pinarayi vijayan file
Kerala

'കേന്ദ്രത്തിന് അമേരിക്കന്‍ വിധേയത്വം; കോൺ​ഗ്രസും ആ വഴി തന്നെ'

വെനസ്വേല വിഷയത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിൽ കേന്ദ്ര സർക്കാരിനേയും കോൺ​ഗ്രസിനേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. അമേരിക്കയുടേത് നികൃഷ്മായ കൈയേറ്റമാണെന്നും ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ലോകത്ത് അസാധാരണ സംഭവങ്ങള്‍ ഉണ്ടാവുകയാണ്. വെനസ്വേലയുടെ പരമാധികാരത്തില്‍ കടന്നുകയറ്റം നടത്തി ആ രാഷ്ട്രത്തിന്‍റെ തലവനെ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം ബന്ദിയാക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനും ജനങ്ങളെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിക്കാനും അമേരിക്ക തയ്യാറാവുന്നു. ഈ നികൃഷ്ടമായ കടന്നുകയറ്റത്തിനും ഹൃദയശൂന്യതയ്ക്കും എതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരേണ്ടതുണ്ട്.

അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് ആകെ നടത്തുന്ന സൈനിക കടന്നു കയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണ്. വിയറ്റ്നാം മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ ലിബിയവരെയും ലാറ്റിന്‍ അമേരിക്ക ആകെയും ആ രക്തം ചിതറി കിടക്കുന്നു. തങ്ങളുടെ സാമ്പത്തികരാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. അധിനിവേശ താല്‍പര്യങ്ങള്‍ക്കായി ആണവായുധങ്ങളും രാസായുധങ്ങളും വരെ പ്രയോഗിച്ചു. ആ ക്രൂരത ജപ്പാനിലെയും വിയറ്റ്നാമിലെയും വരും തലമുറകളെ പോലുംവേട്ടയാടുന്നതാണ്. ഇറാക്കിലും സിറിയയിലും അമേരിക്ക വിതച്ച വിനാശങ്ങള്‍ ആ രാജ്യങ്ങളെ ദശാബ്ദങ്ങള്‍ പിന്നോട്ട് അടിപ്പിച്ചു. അത് പശ്ചിമേഷ്യയില്‍ ആകെ അസ്ഥിരത പടര്‍ത്തി. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭരണമാറ്റം അടിച്ചേല്‍പ്പിക്കാന്‍ രാഷ്ട്രങ്ങള്‍ക്കുമേല്‍ അമേരിക്ക ക്രൂരമായ ആക്രമണം നടത്തുന്നതിന് മടിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വെനസ്വേലയില്‍ കണ്ടത് അതുതന്നെയാണ്.

ഇന്ന് വെനസ്വേലയില്‍ സംഭവിച്ചത് നാളെ ലോകത്തെ മറ്റ് ഏതൊരു രാജ്യത്തും സംഭവിക്കാം. ഇത് നമ്മളെ ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണ്. പഹല്‍ഗാമില്‍ പാകിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നില്‍ക്കാനും ഇന്ത്യ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകത്തിന്‍റെ ഐക്യദാര്‍ഢ്യം ഉറപ്പാക്കാനാണ് പ്രത്യേക പ്രതിനിധി സംഘങ്ങളെ ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയച്ചത്. അന്ന് നാം ആഗ്രഹിച്ച അതേ രാജ്യാന്തര പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയിലെ ജനങ്ങള്‍ക്കും അവകാശമുണ്ട്.

മനുഷ്യ മനഃസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്വ നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം നിസാരവത്ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനും ഉള്ള ത്വരയാണ് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച വിദേശ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ അമേരിക്കയുടെ പേര് പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഓരോ ദിവസവും ഇന്ത്യയെയും നമ്മുടെ പരമാധികാരത്തെയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെതിരെ ഒന്ന് പ്രതിഷേധിക്കാന്‍ പോലും കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല.

രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും അതേ വഴിയിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ വീണ്ടും വീണ്ടും ഉയര്‍ത്തുമെന്ന് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തുമ്പോഴും, അതേ ട്രംപിന്‍റെ പേരില്‍ ഒരു റോഡ് തന്നെ ഉണ്ടാക്കാന്‍ മത്സരബുദ്ധി കാണിക്കുന്ന തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നാം കണ്ടു.

ഇതില്‍ ആരും അത്ഭുതപ്പെടുന്നില്ല. അമേരിക്കയുടെ ഫണ്ടിങ്ങോടെ സി ഐ എ ആസൂത്രണംചെയ്ത വിമോചന സമരം എന്ന അട്ടിമറി സമരം നടത്തിയവര്‍ക്ക് അതേ ചെയ്യാനാവൂ.

അന്ന് സി ഐ എയില്‍ നിന്ന് ഫണ്ട് വാങ്ങിയവരില്‍ പ്രമുഖ മാധ്യമങ്ങളും ഉണ്ടായിരുന്നു. അവയുടെ പ്രേതങ്ങളും ഇന്ന് നമ്മുടെ നാട്ടിലെ മാധ്യമ രംഗം നിയന്ത്രിക്കുന്നുണ്ട്. അത്തരം മാധ്യമങ്ങളും വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് മധുരം പുരട്ടാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അത് ഒരു രാഷ്ട്രത്തിന്‍റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമോ മനുഷ്യത്വത്തിനെതിരായ ക്രൂരതയോ അല്ല.

എന്നാല്‍ ഈ നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കും ആശങ്കയും പ്രതിഷേധവും തോന്നേണ്ട ഒന്നാണ് പ്രസിഡന്റ് മഡ്യൂറോയെയും പത്നിയെയും തട്ടിക്കൊണ്ടു പോവുകയും വെനസ്വേലയെ കടന്നാക്രമിക്കുകയും ചെയ്ത അമേരിക്കന്‍ നടപടി- മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi vijayan: American imperialism has encroached on Venezuela's sovereignty and taken the very head of that nation hostage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

പ്രണയം വിവാഹത്തിലെത്തും, ഭാഗ്യാനുഭവങ്ങള്‍...

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT