Ommen Chandy  TNIE file
Kerala

മരണാനന്തരവും ആൾക്കൂട്ടത്തെ വിടാതെ;ഇന്നും പ്രവചനാതീതം ഉമ്മൻ ചാണ്ടി

മരണശേഷവും ആളുകളെ തന്നിലേക്ക് ആകർഷിക്കുന്ന നേതാവായി ഉമ്മൻചാണ്ടി ഇപ്പോഴും നിലകൊള്ളുന്നു. കോൺ​ഗ്രസിലെയായാലും എതിർപക്ഷത്തെ കുറിച്ചായാലും അധികാര സ്ഥാനത്ത് ഇരിക്കുന്നവരെ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വച്ച് താരതമ്യപ്പെടുത്തുക എന്നതും ഒരു രീതിയായി മാറിയിരിക്കുന്നു.

കെഎസ് ശ്രീജിത്ത്

സ്വയം കുരിശിലേറുകയും അതിൽ നിന്ന് അത്ഭുതകരമായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത രാഷ്ട്രീയനേതാവായിരുന്നു ഉമ്മൻചാണ്ടി. മരണശേഷവും ആ ഉയിർത്തെഴുന്നേൽപ്പി​ന്റെ തുടർച്ച കേരളം കാണുന്നുണ്ട്. എടുത്ത് ചാട്ടക്കാരനല്ലാത്ത ഉമ്മന്‍ചാണ്ടിക്ക് പ്രവചനാതീതമായ നിലപാട് സ്വീകരിക്കുക എന്നൊരു പതിഭാസം കൂടി എന്നും ഒപ്പമുണ്ടായിരുന്നു. മറ്റേതൊരു രാഷ്ട്രീയ നേതാവിന്റെ ജീവിതവുമായി ചേര്‍ത്തുവെച്ച് അതിനെ വായിച്ചാല്‍ ഒരു എടുത്ത് ചാട്ടക്കാരന്‍ എന്ന് പേരുദോഷം ഉണ്ടാക്കിയേക്കാം ഈ പെരുമാറ്റം. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഡിഎന്‍എയുടെ മാത്രം സവിശേഷത ആയിരുന്നു ഈ പ്രവചനാതീത നിലപാടുകള്‍. ജനാധിപത്യബോധവും പ്രയോഗിക ബുദ്ധിയും കൊണ്ട് കോണ്‍ഗ്രസിലെ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ ആദര്‍ശവാന്‍മാരെക്കാള്‍ മരണാനന്തരം ഉമ്മന്‍ചാണ്ടി വിശുദ്ധ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. മരണശേഷവും ആളുകളെ തന്നിലേക്ക് ആകർഷിക്കുന്ന നേതാവായി ഉമ്മൻചാണ്ടി ഇപ്പോഴും നിലകൊള്ളുന്നു. കോൺ​ഗ്രസിലെയായാലും എതിർപക്ഷത്തെ കുറിച്ചായാലും അധികാര സ്ഥാനത്ത് ഇരിക്കുന്നവരെ ഉമ്മൻചാണ്ടി ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വച്ച് താരതമ്യപ്പെടുത്തുക എന്നതും ഒരു രീതിയായി മാറിയിരിക്കുന്നു.

1970 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കാരണവാശാലും ജയിക്കാന്‍ സാധ്യതയില്ലാത്ത സി ക്ലാസ് മണ്ഡലമായ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ അന്നത്തെ കെപിസിസി ട്രഷറര്‍ കെഎം ചാണ്ടി, ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത് രണ്ടാം സ്ഥാനത്ത് വന്നാല്‍ തങ്ങള്‍ ജയിച്ചതായി കരുതികൊള്ളാമെന്നാണ്. ആരൂം കന്നിയങ്കത്തിന് പോലും മടിക്കുന്ന സിപിഎമ്മിന്റെ കോട്ടയില്‍ മല്‍സരിക്കാന്‍ സമ്മതിക്കുന്നതില്‍ തുടങ്ങുന്നു ഈ പ്രവചനാതീത നിലപാട്. ആര്‍എസ്എപിക്ക് നല്‍കിയ സീറ്റ് ജയസാധ്യതയില്ലാത്തിനാല്‍ അവര്‍ കോണ്‍ഗ്രസിന് തിരികെ കൊടുത്തതായിരുന്നു പുതുപ്പള്ളി. ആരും പ്രതീക്ഷിക്കാത്തിടത്താണ് അദ്ദേഹം തന്റെ സമ്മതം അറിയിച്ചത്. പിന്നീടങ്ങോട്ട് കോണ്‍ഗ്രസില്‍ എകെ ആന്റണിയുടെ പിന്നില്‍ അണിനിരന്ന എ ഗ്രൂപ്പിന് വേണ്ടി ഇറങ്ങി കളിച്ചവസരങ്ങളിലും ഒപ്പം കളത്തിലുള്ളവര്‍ക്ക് മനസില്‍ ആലോചിക്കാന്‍ പോലും കഴിയാതിരുന്ന അപ്രതീക്ഷിതവും പ്രവചനാതീതവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉമ്മന്‍ചാണ്ടിക്കേ കഴിഞ്ഞിരുന്നുള്ളൂ. ഇത്തരം നിലപാടുകള്‍ ആന്റണിയുടെ രാഷ്ട്രീയ വളര്‍ച്ചക്ക് വേഗം കൂട്ടിയപ്പോഴും ഉമ്മന്‍ചാണ്ടിയുടെ കണക്ക് കൂട്ടലുകള്‍ ഒരു പായില്‍ കിടന്നുറങ്ങിയവര്‍ക്ക് പോലും അന്യമായി നിന്നു. കാറപകടത്തില്‍ പരിക്കേറ്റ് അമേരിക്കയില്‍ ചികില്‍സക്ക് പോകുന്ന അവസരത്തില്‍ നിയമസഭാ കക്ഷി ഉപനേതാവായ തന്നോടും ഘടകക്ഷികളോടും പറയാതെ മുഖ്യമന്ത്രിയുടെ ചുമതല കെ. കരുണാകരന്‍, സിവി പദ്മരാജന് കൈമാറാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പദവി ഒഴിയുക എന്ന അപ്രതീക്ഷിതവും പ്രചവനതാതീവുമായ നിലപാട് സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കേ കഴിയുമായിരുന്നുള്ളൂ. ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടായിരുന്നതിനാല്‍ മന്ത്രി സ്ഥാനം ഒഴിയുന്നത് ഒഴിവായി എന്ന് മാത്രം.

