മുൻ മന്ത്രി കെ.ടി. ജലീലും ഭാര്യ ഫതുമുക്കുട്ടിയും സിപിഎമ്മിൽ അംഗത്വമെടുത്തതോടെ കേരള രാഷ്ട്രീയത്തിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. മതവിശ്വാസവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും പരസ്പരവിരുദ്ധമാണെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, കാവിൽ പോകുന്നവർക്കും ക്ഷേത്രത്തിൽ പോകുന്നവർക്കും പള്ളിയിൽ പോകുന്നവർക്കും സിപിഎമ്മിൽ അംഗത്വമെടുക്കാമെന്ന് വ്യക്തമാക്കുകയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, മുസ്ലിം ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.
മുൻ മന്ത്രിയായ കെ ടി ജലീലും അദ്ദേഹത്തിന്റെ ഭാര്യ ഫതുമുക്കുട്ടിയും സിപിഎമ്മിൽ അംഗത്വമെടുത്തത് വിവാദമായിരിക്കുകയാണല്ലോ. ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടോ?
ഒരു വിശ്വാസിക്ക് സിപിഎമ്മിൽ അംഗത്വമെടുക്കുന്നതിന് ഏതെങ്കിലും മതസംഘടനയുടെ അനുമതി ആവശ്യമായിട്ടില്ല. പാർട്ടിയുടെ ഭരണഘടനയും പ്രവർത്തനങ്ങളും അംഗീകരിക്കുന്ന ആർക്കും പാർട്ടിയിൽ അംഗത്വമെടുക്കാം.
സിപിഎമ്മിന്റെ സൈദ്ധാന്തിക അടിത്തറ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തെ അടിസ്ഥാനമാക്കിയുള്ളതാണല്ലോ. ഇത് മതവിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റുന്നുണ്ടോ?
ഒരു മതവിശ്വാസി പാർട്ടിയിൽ അംഗത്വമെടുക്കരുതെന്ന് സിപിഎമ്മിന്റെ ഭരണഘടനയിൽ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കാവിൽ പോകുന്നവർക്കും, ക്ഷേത്രത്തിൽ പോകുന്നവർക്കും, പള്ളിയിൽ പോകുന്നവർക്കും സിപിഎമ്മിൽ അംഗത്വമെടുക്കാം. ആയിരക്കണക്കിന് മതവിശ്വാസികൾ നിലവിൽ പാർട്ടി അംഗങ്ങളായി സിപിഎമ്മിൽ പ്രവർത്തിക്കുന്നുണ്ട്.
സമസ്ത നേതാവ് സത്താർ പന്തല്ലൂർ ഈ വിഷയത്തിൽ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുള്ളതായി തോന്നുന്നുണ്ടോ?
സമസ്തയുടെ പ്രസ്താവന നടത്തിയ നേതാവ്, സമസ്തയുടെ തത്വങ്ങൾ അനുസരിച്ച് മുസ്ലിം ലീഗിൽ അംഗത്വമെടുക്കാമോ എന്ന കാര്യത്തിൽ ആദ്യം ഒരു വിലയിരുത്തൽ നടത്തണം. ഇസ്‌ലാമിക വിശ്വാസപ്രകാരം പലിശ വാങ്ങുന്നത് ഹറാമാണ്. എന്നാൽ മുസ്ലിം ലീഗിലെ നിരവധി നേതാക്കൾ സഹകരണ ബാങ്കുകളുടെ തലപ്പത്തുണ്ട്. അപ്പോൾ ഇസ്‌ലാമിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിൽ പ്രവർത്തിക്കാമോ എന്ന കാര്യം സത്താർ പന്തല്ലൂർ വ്യക്തമാക്കണം.
1967-ൽ മുസ്ലിം ലീഗ് സിപിഎമ്മിന്റെ ഭാഗമായ മന്ത്രിസഭയിൽ അംഗമായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ നേതൃത്വം നൽകിയ മുന്നണികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും സ്വയം കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന ഒരു പാർട്ടിക്കൊപ്പമല്ലേ മുസ്ലിം ലീഗ് യു.ഡി.എഫിൽ പ്രവർത്തിക്കുന്നത്? അതുകൊണ്ട് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തി ഇസ്‌ലാം മതവിശ്വാസികൾ സിപിഎമ്മിലേക്ക് കടന്നുവരുന്നത് തടയാമെന്ന് ഈ മാർക്സിസ്റ്റ് വിരുദ്ധർ വ്യാമോഹിക്കേണ്ടതില്ല.
പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഇടപഴകുന്നത് സത്താർ പന്തല്ലൂർ അംഗീകരിക്കുന്നുണ്ടോ? മുസ്ലിം ലീഗ് ഇപ്പോൾ സ്ത്രീകൾക്ക് വലിയ പരിഗണന നൽകുന്നുണ്ട്. അത് സത്താർ പന്തല്ലൂർ അംഗീകരിക്കുന്നുണ്ടോ?
‘ഹരിത പതാകയുടെ തണൽ ഹർഷറിന്റെ തണൽ വരെ നയിക്കും’ എന്നാണല്ലോ ലീഗിന്റെ വാദം. ഇത് മുസ്ലിം സമുദായത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചേരുന്നതിൽ നിന്ന് തടയുന്നുണ്ടോ?
സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റ് നൽകാൻ ലീഗിലെ ഒരു നേതാവിനും കഴിയില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം, ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates