പത്തനംതിട്ട: കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷിറിലിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണ വീട് സന്ദര്‍ശിച്ചത് സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനം മാത്രമാണ്. കുറ്റത്തോട് ഒരു മൃദുസമീപനവുമില്ലെന്ന് മുഖ്യമന്ത്രി അടൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാനൂരെ സംഭവം സാധാരണ നിലയില്‍ അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. നമ്മുടെ നാട്ടില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായ നടപടികള്‍ ഇതില്‍ സ്വീകരിക്കും. അതിശക്തമായ നടപടികള്‍ ഉണ്ടാകും. രാഷ്ട്രീയമായി അതിനെ കാണേണ്ടതില്ല. തെറ്റാണ് ചെയ്തിരിക്കുന്നത്. ആ തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വികസന പ്രവര്‍ത്തനങ്ങളെയാകെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചനയാണ് കേരളത്തില്‍ നടക്കുന്നത്. ആ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രതിപക്ഷം അണിനിരന്നിട്ടുള്ളത്. കേരളത്തിലേക്ക് ഇഡിയേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും എത്തിക്കാനുള്ള ഏജന്‍സി പണി ചെയ്യുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് മതിയാക്കണം.
അരവിന്ദ് കെജരിവാളിന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. കെജരിവാളിനെതിരെ ആദ്യം പരാതി ഉന്നയിച്ചത് കോണ്‍ഗ്രസാണ്. അവസാനം കെജരിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ രാജ്യമാകെ പ്രതിഷേധം അലയടിച്ചു. പ്രതിഷേധ റാലിയില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാനേതൃത്വം ആകെ പങ്കെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയാനുള്ള ആര്‍ജവവും, അതിനുശേഷവും പഴയ നിലപാട് മാറ്റാനും കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസും പ്രതിപക്ഷവും പുലര്‍ത്തുന്നത്. കേന്ദ്ര ഏജന്‍സികളെ വലിയ തോതില്‍ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ലോകത്ത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ശ്രമം നടത്തിവരാറുണ്ട്. ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കാലത്താണ് അത് പ്രകടമായത്. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരും അതേ ശക്തിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ബിബിസി ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് ആദായനികുതി വകുപ്പിന്റെ വേട്ടയാടലിനെ ത്തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുസരണയോടെ മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് ബിജെപിക്ക് ആവശ്യം. അല്ലാത്തവയെ ഭീഷണിപ്പെടുത്തിയും വരുതിയിലാകുന്നില്ലെങ്കില്‍ അവയെ ഇല്ലാതാക്കുകയെന്നതാണ് ഇത്തരം ഭരണകൂടങ്ങളുടെ പൊതുവായ നയം. ബിബിസി വിഷയത്തിലും അതാണ് കണ്ടതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates