തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് വിശ്വസ്തര്‍ പുറത്ത്. മുന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്തനുമായിരുന്ന സിഎം രവീന്ദ്രനും പ്രസ് സെക്രട്ടറിയായിരുന്ന പിഎം മനോജുമാണ് പുറത്തായത്. പിഎം മനോജിനെ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായി നിയമിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിഎം രവീന്ദ്രനെ ഇനി പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരിക്കെ ഉയര്‍ന്ന ആരോപണങ്ങളാണ് പിഎം മനോജിന് തിരിച്ചടിയായത്. പിണറായി വിജയനെ മാധ്യമങ്ങളുമായി അടുപ്പിക്കാന്‍ ചുമതലപ്പെട്ട പിഎം മനോജ് തന്റെ ദൗത്യം ശരിയായി നിര്‍വഹിച്ചില്ലെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായി പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയാകും. കണ്ണൂര്‍ സ്വദേശിയായ മനോഹരന്‍ മോറായി ദേശാഭിമാനിയില്‍ നിന്ന് വിരമിച്ച ശേഷം സര്‍ക്കാരിന്റെ പ്രചാരണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
സിഎം രവീന്ദ്രനെ ഇനി സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ എത്തിയിരുന്നു. ഇതോടെയാണ് രവീന്ദ്രനെ പിണറായി കൈയൊഴിഞ്ഞത്. പഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിഎം രവീന്ദ്രന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ തലപ്പത്തേക്ക് എത്തുമെന്നും വിവരമുണ്ട്.
60 വയസ് എത്തിയ മനോജിന് നാളെ ദേശാഭിമാനി ഔദ്യോഗിക യാത്രയയപ്പ് നല്‍കും. വിരമിക്കല്‍ പ്രായം കഴിഞ്ഞെങ്കിലും ദേശാഭിമാനിയില്‍ തുടരാന്‍ പിഎം മനോജ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്ക് പോകുമ്പോള്‍ റസിഡന്റ് എഡിറ്ററായിരുന്നു മനോജ്. ഇപ്പോള്‍ സിപിഎം സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജാണ് റസിഡന്റ് എഡിറ്റര്‍ സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates