കോട്ടയം: സമുദായ നേതാവായും പാര്‍ട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.
എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ് അദ്ദേഹം. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹം യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അതീവതാത്പര്യം കാട്ടിയ അദ്ദേഹം തനിക്ക് സഹോദര തുല്യനായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഖബറടക്കം നാളെ രാവിലെ
അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് ലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും സഹോദരങ്ങളാണ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates