ഇന്ത്യാ മുന്നണിയിൽ തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ). മുന്നണിയിലെ നിർണായക പരിപാടികളിലും പ്രതിനിധി സംഘങ്ങളിലും സമിതികളിലും ദേശീയ നേതാക്കളെ തുടർച്ചയായി തഴയുന്നതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും കോൺഗ്രസിന്റെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സഖ്യകക്ഷികളിലൊന്നിനെ ബോധപൂർവം അവഗണിക്കുകയാണെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ സംശയം. വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തി അതൃപ്തി അറിയിക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി.
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധങ്ങളിലാണ് ലീഗിന്റെ അതൃപ്തിക്ക് ആക്കം കൂടിയത്. പ്രതിഷേധങ്ങളിൽ കോൺഗ്രസിനൊപ്പം സജീവമായി പങ്കെടുത്തിട്ടും മുന്നണിയുടെ ഭാഗത്തുനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ലീഗിന്റെ പരാതി. രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പരാതി നൽകാനായി നിശ്ചയിച്ച പ്രതിനിധി സംഘത്തിൽനിന്ന് അവസാന നിമിഷം ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയതാണ് ആദ്യ തിരിച്ചടിയായതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
ഞായറാഴ്ച രാംലീല മൈതാനിയിൽ നടന്ന 'ഡൽഹി ചലോ' റാലിയിൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതാണ് ലീഗിനെ കൂടുതൽ പ്രകോപിപ്പിച്ചത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബിക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോഴാണ് കുഞ്ഞാലിക്കുട്ടിയെ മാറ്റിനിർത്തിയതെന്നതും ലീഗ് വലിയ അവഹേളനമായാണ് കാണുന്നത്. ഇതിനു പുറമേ, ഇന്ത്യാ മുന്നണിയുടെ വിദ്യാർഥി-യുവജന ഏകോപന സമിതിയിൽ മുസ്‌ലിം യൂത്ത് ലീഗിനെയും എംഎസ്എഫിനെയും ഉൾപ്പെടുത്താത്തതും പാർട്ടിയുടെ പ്രാതിനിധ്യവും രാഷ്ട്രീയ പ്രസക്തിയും അവഗണിക്കപ്പെടുന്നതിന്റെ തെളിവായാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
കെസി വേണുഗോപാലിന്റെ ഇടപെടൽ സംബന്ധിച്ച് പാർട്ടിക്ക് സംശയമില്ലെന്ന് മുതിർന്ന ലീഗ് നേതാവ് 'ടിഎൻഐഇ'യോട് പറഞ്ഞു.
'കോൺഗ്രസ് ഹൈക്കമാൻഡ് ഞങ്ങളോട് കാണിക്കുന്ന സമീപനത്തിൽ കടുത്ത അപമാനമാണ് തോന്നുന്നത്. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ തുടർച്ചയായ പ്രതിഷേധങ്ങളിൽ കോൺഗ്രസ് പ്രവർത്തകരെപ്പോലെ തന്നെ ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും സജീവമായിരുന്നു. എന്നിട്ടും ഹൈക്കമാൻഡിൽ നിന്ന് ഇത്രയും വലിയ അവഗണന നേരിടുകയാണ്. പാർട്ടിയുടെ ചരിത്രത്തിൽ ഇതുപോലൊന്ന് ഉണ്ടായിട്ടില്ല. കെസി വേണുഗോപാലാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിന്റെ കൃത്യമായ കാരണവും അറിയാം. നിലവിൽ വിഷയം രാഹുൽ ഗാന്ധിയുടെയോ പ്രിയങ്ക ഗാന്ധിയുടെയോ ശ്രദ്ധയിൽ നേതൃത്വം കൊണ്ടുവന്നിട്ടില്ല. പാർട്ടി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം തിരിച്ചെത്തിയാൽ കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി വിഷയം വിശദമായി ചർച്ച ചെയ്യും'- നേതാവ് പറഞ്ഞു.
ലീഗിന്റെ അതൃപ്തി പാർട്ടിക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനും സഖ്യകക്ഷിയോടുള്ള സമീപനത്തിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. പൊന്നാനി എംഎൽഎയും കോൺഗ്രസ് നേതാവുമായ കെപി നൗഷാദ് അലി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ലീഗിന് പിന്തുണയുമായി രംഗത്തെത്തി.
'ഇന്ത്യാ മുന്നണിയിലെ കോൺഗ്രസിന്റെ ഏറ്റവും പഴക്കമേറിയ സഖ്യകക്ഷിയാണ് മുസ്‌ലിം ലീഗ്. ഇന്ത്യയിൽ കൂട്ടുകക്ഷി രാഷ്ട്രീയമെന്ന ആശയം പോലും വേരുറപ്പിക്കുന്നതിന് മുമ്പ്, 1969 മുതൽ ലീഗ് കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ കോൺഗ്രസിനൊപ്പമുള്ള രാഷ്ട്രീയ പ്രാധാന്യവും സ്വാധീനവും ലീഗിനുണ്ട്. നിലവിലെ പ്രതിസന്ധികളോ പൊതുക്ഷേമത്തിന്റെ അവസ്ഥയോ എന്തുതന്നെയായാലും ഈ രാഷ്ട്രീയ ധാരയുടെ കരുത്ത് കുറയാതെ തുടരും'- അദ്ദേഹം കുറിച്ചു.
ലീഗിനോടുള്ള കെസി വേണുഗോപാലിന്റെ അതൃപ്തി പ്രകടമാണെന്ന് മലബാറിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും 'ടിഎൻഐഇ'യോട് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചയിൽ വിഡി സതീശനെ പിന്തുണച്ചതാണ് വേണുഗോപാലിന് ലീഗിനോടുള്ള വിരോധത്തിന് കാരണമെന്നാണ് നേതാവിന്റെ ആരോപണം.
ലീഗ് വിഡി സതീശനൊപ്പം നിലകൊണ്ടതിൽ കെസി വേണുഗോപാലിന് വിരോധമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾ ഈ അവഗണനയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് എനിക്ക് ലഭിച്ച വിവരം. കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് മുസ്‌ലിം ലീഗ്. ഇപ്പോൾ കേരള നിയമസഭയിൽ കോൺഗ്രസിന് 63 സീറ്റുകളുണ്ടാകാം. എന്നാൽ അഞ്ചുവർഷം കഴിയുമ്പോൾ രാഷ്ട്രീയ സാഹചര്യം ഇതായിരിക്കണമെന്നില്ല. അതിനാൽ വിഷയം എത്രയും വേഗം പരിഹരിക്കുന്നതാണ് നല്ലത്- നേതാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates