വിഎസ് അച്യുതാനന്ദന്‍ -പിണറായി വിജയന്‍  
Kerala

'ഒരു കാലഘട്ടത്തിന്റെ അസ്തമയം; പാര്‍ട്ടി വിഎസിനെയും വിഎസ് പാര്‍ട്ടിയെയും വളര്‍ത്തി'

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തനതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി എസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധത്തില്‍ കലര്‍ന്നുനില്‍ക്കുന്നു. കേരള സര്‍ക്കാരിനെയും സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളില്‍ നയിച്ച വിഎസിന്റെ സംഭാവനകള്‍ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.

ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാര്‍ട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാര്‍ട്ടിക്കു നികത്താനാവൂ. ദീര്‍ഘകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഒരുപാട് സ്മരണകള്‍ മനസ്സില്‍ ഇരമ്പുന്ന ഘട്ടമാണിത്.

അസാമാന്യമായ ഊര്‍ജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് വി എസ് അച്യുതാനന്ദന്റെ ജീവിതം. തൊഴിലാളി - കര്‍ഷകമുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളര്‍ന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ പടവുകളിലൂടെയാണ്.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിര്‍ത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചുപോയത്.

കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി എസ് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പുന്നപ്ര-വയലാറുമായി പര്യായപ്പെട്ടു നില്‍ക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ജീവിതപശ്ചാത്തലങ്ങള്‍ കടന്നാണ് വളര്‍ന്നുവന്നത്.

ഒരു തൊഴിലാളി എന്ന നിലയില്‍ നിന്ന് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്കു വി എസ് വളരെ വേഗമുയര്‍ന്നു. പാര്‍ട്ടി വിഎസിനെയും വിഎസ് പാര്‍ട്ടിയെയും വളര്‍ത്തി. 1940 ല്‍, 17 വയസ്സുള്ളപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം അതിദീര്‍ഘമായ 85 വര്‍ഷമാണ് പാര്‍ട്ടി അംഗമായി തുടര്‍ന്നത്. കുട്ടനാട്ടിലേക്കുപോയ വി എസ് കര്‍ഷകത്തൊഴിലാളികള്‍ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളില്‍ നടന്നുചെന്ന് കര്‍ഷകത്തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കുകയും, അവരെ സംഘടിതശക്തിയായി വളര്‍ത്തുകയും ചെയ്തു. ഭൂപ്രമാണിമാരെയും പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു അത്.

'തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍' എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ 'കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍' ആയി വളര്‍ന്നതിലും വി എസ് വഹിച്ചത് പകരം വെക്കാനില്ലാത്ത പങ്കാണ്. വി എസ്സിന്റെ നേതൃത്വത്തില്‍ നടന്ന എണ്ണമറ്റ സമരങ്ങള്‍ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും, ചാപ്പ സമ്പ്രദായം നിര്‍ത്തലാക്കുന്നതിനും, ജോലി സ്ഥിരതയ്ക്കും, മിച്ചഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടി നടന്ന സമരങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പാടത്തെ വരമ്പുകളിലൂടെ കിലോമീറ്ററുകളോളം നടന്ന്, തൊഴിലാളികളുടെ കുടിലുകളില്‍ കയറിയിറങ്ങി, അവരില്‍ ആത്മവിശ്വാസവും സംഘബോധവും നിറയ്ക്കാന്‍ അദ്ദേഹം നടത്തിയ പ്രയത്നങ്ങള്‍ അവരെയാകെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു.

1948 ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായി. 1952 ല്‍ പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന പ്രക്ഷോഭങ്ങളില്‍ സജീവമായി.1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959 ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. മിച്ചഭൂമി സമരമടക്കം എത്രയോ ധീരസമരങ്ങള്‍ക്കു നേതൃത്വം നല്‍കി വി എസ്.

വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വര്‍ഷത്തിലേറെ തടവുജീവിതം അനുഭവിച്ചു. 1964 മുതല്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗമാണ്. 1985 ല്‍ പോളിറ്റ്ബ്യൂറോ അംഗമായി. 1980 മുതല്‍ 92 വരെ സി പി എം സംസ്ഥാന സെക്രട്ടറിയായും, 1996 മുതല്‍ 2000 വരെ എല്‍ ഡി എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. 2015 ല്‍ കൊല്‍ക്കത്തയില്‍ നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പ്രായാധിക്യത്തെ തുടര്‍ന്ന് ഒഴിവായി. പിന്നീട് കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രി. 2011 മുതല്‍ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ തുടര്‍ന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം സ്വന്തമായ മുദ്രകള്‍ ചാര്‍ത്തിയ നേതാവാണ് അദ്ദേഹം.

കര്‍ഷകത്തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയും ജീവിതദൈന്യം നേരിട്ടറിഞ്ഞിട്ടുള്ള വി എസ്, തന്റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി. ചൂഷിതരുടെ വിമോചനത്തിനായി നിലകൊണ്ട സഖാവ്, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആ ദാര്‍ഢ്യത്തോടെ മുന്നോട്ടുനയിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ റിവിഷനിസത്തിനെതിരെയും പിന്നീടൊരു ഘട്ടത്തില്‍ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാര്‍ട്ടിയെ ശരിയായ നയത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.

കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളില്‍ വി എസ് വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാര്‍ട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി എസ് ഉയര്‍ന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്കു സാമൂഹിക പ്രാധാന്യമുള്ള ഇതര കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതില്‍ വലിയ പങ്കാണു വി എസ് വഹിച്ചത്.

നിയമസഭാ സമാജികന്‍ എന്ന നിലയിലും അനന്യമായ സംഭാവനകളാണ് സ. വി എസ് നല്‍കിയത്. 1967, 70 എന്നീ വര്‍ഷങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്നും, 1991 ല്‍ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതല്‍ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായി. 2016 മുതല്‍ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍, പാര്‍ട്ടിയും മുന്നണിയും ആവിഷ്‌ക്കരിച്ച നയങ്ങള്‍ നടപ്പാക്കിക്കൊണ്ട് കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിസന്ധികളില്‍ ഉലയാതെ സര്‍ക്കാരിനെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിരവധി ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചു. നിയമനിര്‍മ്മാണ കാര്യങ്ങളിലും തന്റേതായ സംഭാവനകള്‍ നല്‍കി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തനതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി എസ്.

സഖാവ് വി എസിന്റെ നിര്യാണം പാര്‍ട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Kerala Chief Minister Pinarayi Vijayan remembers VS Achuthanandan, his Legacy of Revolutionary Leadership and also said that his life was intertwined with Kerala's modern history, and he was known for his unwavering commitment to the people's causes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT