തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിടാൻ വഖഫ് നിയമപ്രകാരം സംസ്ഥാന സർക്കാരിന് യാതൊരു നിയമപരമായ അധികാരവുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ, കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. എന്നാൽ അത്തരം ജനാധിപത്യ മര്യാദ കാട്ടാൻ യുഡിഎഫ് തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു.
പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം ചില പ്രത്യേക വിഭാഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. സുപ്രീം കോടതിയിലെ കേസ് പൂർത്തിയായ ശേഷം അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന മുൻ സർക്കാരിന്റെ നിലപാടല്ല യു.ഡി.എഫ്. സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് പുതിയ സർക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങൾ.
അമുസ്ലിങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാർ തുടക്കത്തിൽ സ്വീകരിച്ചത്. എന്നാൽ ഈ സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് നിലപാടിൽ മാറ്റം വരുത്താൻ അവർ നിർബന്ധിതരായത്. അമുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് പുതിയ ചെയർമാൻ നടത്തുന്ന പ്രസ്താവനകൾ അതീവ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല. 2016 ൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ, ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ല.
പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉൾപ്പെടുത്താനായി പുനസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയിൽ വന്നത്. സുപ്രീം കോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുൻ സർക്കാർ നിലപാടല്ല യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നടപടികൾ. അമുസ്ലിങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാർ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അവർ അത് മയപ്പെടുത്താൻ തയ്യാറായത്. അമുസ്ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയർമാൻ നടത്തുന്ന പരാമർശങ്ങളും അതീവ ഗൗരവമുള്ളതാണ്.
ഹൈക്കോടതി വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് നിർദ്ദേശിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്തത് വഖഫ് ബോർഡ് കാലാവധിക്കു മുൻപേ നിയമവിരുദ്ധമായി പാടെ പിരിച്ച് വിടുകയാണ്. ഹൈക്കോടതി പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദുചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates