തിരുവനന്തപുരം: തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ ഒരു തരത്തിലും സംരക്ഷിക്കാന്‍ തയ്യാറാവില്ല. കഴിഞ്ഞ 9 വര്‍ഷമായി ആകെ 144 പൊലീസുകാരെയാണ് വിവിധ നടപടികളുടെ ഭാഗമായി പൊലീസില്‍ നിന്നും പിരിച്ചുവിട്ടത്. രാജ്യത്ത് എവിടെയെങ്കിലും ഇത്രയും കര്‍ക്കശമായ നടപടി സ്വീകരിച്ച സര്‍ക്കാരിനെ കാണാന്‍ കഴിയുമോ. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ പൊലീസാണ് കേരളത്തിലേത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി പൊലീസിനെ മറ്റു രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും, കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഞാന്‍ ചെറുപ്പം മുതലേ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയിലായിരുന്നില്ല. ജവാഹര്‍ ലാല്‍ നെഹ്‌റു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്നു രാജ്യമാകെ. അവിടെയുള്ള പൊലീസിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ പൊലീസും പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് കോളനിവാഴ്ച കാലത്തെ പൊലീസിന്റെ തുടര്‍ച്ചയാണ് പിന്നീട് ഇവിടെയുണ്ടായത്. ബ്രിട്ടീഷുകാര്‍ ഒരുക്കിയ പൊലീസ് സംവിധാനം ജനങ്ങള്‍ക്കെതിരെയുള്ളതായിരുന്നു. ജനങ്ങളെ എല്ലാരീതിയിലും മര്‍ദ്ദിച്ച് ഒതുക്കാനുള്ള സംവിധാനമായിരുന്നു. അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യസമരകാലത്ത് സമരത്തിനിറങ്ങിയവരെ മര്‍ദ്ദിച്ചൊതുക്കിയത്. രാജ്യത്ത് ഉയര്‍ന്നു വന്നിട്ടുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. സ്വാതന്ത്ര്യം നേടിയശേഷവും ഇതേ നിലയാണ് തുടര്‍ന്നു വന്നത്.
1947 നു ശേഷം ഏറ്റവും കൂടുതല്‍ മര്‍ദ്ദനത്തിന് ഇരയായത് കമ്യൂണിസ്റ്റുകാരായിരുന്നു. അത് സ്റ്റാലിനെ അനുകരിച്ചതു കൊണ്ടാണോ എന്നറിയില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് അന്ന് കാര്യങ്ങള്‍ നടന്നിരുന്നത്. ഏതെല്ലാം തരത്തിലുള്ള ക്രൂരതകളാണ് അരങ്ങേറിയതെന്ന് എല്ലാവര്‍ക്കും അറിയാം. കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നതെന്നത് ചരിത്ര വസ്തുതകളാണ്. ഒരുഘട്ടത്തില്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ കുറുവടിപ്പടയ്ക്ക് രൂപം കൊടുത്തു. ആ കുറുവടിപ്പടയും പൊലീസും ചേര്‍ന്നായിരുന്നു കമ്യൂണിസ്റ്റുകാരെ തിരക്കി പോയിരുന്നത്. കുറുവടിപ്പട വീടുകള്‍ക്ക് അകത്തു കയറി കൊള്ളയടിക്കുമായിരുന്നു. അന്ന് കമ്യൂണിസ്റ്റുകാരെ പിടികൂടിയാല്‍, പാര്‍ട്ടിയിലേക്ക് ആരും വരാതിരിക്കാന്‍ ഭയപ്പെടുത്തുക ലക്ഷ്യമിട്ട് വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം വരെ തല്ലിക്കൊണ്ടാണ് പോയിരുന്നത്. ലോക്കപ്പിന് അകത്തിട്ട് ആളുകളെ ഇടിച്ചു കൊല്ലുമായിരുന്നില്ലേ. ഇങ്ങനെ അതിക്രമം കാണിച്ചവര്‍ക്കെതിരെ എന്തൊക്കെ നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തില്‍ പ്രകടനങ്ങള്‍ പോലും നടത്താന്‍ പറ്റാത്ത കാലമുണ്ടായിരുന്നു. 1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് അന്നുവരെ രാജ്യത്ത് നടപ്പാക്കി വന്ന പൊലീസ് നയത്തില്‍ സാരമായ മാറ്റം വരുത്തിയത്. രണ്ടു വര്‍ഷത്തിന് ശേഷം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടശേഷം പൊലീസ് പഴയ നിലയിലേക്ക് പോയില്ലേ. ലോക്കപ്പ് ഇടിമുറികളാക്കി മാറ്റിയില്ലേ. സമീപനത്തിന്റെ കാര്യത്തിലാണ് കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടേയും വ്യത്യാസം കാണേണ്ടത്. പൊലീസ് എന്നത് വലിയ സേനയാണ്. ആ വലിയ സേനയില്‍ ഏതെങ്കിലും ചില ആളുകള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍, ആ തെറ്റായ കാര്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. പക്ഷെ കോണ്‍ഗ്രസ് ഒരുഘട്ടത്തിലും അതല്ല സ്വീകരിച്ചത്. ഒരംഗം വിഎസിനെ സഭയില്‍ ഉദ്ധരിച്ചു കണ്ടു. വി എസ് അന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ, യുഡിഎഫിന്റെ കാലമടക്കം, നിങ്ങള്‍ സ്വീകരിച്ച നയമാണ് വിഎസിന് പറയേണ്ടി വന്നത്.
കോണ്‍ഗ്രസ് സ്വന്തം താല്‍പ്പര്യസംരക്ഷണത്തിന് വേണ്ടി പൊലീസിനെയും പൊലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയായിരുന്നു. അവരെ പല തരത്തിലും ഉപയോഗിച്ചു. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായ നിയമം കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷവും കോണ്‍ഗ്രസ് പഴയ നിലയാണ് കൈക്കൊണ്ടത്. എന്നാല്‍ 2016 മുതല്‍ അതില്‍ മാറ്റം വരുത്തി. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടിയെന്നതാണ്. അത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. പൊലീസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന വിഭാഗമാക്കി മാറ്റിയത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ന് ലക്ഷ്യം വെച്ചത് കമ്യൂണിസ്റ്റുകാരെയായിരുന്നു. ബോംബ് സംസ്‌കാരം ആദ്യം കൊണ്ടു വന്നതും ഈ വഴിയിലൂടെയാണ്. അന്ന് അത്തരം ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുകയായിരുന്നു പൊലീസ് ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെയെല്ലാം കോടതി മോചിപ്പിച്ച വാര്‍ത്ത വന്നത് അടുത്തിടെയാണ്. നമ്മെയെല്ലാം വേദനിപ്പിച്ച സംഭവമാണത്. നമ്മുടെ സംസ്ഥാനത്ത് അത്തരത്തില്‍ എത്രയെത്ര സംഭവങ്ങളാണ് നടന്നത്. അത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ആ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അങ്ങനെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിനില്ല. അത്തരത്തില്‍ അതിക്രമം എവിടെയെങ്കിലുമുണ്ടായാല്‍ കര്‍ക്കശമായ നടപടി എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. നിപ, കാലവര്‍ഷക്കെടുതി, കോവിഡ് മഹാമാരി, പ്രളയം തുടങ്ങിയവയുണ്ടായപ്പോള്‍ വളരെ വ്യത്യസ്തമായ പൊലീസിനെയാണ് നമുക്ക് കാണാനായത്. പുതിയ മാറ്റം ഉള്‍ക്കാള്ളാനാകാതെ, പൊലീസില്‍ ഇപ്പോഴും പഴയ ഹാങ് ഓവറില്‍ നില്‍ക്കുന്നവരുണ്ടാകും. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. മുഖ്യമന്ത്രി പറഞ്ഞു.
2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ 108 പൊലീസുകാരെയാണ് സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്. ഇങ്ങനെ ഏതെങ്കിലും ഒരാളെ പിരിച്ചുവിട്ടു എന്ന് കോണ്‍ഗ്രസിന് പറയാന്‍ കഴിയുമോ. 2024 ഒക്ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ 36 പൊലീസുകാരെ പിരിച്ചു വിട്ടു. കഴിഞ്ഞ 9 വര്‍ഷമായി ആകെ 144 പൊലീസുകാരെയാണ് വിവിധ നടപടികളുടെ ഭാഗമായി പൊലീസില്‍ നിന്നും പിരിച്ചുവിട്ടത്. 2016 മുതല്‍ സമഗ്രമായ ഇടപെടലാണ് പൊലീസ് സേനയില്‍ നടത്തുന്നത്. അതുകൊണ്ടാണ് ഏറ്റവും മികച്ച കുറ്റാന്വേഷണ സംവിധാനമായി കേരള പൊലീസ് മാറിയത്. എത്രയെത്ര അംഗീകാരങ്ങളാണ് കേരള പൊലീസിന് ലഭിച്ചത്. ഏതെങ്കിലും ഒരു സംഭവം എടുത്തുകാട്ടി കേരള പൊലീസ് ആകെ മോശമായി എന്നു ചിത്രീകരിക്കാന്‍ പാടില്ല. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ് പൊലീസാണ് കേരളത്തിലേത്. അതിനര്‍ത്ഥം അഴിമതി തീരെയില്ലാതായി എന്നല്ല. ഒരാള്‍ എന്തെങ്കിലും അഴിമതി കാണിച്ചാല്‍ കേരള പൊലീസ് ആകെ മോശമായി എന്നു പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates