കോട്ടയം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചെന്നുംപുതിയ കമ്മീഷണറെ എല്‍ഡിഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെന്നും നിയമന ഉത്തരവിനയച്ച ഫയല്‍ ഗവര്‍ണര്‍ മാറ്റിവച്ചെന്നും പിണറായി പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഹൈക്കോടതിയുടെ സമ്മതപത്രം ആവശ്യപ്പെട്ടെന്നും അത് നല്‍കിയിട്ടും നിയമനം നടത്തിയില്ല. ഇപ്പോള്‍ പുതിയ പേര് യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നുവെന്നും ഇത് അട്ടിമറിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ആര്‍എസ്എസ്, സംഘ്പരിവാര്‍ താല്‍പര്യങ്ങളെ ഗവര്‍ണര്‍ താലോലിച്ചുകൊണ്ടുപോകുമ്പോള്‍ അതിനെതിരായി നേരിയ ശബ്ദം പോലും ഉയര്‍ത്താന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. ഗവര്‍ണര്‍ നിര്‍ബന്ധിച്ചതിനാലാണെന്നാണ് കാരണമായി അവര്‍ പറയുന്നതെന്നും ജനവിധിയുടെ പേരില്‍ നിഗൂഢമായ അജണ്ടകള്‍ നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
'യുഡിഎഫ് എങ്ങനെയാണ് അധികാരത്തിലേറിയതെന്ന് എല്ലാവരുമൊന്ന് കാണണം. മതനിരപേക്ഷതക്ക് വിട്ടുവീഴ്ച കാണിക്കാത്ത നാടായിരുന്നില്ലേ ഇത്. അവിടെയാണ് എല്ലാവരും എതിര്‍ക്കുന്ന വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ചൊല്ലിയത്. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം? ആര്‍എസ്എസ് നയം സ്വീകരിച്ചതിനാലല്ലേ ഇങ്ങനെ സംഭവിച്ചത്. എല്ലാത്തിനും ഗവര്‍ണര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് അവര്‍ കാരണമായി പറയുന്നത്. ഇതെങ്ങനെ വിശ്വസനീയമായ ന്യായമാകും?' പിണറായി ചോദിച്ചു.
'മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി ആര്‍എസ്എസുകാരനെയാണ് ഇവര്‍ നിയമിച്ചിരിക്കുന്നത്. ആര്‍എസ്എസ്, സംഘ്പരിവാര്‍ താല്‍പര്യങ്ങളെ ഗവര്‍ണര്‍ താലോലിച്ചുകൊണ്ടുപോകുന്നു. എന്തുകൊണ്ടാണ് അതിനെതിരെ നേരിയ ശബ്ദം പോലും സര്‍ക്കാര്‍ ഉയര്‍ത്താത്തത്? അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരാണ് എല്ലാത്തിനും കാരണമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതെങ്ങനെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാരണമാകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങള്‍ക്ക് ഇതിനോടൊന്നും യോജിപ്പില്ലെന്ന് പറയാന്‍ പോലും എന്തെ സര്‍ക്കാരിന് കഴിയാത്തത്? അങ്ങനെ ആര്‍എസ്എസ് നയങ്ങളോട് എതിരായി ഒന്നും പറയാതെ, മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ റോജി എം ജോണ്‍ ശ്രമിക്കുന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമല്ലേ'. പിണറായി പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates