

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറി. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെപി നൗഷാദ് അലിയും ഉണ്ടായിരുന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍പാതയാണ് ഇ ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് നിര്‍മാണചെലവ്.
പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ ശ്രീധരന്‍ നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി വിജ്ഞാപനം വിഡി സതീശന്‍ സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍, അതിവേഗ റെയില്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് അനുകൂല പ്രതികരണം ലഭിക്കുകയാണെങ്കില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി ചേര്‍ന്ന് തുടര്‍ന്നുള്ള നടപടികളിലേക്ക് അദ്ദേഹം കടക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates