകയാണ് മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍.
നേഴ്‌സുമാരെ പറ്റി തന്നെ..
പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഒരിക്കല്‍ കൂടി പറയാന്‍ സന്തോഷമേ ഉള്ളൂ.
എനിക്ക് ഫേസ്ബുക്ക് സുഹൃത്തുക്കളായി സമൂഹത്തില്‍ നിന്നും അനവധി പ്രൊഫഷനില്‍ ഉള്ള ആളുകള്‍ ഉണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ നഴ്‌സുമാര്‍ തന്നെയാണ്.
ഇതങ്ങനെ വെറുതെ സംഭവിച്ചതല്ല. ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ഉണ്ടായി വരുന്ന കാലത്ത് ഒരാള്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചാല്‍ ഞാന്‍ അവരുടെ പ്രൊഫൈല്‍ നോക്കും. നേഴ്‌സ് ആണെങ്കില്‍ അപ്പോള്‍ തന്നെ ഫ്രണ്ട് ആക്കും. ഇത് അവരോടുള്ള വ്യക്തിപരമായ താല്പര്യമല്ല, ആ പ്രൊഫഷനില്‍ ഉള്ളവരോടുള്ള ബഹുമാനമാണ്.
ഇതും വെറുതെ ഉണ്ടായതല്ല.
പണ്ട് കാണ്‍പൂരില്‍ പഠിക്കുന്ന കാലത്ത് കൊച്ചിന്‍ ഗോരഖ് പൂര്‍ ട്രെയിനില്‍ ആണ് കാണ്‍പൂരിലേക്ക് പോകുന്നതും വരുന്നതും. എന്നാണെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍ അനവധി മലയാളി പെണ്‍കുട്ടികള്‍ ഉണ്ടാകും. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുളളവര്‍. അവര്‍ മിക്കവാറും മഹാരാഷ്ട്ര മുതല്‍ യു പി വരെ അനവധി ഇടങ്ങളില്‍ നേഴ്‌സുമാരായി ജോലി ചെയ്യുന്നവര്‍ ആയിരുന്നു (അല്ലെങ്കില്‍ നേഴ്‌സിങ്ങിന് പഠിക്കുന്നവര്‍).
മിക്കവാറും ഒരേ സാമൂഹ്യ സാമ്പത്തിക പരിസ്ഥിതിയില്‍ നിന്നും വരുന്നവര്‍ ആയിരുന്നു അവര്‍. ലോവര്‍ മിഡില്‍ കഌസ് കുടുംബങ്ങള്‍, മിക്കവാറും ഹൈറേഞ്ച് അല്ലെങ്കില്‍ മലയോര പ്രദേശങ്ങള്‍, കൂടുതല്‍ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവര്‍.(ഇന്നിപ്പോള്‍ ഇതിലൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. ആണ്‍കുട്ടികളും നഴ്‌സുമാരായി കൂടുതല്‍ വരുന്നത് കാണുന്നു.).
യു പി യിലും എം പി യിലും ഒക്കെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും ഒക്കെ ആണ് അവര്‍ ജോലി ചെയ്യുന്നത്. ഐ ഐ ടി യുടെ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ പോലും അന്ന് ടോയിലറ്റുകള്‍ ഇല്ല, അപ്പോള്‍ ഉള്‍നാടുകളിലെ കാര്യം ചിന്തിക്കാമല്ലോ. വര്‍ഗ്ഗീയ സംഘട്ടനങ്ങളും കൊള്ളക്കാരും ഒക്കെ ഉള്ള കാലം. ആ ഒരു കാലഘട്ടത്തില്‍ ആണ് നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നുള്ള ചെറു പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അവിടെ പോയി ഒറ്റക്ക് ജോലി ചെയ്യുന്നത്.
യു പി യിലും ബീഹാറിലും ഉള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ ഐ ഐ ടി യില്‍ എന്റെ കൂടെ ഉണ്ടായിരുന്നു. അവരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. അവര്‍ക്കൊക്കെ മലയാളി നേഴ്‌സുമാര്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്.
സത്യത്തില്‍ ജീവനും മരണവും തമ്മില്‍ അവരെ വേര്‍തിരിച്ചു നിര്‍ത്തുന്നത് പലയിടങ്ങളിലും ഈ മലയാളി നഴ്‌സുമാരാണ്. ഡോക്ടര്‍മാരും ആശുപത്രികളും ഒന്നുമില്ലാത്ത സാഹചര്യത്തില്‍ പ്രസവം മുതല്‍ ഹാര്‍ട്ട് അറ്റാക്ക് വരെ ഇവര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ഏതൊരു വര്‍ഗ്ഗീയ ലഹളക്കാലത്തും അവര്‍ സുരക്ഷിതരാണ്. ഏതൊരു കൊള്ളക്കാരനും അവരുടെ മുന്നില്‍ മീശ പിരിക്കില്ല. അവരോട് ആ ഗ്രാമത്തിലെ ഒരാളും അപമര്യാദയായി പെരുമാറില്ല. നമ്മുടെ നഴ്‌സുമാരോട് അവര്‍ അത്രമാത്രം കടപ്പെട്ടിരിക്കുന്നു. പലപ്പോഴും ഗ്രാമങ്ങളിലെ കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നത് വരെ നേഴ്‌സുമാരാണ്.
പക്ഷെ ഇത്തരത്തില്‍ ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ആ നാട്ടുകാരുടെ ജീവന്‍ രക്ഷിക്കുന്ന, വിശ്വാസവും ബഹുമാനവും ആര്‍ജിച്ച ധൈര്യശാലികളായ നമ്മുടെ നഴ്‌സുമാരെ നമ്മുടെ നാട്ടുകാര്‍ സത്യത്തില്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. (ഇപ്പോഴും അവരെ നമ്മള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.)
അന്ന് തുടങ്ങിയതാണ് എനിക്ക് അവരോടുള്ള ഇഷ്ടവും ബഹുമാനവും.
പില്‍ക്കാലത്ത് ഗള്‍ഫില്‍ എത്തിയപ്പോള്‍ ഇതേ കാര്യം ഞാന്‍ വീണ്ടും കണ്ടു. ഒമാനിലെ മരുഭൂമിയില്‍ ചുറ്റും നൂറു കിലോമീറ്റര്‍ മണലാരണ്യം അല്ലാതെ മറ്റൊന്നുമില്ലാത്ത ഗ്രാമങ്ങളിലും ഒരു ഹെല്‍ത്ത് സെന്ററും അവിടെ ഒരു മലയാളി നേഴ്‌സും ഉണ്ടാകും. ആ നാട്ടുകാരുടെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയായി, ജീവനും മരണത്തിനും ഇടക്കുള്ള വ്യത്യാസമായി, നാട്ടുകാരുടെ ബഹുമാനം നേടി.
സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇവിടെ ജര്‍മ്മന്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഏതൊരു ഗ്രാമത്തിലും. വടക്കേ ഇന്ത്യയിലും ഗള്‍ഫിലെ ഗ്രാമങ്ങളിലും ഒക്കെ നമ്മള്‍ സാധാരണ ചിന്തിക്കുന്ന നഴ്‌സിങ്ങിലും അപ്പുറത്തുള്ള ഉത്തരവാദിത്തങ്ങള്‍ നഴ്‌സുമാര്‍ എടുക്കുന്നത് മറ്റു മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ടാകുമ്പോള്‍ യൂറോപ്പില്‍ നഴ്‌സുമാര്‍ക്ക് ഔദ്യോഗികമായി തന്നെ ഏറെ അധികാരങ്ങളും അവകാശങ്ങളും ഉണ്ട്. ഇവിടെയും നമ്മുടെ നഴ്‌സുമാര്‍ക്ക് ഏറെ നല്ല പേരുണ്ട്. നാട്ടുകാരുടെ ബഹുമാനവും.
മലയാളി നഴ്‌സുമാരുടെ കാര്യം പറയുന്നത് ഞാന്‍ അവരെ നേരിട്ട് അറിയുന്നത് കൊണ്ടാണ്. മറ്റുള്ള നാട്ടില്‍ ഉള്ള നഴ്‌സുമാരുടെ കഥയും വ്യത്യസ്തമല്ല. ഈ കൊറോണക്കാലത്തും കൊറോണക്കെതിരെയുള്ള യുദ്ധത്തില്‍ ലോകത്തെവിടെയും നഴ്‌സുമാര്‍ മുന്‍പന്തിയില്‍ ഉണ്ട്. കൊറോണയുടെ ആദ്യത്തെ രണ്ടുമാസത്തെ തന്നെ ഇറ്റലിയില്‍ പതിനേഴായിരം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ഉണ്ടായത്, മൊത്തം രോഗികള്‍ ആയതിന്റെ പത്തു ശതമാനം. അതില്‍ ഏറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ മരിച്ചവരില്‍ അമ്പത്തി മൂന്നു പേര്‍ നഴ്‌സുമാരായിരുന്നു. പതിനെട്ടും ഇരുപത്തി നാലു മണിക്കൂറും ജോലി ചെയ്ത് തളര്‍ന്നിരിക്കുന്ന നഴ്‌സുമാരുടെ ചിത്രം നമ്മള്‍ ഏറെ കണ്ടു. ചുറ്റുമുള്ള മരണങ്ങള്‍ കണ്ടു സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച നഴ്‌സുമാരുടെ കഥകള്‍ നമ്മള്‍ കേട്ടു. എന്നിട്ടും ഒരാള്‍ പോലും പിറ്റേന്ന് ജോലിക്ക് പോകുന്നില്ല എന്ന് വച്ച് പിന്തിരിഞ്ഞില്ല. അവരുടെ തൊഴിലിനോടുള്ള കമ്മിറ്റ്‌മെന്റ് അത്ര ഉയര്‍ന്നതാണ്. എത്രയോ യുദ്ധ ദുരന്ത പ്രദേശങ്ങളില്‍ ഞാന്‍ അത് നേരിട്ട് കണ്ടിരിക്കുന്നു.
ഈ കൊറോണക്കാലത്ത് ലോകത്ത് അനവധി രാജ്യങ്ങളില്‍ നമ്മുടെ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. പലയിടത്തും ഡോക്ടര്‍മാര്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ ആളുകളുടെ അവസാനത്തെ പ്രതീക്ഷയും അവര്‍ തന്നെയാണ്. യു കെയില്‍ നിന്നും ഗള്‍ഫില്‍ നിന്നും വടക്കേ ഇന്ത്യയില്‍ നിന്നും ഒക്കെ നഴ്‌സുമാരുടെ മരണവര്‍ത്തകളും നാം കേട്ടു കഴിഞ്ഞു. പക്ഷെ യുദ്ധം തുടരുന്നു. നഴ്‌സുമാര്‍ യുദ്ധമുഖത്തുണ്ട്.
ഈ യുദ്ധം ഒക്കെ കഴിയുമ്പോള്‍ ലോകത്തെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ അനുഭവ കഥകള്‍ ഒരു പുസ്തകമാക്കണം എന്ന് എനിക്കൊരു പരിപാടിയുണ്ട്. എന്റെ സുഹൃത്തും കണ്ണൂരില്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലും ആയ Joselin Marietനോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കൊറോണ വഷളാകുന്ന സാഹചര്യത്തില്‍ പ്രോജക്ട് അല്പം നീട്ടി വച്ചിരിക്കയാണ്.
പക്ഷെ നമ്മുടെ നഴ്‌സുമാര്‍ മുന്‍നിരയില്‍ ഉള്ളിടത്തോളം ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഇന്നിപ്പോള്‍ എല്ലാ ദിവസവും നഴ്‌സുമാരുടെ ദിവസമാണെങ്കിലും ഔപചാരികതയുടെ പേരില്‍ ഞാന്‍ എന്റെ എല്ലാ നേഴ്‌സ് സുഹൃത്തുക്കള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു.
നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates