കസ്റ്റംസ് പിടിച്ചെടുത്ത ലാൻ‍ഡ് ക്രൂയിസർ, അമിത് ചക്കാലക്കൽ ഫെയ്സ്ബുക്ക്
Kerala

അമിത് 'വലിയ പുള്ളി', കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധം?; കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ആദ്യമായി പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ആര്‍സി വിലാസം വ്യാജമാണെന്ന് കണ്ടെത്തി. കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്. അതേസമയം നടന്‍ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ചക്കാലക്കലിന് കോയമ്പത്തൂരിലെ വാഹന മാഫിയയുമായി ബന്ധം ഉണ്ടോ എന്നതടക്കമാണ് അന്വേഷിക്കുന്നത്.

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ആയിരത്തോളം ആഡംബര കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 200 ഓളം വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതുവരെ കസ്റ്റംസിന് 38 വാഹനങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ സാധിച്ചത്. റെയ്ഡിന്റെ വിവരം അറിഞ്ഞ് നിരവധിപ്പേര്‍ വാഹനങ്ങള്‍ ഒളിപ്പിച്ചതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്. റെയ്ഡുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസിന്റെ തീരുമാനം. അതിനിടെയാണ് കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. രേഖകള്‍ അനുസരിച്ച് അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലുള്ളതാണ് വാഹനം. എന്നാല്‍ ആര്‍സി രേഖകളിലെ മേല്‍വിലാസം വ്യാജമാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇങ്ങനെയൊരാളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ കൈവശവും ഇങ്ങനെയൊരു വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല. ഇത്തരത്തില്‍ പല വാഹനങ്ങളും വ്യാജ രേഖ സൃഷ്ടിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

അതിനിടെ നടന്‍ അമിത്തിന്റെ ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താനും കസ്റ്റംസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി അമിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിച്ചുവരുത്തിയേക്കും. നടന്‍ അമിത് 'വലിയ പുള്ളി' എന്നാണ് കസ്റ്റംസ് വിശേഷിപ്പിക്കുന്നത്. വാഹനയിടപാടുകളിലെ മുഖ്യ ഇടനിലക്കാരില്‍ ഒരാളാണ് അമിത് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധം ഉണ്ടെന്നും സംശയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തന്റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തതെന്നും ആ വാഹനം പത്തുദിവസത്തിനകം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണെന്നുമാണ് അമിത് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ആ വാഹനത്തിന്റെ പേപ്പറുകള്‍ എല്ലാം ക്ലിയര്‍ ആണ്. അതുകൊണ്ട് ഉടന്‍ തന്നെ വാഹനം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയാണ് അമിത് ഇന്നലെ മാധ്യമങ്ങളുമായി പങ്കുവെച്ചത്. എന്നാല്‍ അമിത്തിന്റെ പേരില്‍ ഒരു ഗ്യാരേജ് ഉണ്ട്. അവിടെ മോഡിഫിക്കേഷനായി നിരവധി വാഹനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ വാഹനങ്ങളെല്ലാം അദ്ദേഹത്തിന്റെ പേരിലാണോ അതോ ബിനാമി ഇടപാടുകള്‍ ആണോ എന്നതടക്കമുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. അമിത്തിന് വാഹന ഡീലര്‍ഷിപ്പ് ഉണ്ട്. മറ്റു സിനിമാ താരങ്ങള്‍ക്ക് വാഹനങ്ങള്‍ എത്തിച്ചുനല്‍കുന്ന ഇടനിലക്കാരനാണ് അമിത് എന്നാണ് കസ്റ്റംസ് പറയുന്നത്. സ്ഥിരം യാത്ര ചെയ്യുന്ന അമിത്, പുറത്തുപോയി വാഹനങ്ങള്‍ കൊണ്ടുവരുന്ന ആളാണെന്നും കസ്റ്റംസ് പറയുന്നു.

operation numkhor: Amith Chakalakkal has close links with the vehicle mafia in Coimbatore?; Customs is preparing for further investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

SCROLL FOR NEXT