1994 ല്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ എംഎ കുട്ടപ്പന് പകരം കോണ്‍ഗ്രസിന് ജയിപ്പിക്കാന്‍ കഴിയുന്ന രണ്ട് സീറ്റില്‍ ഒന്ന് മുസ്‌ലീംലീഗിന് നല്‍കാന്‍ കരുണാകരന്‍ സമ്മതിച്ചപ്പോഴും വെറും രണ്ട് വരി കത്ത് -- പ്രിയപ്പെട്ട മുഖ്യമന്ത്രീ. അങ്ങയുടെ മന്ത്രിസഭയില്‍ നിന്ന് ഞാന്‍ ഇതിനാല്‍ രാജിവെക്കുന്നു. മന്ത്രി എന്ന നിലയില്‍ എനിക്ക് നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി രേഖപെടുത്തുന്നു. വിശ്വസ്തതയോടെ ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡിന്റെ അനുമതിയില്ലാതെ രാജിവെച്ചത് അച്ചടക്ക ലംഘന നടപടി ക്ഷണിച്ച് വരുത്താമെന്ന ആശങ്ക സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും അത് ഉമ്മന്‍ചാണ്ടിക്കുണ്ടായില്ല. ഒടുവില്‍ കരുണാകരന്റ നേതൃമാറ്റത്തിലേക്ക് എത്തിക്കുന്നതിലേക്ക് സംഭവ വികാസങ്ങളെ കൊണ്ടെത്തിക്കുന്നതിൽ ഒരു രാഷ്ട്രീയ നേതാവും തയ്യാറാവാത്ത തരത്തില്‍ തിരശീലക്ക് മുന്നില്‍ ഉമ്മൻചാണ്ടി നിലയുറപ്പിച്ചു. ചുവടൊന്ന് പിഴച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ കേരള രാഷ്ട്രീയത്തിന്റ കാണാക്കയത്തിലേക്ക് പോകുമായിരുന്നു ആ നിലപാടുകള്‍. 'പലപ്പോഴും ഉമ്മന്‍ചാണ്ടിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ താന്‍ സ്വീകരിക്കുന്ന തീരുമാനങ്ങളുടെ പൊരുള്‍,' അക്കാലത്ത് ഉമ്മന്‍ചാണ്ടിയുടെ സഹചാരിയായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞു. 'എ ഗ്രുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ ആര്യാടന്‍ മുഹമ്മദ്ദ് ഒപ്പം ഉണ്ടായിരുന്നു എന്നത് നേരാണ്. പക്ഷേ, ഡിസക്ഷൻ ടേബിളില്‍ ഒരു ജീവിയെ കിറീമുറിക്കുന്ന കണിശതയോടെ ഒരു കാര്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടി ആയിരിക്കും. പല കാര്യവും സ്വന്തം തലയറുത്ത് തളികയില്‍ വെച്ചണ് അദ്ദേഹം ചെയ്തിരുന്നത്. അത്രയ്ക്ക് പ്രവചനാതീതം ആയിരുന്നു . അതുകൊണ്ട് തന്നെ എതിര്‍ ക്യാമ്പുകളില്‍ അതേൽപ്പിക്കുന്ന ആഘാതവും വലുതായിരുന്നു,' അദ്ദേഹം ഓര്‍ത്ത് പറഞ്ഞു.

പില്‍ക്കാലത്ത് എകെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അവിടെ തീര്‍ന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ദൗത്യവും ഭാവിയുമെന്ന് കരുതിയവരായിരുന്നു കോണ്‍ഗ്രസിലെ ഭൂരിപക്ഷവും. പക്ഷേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ആഗസ്റ്റ് 29 ന് എകെ ആന്റണി മുഖ്യമമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചപ്പോള്‍ ആ ദൗത്യവും വെല്ലുവിളിയും എറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ആന്റണിയുടെ രാജിക്ക് പിന്നില്‍ താനും ചില സഹപ്രവര്‍ത്തകരുമാണെന്ന ആരോപണം ഉയര്‍ന്നപ്പോഴും ആ പദവി ഏറ്റെടുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഏതൊരു രാഷ്ട്രീയ നേതാവും രാജിവെച്ച് ഒഴിയുന്ന സാഹചര്യം ഉരുത്തിരിഞ്ഞിട്ടും മുഖ്യമന്ത്രിയെന്ന നിലയില്‍ കാലാവധി തി്കച്ചുവെന്നത് മാത്രമല്ല, കരുണാകരന് സംഭവിച്ചതിന്റെ ആവര്‍ത്തനം ഉണ്ടാകുമെന്ന് വിധിയെഴുതിയവരെ അമ്പരപ്പിച്ച സഹപ്രവര്‍ത്തകരെയും ഘടകക്ഷികളെയും കൂടെ നിര്‍ത്താനും കഴിഞ്ഞു.

karunakaran, oomen chandy and Thennala balakrishnapillai

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കടുംവെട്ടില്‍ തന്റ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ കെ ബാബുവിനും അടൂര്‍ പ്രകാശിനും സീറ്റ് ഹൈക്കമാന്‍ഡ്, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധി നിഷേധിച്ചപ്പോള്‍, എന്നാല്‍ താനും മല്‍സരിത്തിനില്ലെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ നിന്ന് മടങ്ങാനും ഉമ്മന്‍ചാണ്ടിക്കേ സാധിക്കുമായിരുന്നുള്ളൂ. ഗാന്ധി കുടുംബത്തിന്റ കണ്ണില്‍ കരടാവുക എന്നത് ആലോചിക്കാന്‍ പോലും കഴിയാതിരുന്ന കാലത്ത് എടുത്ത ആ അപ്രതീക്ഷിത നീക്കത്തിന് മുന്നില്‍ ഹൈക്കമാന്‍ഡിന് അടിയറവ് പറയുകേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി സംഭവിച്ചപ്പോള്‍ ആരും പറയുകപോലും ചെയ്യാതിരുന്നിട്ടും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തലക്ക് കൈമാറിയതും ഒപ്പം നിന്നവര്‍ പോലും കണക്ക് കൂട്ടിയിരുന്നില്ല. നിയമസഭയില്‍ പുതിയ പ്രതിപക്ഷ നേതാവിന് ഒപ്പം അച്ചടക്കത്തോടെ മുന്‍നിരയില്‍ ഇരിക്കുന്ന ഉമ്മന്‍ചാണ്ടി അധികാര രാഷ്ട്രീയത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് അത്ഭുതം ആയിരുന്നു. അധികാരം ഉപേക്ഷിക്കുക എന്നത് ആലോചിക്കാന്‍ പോലും കഴിയാതിരിക്കുന്ന കാലത്ത് ഒരു മുറുമുറപ്പും കൂടാതെ അദ്ദേഹം ആ കസേരയില്‍ തുടര്‍ന്നു. പുതിയ പ്രതിപക്ഷ നേതാവിന് എതിരെ സ്വന്തം അണിയായ നേതാവ് പോലും പിന്നില്‍ ഇരുന്ന് പണികൊടുത്തിരുന്ന ആ കാലത്ത്, ഉമ്മന്‍ചാണ്ടി പൂര്‍ണ്ണ പിന്തുണയും സഹായവുമാണ് രമേശിന് നല്‍കിയത്. അധികാരത്തിന് വേണ്ടിയുള്ള രക്തചൊരിച്ചിലിനും തുടര്‍ന്നുള്ള അധികാര കൈമാറ്റത്തിനും ഇത് അപ്രതീക്ഷിത വിരാമം ആണിട്ടത്. ഈ മനസാണ് ഒരു പക്ഷേ കേരളത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കൈവരിക്കാന്‍ കഴിയാത്ത അസുലഭ സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. കോണ്‍ഗ്രസിന്റെ ആധുനിക ചരിത്രത്തില്‍ കെ കരുണാകരനോളം ഫാന്‍ബേസുള്ള മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടായിരുന്നിട്ടില്ല. ആ കൈകളില്‍ കടിക്കുന്നിടത്തോളം ആയിരുന്നു ആരാധകരുടെ ആരാധന. എന്നാൽ, രാഷ്ട്രീയ അതിരുകള്‍ ഭേദിച്ച അണമുറിയാത്ത ജനപ്രവാഹമാണ് ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്രക്കിടെ ദര്‍ശിച്ചത്. അധികാരം സാധാരണ ജനങ്ങള്‍ക്ക് കൂടിയുള്ളതാണെന്നും വിശ്വസിച്ച ഒരു നേതാവ് ആയിരുന്നതിനാലാവാം തന്റെ മുഖ്യമന്ത്രി കസേരയില്‍ കയറി ഇരുന്ന മാനസിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയോട് പോലും കാരുണ്യത്തോടെ പെരുമാറാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞത്. ഉമ്മൻ ചാണ്ടിയെ അടക്കിയ കോട്ടയം പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ്ജ് പള്ളിയിലെ കബറിടം ഇന്നൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയതും കേരള രാഷ്ട്രീയത്തിലെ പ്രവചനാതീത സംഭവമായി മാറി. തീര്‍ത്ഥാടന സര്‍ക്ക്യൂട്ടില്‍ ഇടം നേടിയ മറ്റൊരു ജനീകിയ നേതാവിനെ ഇനി കേരളം കാണേണ്ടിയിരിക്കുന്നു.

Oommen Chandy was elevated to the level of sainthood after his death, above the living and deceased idealists of the Congress, with his democratic spirit and practical intelligence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT