കൊച്ചി: മലയാള ഭാഷ പുരുഷ കേന്ദ്രീകൃതമെന്ന് എഴുത്തുകാരി കെ ആര്‍ മീര. മലയാള ഭാഷയില്‍ ലിംഗഭേദം പ്രകടമാണ്. അത് തിരുത്തപ്പെടണം. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ട സമയമാണിതെന്നും എഴുത്തുകാരി പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ ആണ് കെ ആര്‍ മീരയുടെ പ്രതികരണം.
പുരുഷനായ എഴുത്തുകാരന് തന്റെ കുട്ടികളെ കുറിച്ച് ആകുലപ്പെടാതെ രചനകളില്‍ മുഴുകാന്‍ സാധിക്കും. ഇത്തരം ഒരു അസമത്വം തിരിച്ചറിയേണ്ടതുണ്ട്, എങ്കില്‍ മാത്രമേ പരിഹാരം സാധ്യമാവുകയുള്ളു. സമത്വം നിലനില്‍ക്കണമെങ്കില്‍, തുല്യമായി കാര്യക്ഷമമായ ഒരു ഭാഷയും നാം കണ്ടെത്തണം. 'എഴുത്തുകാരന്‍' എന്ന വാക്ക് പോലും പ്രശ്‌നമാണ്. അത് 'എഴുതുന്ന മനുഷ്യന്‍' എന്നര്‍ത്ഥമുള്ള ഒരു പദമായി വിവര്‍ത്തനം ചെയ്യപ്പെടുന്നു. അതുപോലെ, 'വായനക്കാരന്‍' എന്നാല്‍ 'വായിക്കുന്ന മനുഷ്യന്‍' എന്നാണ് വിവര്‍ത്തനം ചെയ്യുന്നത്. എല്ലായിടത്തും ഇത്തരം വിവേചനം നിലനില്‍ക്കുന്നുണ്ട്. അത് തിരുത്തപ്പെടണം. കെ ആര്‍ മീര പറയുന്നു.
പുരുഷാധിപത്യം തകര്‍ക്കാനും പരമ്പരാഗത രീതികളെക്കുറിച്ച് സംസാരിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയമുണ്ട് അത്തരം ആശയങ്ങള്‍ ദൈനംദിന ഭാഷയിലും പ്രവേശിക്കണം. ഇന്ന്, പല പുരുഷന്മാരും അവരുടെ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. ഇപ്പോള്‍ പുരുഷ കമ്മീഷനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം വശങ്ങളും പരിഗണിക്കപ്പെടണം എന്നും കെ ആര്‍ മീര പറയുന്നു. പുരുഷ കമ്മീഷന്‍ എന്ന ആശയം പരിഗണിക്കപെടേണ്ട ഒന്ന് തന്നെയാണ്. സാമൂഹിക മാറ്റങ്ങളെക്കുറിച്ച് പുരുഷന്മാരെ ബോധവല്‍ക്കരിക്കുകയും അവയെ സ്വീകരിക്കാന്‍ പരിശീലിപ്പിക്കാനും ഇതിലൂടെ തയ്യാറാകണം. കുടുംബജീവിതത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ മനസിലാക്കാം ഇത് സഹായിക്കുമെന്നും കെ ആര്‍ മീര പറയുന്നു.
പുരുഷന്മാര്‍ കൂടുതല്‍ പീഡനം നേരിടുന്നു എന്നാണ് പുരുഷ കമ്മീഷന്‍ ആവശ്യപ്പെടുന്നവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പീഡനത്തിനും അവര്‍ ഒരിക്കല്‍ ആസ്വദിച്ചിരുന്ന പ്രത്യേകാവകാശങ്ങള്‍ നഷ്ടപ്പെടുന്നതിനും ഇടയിലുള്ള വ്യത്യാസം പുരുഷന്‍മാര്‍ക്ക് മനസ്സിലാകാത്തതിനാലാണിത്. പ്രത്യേകാവകാശങ്ങള്‍ നഷ്ടപ്പെടുന്നത് പീഡനത്തിന് തുല്യമാണെന്നാണ് ഇവരുടെ ധാരണ. മുന്‍ തലമുറകള്‍ സൃഷ്ടിച്ചതും തുല്യ അവകാശങ്ങളുള്ള മറ്റൊരു വിഭാഗം ആളുകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചതുമായ പ്രത്യേകാവകാശങ്ങളായിരുന്നു പലരും ആസ്വദിച്ചിരുന്നത്. അവ ഉപേക്ഷിക്കണം, ഇക്കാര്യത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയാണ് വേണ്ടതെന്നും കെ ആര്‍ മീര പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates