കൊച്ചി: അന്തരിച്ച സിപിഎം ജില്ലാ സെക്രട്ടറി എവി റസലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കാകെ സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു റസല്‍. അദ്ദേഹത്തിന്‍റെ വിയോഗം പാര്‍ട്ടിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നതാണെന്ന് പിണറായി വിജയന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു റസല്‍. അതിന്റെ ഭാഗമായി ചെന്നൈയിലെ ഹോട്ടലില്‍ തുടരുകയായിരുന്നു. ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയി തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശക്തമായ ഹൃദയാഘാതം ഉണ്ടായി. ജീവന്‍ രക്ഷപ്പെടുത്താനായില്ലെന്ന് പിണറായി പറഞ്ഞു.
കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമായിരുന്നു റസല്‍ നിര്‍വഹിച്ചത്. ജനങ്ങള്‍ക്കാകെ സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയുടെ നല്ലൊരു വാഗ്ദാനവുമായിരുന്നു റസല്‍. അദ്ദേഹത്തിന്റെ സംഘടനാ മികവ് കോട്ടയത്തെ പാര്‍ട്ടിയെ നല്ല നിലയില്‍ വളര്‍ത്തുകയായിരുന്നു. ആഘട്ടത്തെ വിയോഗം പാര്‍ട്ടിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് പിണറായി പറഞ്ഞു.
തീക്ഷ്ണമായ സമരപോരാട്ടങ്ങള്‍ നയിച്ച ജനകീയ നേതാവിനെയാണ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ് റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
കൊല്ലം എസ്എന്‍ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായും തുടര്‍ന്ന് യുവജന പ്രവര്‍ത്തകനായും പൊതുരംഗത്തേയ്ക്ക് കടന്നുവന്ന റസല്‍ അതിതീക്ഷ്ണ പോരാട്ടങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. കൂത്തുപറമ്പിലും മുത്തങ്ങയിലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ നരവേട്ടയ്‌ക്കെതിരെ അതിശക്ത സമരങ്ങള്‍ നയിച്ച റസല്‍ ക്രൂരമായ പൊലീസ് മര്‍ദനത്തിനും ഇരയായി. കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ചിട്ടും റസല്‍ നിസ്വാര്‍ഥരായ മനുഷ്യര്‍ക്കായുള്ള പോരാട്ടം തുടര്‍ന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തില്‍ നടത്തിയ അത്യുജ്ജ്വല ഇടപെടലുകള്‍ നാട് മറക്കില്ല. ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും സംഘപരിവാറുകാര്‍ ചുട്ടുകൊന്നപ്പോള്‍ യുവജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനും നേതൃത്വം നല്‍കി.
യുവജന സമരമുഖത്തെ അനുഭവങ്ങളുമായി പൊതുപ്രസ്ഥാനത്തിന്റെ ഭാഗമായ റസല്‍ കോട്ടയത്ത് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയാകെയും സുശക്തമായി നയിച്ചുവരികയായിരുന്നു. സിഐടിയു പ്രവര്‍ത്തകനും നേതാവുമായി തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിലും റസല്‍ നിറഞ്ഞു നിന്നിരുന്നു.സംഘടിതരും അസംഘടിതരുമായ മനുഷ്യരെ ചേര്‍ത്ത് അവരുടെ അവകാശപോരാട്ടങ്ങളുടെ നേതൃത്വമായി മാറിയ സഖാവിന്റെ ആകസ്മിക വിയോഗം അതീവ ദുഃഖകരവും വേദനിപ്പിക്കുന്നതുമാണ്. അര്‍ബുദരോഗത്തെ ചെറുത്തും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കവെയാണ് അപ്രതീക്ഷിതമായി മരണം കടന്നുവന്നതെന്ന് എംവി ഗോവിന്ദന്‍ അനുസ്മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates