തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം ഉയരുന്നതിനിടെ, സംസ്ഥാനത്തെ ജനങ്ങള്‍ വീണ്ടും പോളിങ് ബൂത്തില്‍ പോകാനൊരുങ്ങുകയാണ്. കോവിഡാണ്, സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലിച്ച ചട്ടങ്ങളൊക്കെ ഇത്തവണയും ബൂത്തിനു പുറത്തും അകത്തുമുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ബൂത്തിന്റെ കവാടത്തില്‍ ഫെസിലിറ്റേറ്റര്‍ എന്ന പേരില്‍ ഒരു ജീവനക്കാരന്‍ അധികമായുണ്ടാകും.
തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് വോട്ടറുടെ ശരീരോഷ്മാവ് പരിശോധിക്കുക, സാനിറ്റൈസര്‍ നല്‍കുക തുടങ്ങിയവയാണ് ജോലി. കൂടാതെ, കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാന്‍ ഓരോ കേന്ദ്രത്തിലും ഒരാളും ഇത്തവണയുണ്ട്. ഒരു ബൂത്തില്‍ പരമാവധി ആയിരത്തോളം വോട്ടര്‍മാരാകും ഉണ്ടാകുക. വോട്ടിങ് സമയം നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ രാവിലെ ഏഴുമുതല്‍ ആറുവരെയും, മറ്റിടങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയുമാണ്.
വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബൂത്തിലേക്ക് തിരിക്കുമ്പോള്‍ വോട്ടര്‍ മാസ്‌കും തിരിച്ചറിയല്‍ കാര്‍ഡും മറക്കരുത്. മാസ്‌ക് ശരിയായ രീതിയില്‍ തന്നെ ധരിക്കണം. സാനിറ്റൈസര്‍ കരുതുന്നതും നല്ലതാണ്. വോട്ടര്‍ സ്ലിപ്പ് കരുതുന്നത് വോട്ടുചെയ്യല്‍ വേഗത്തിലാക്കും.
ബൂത്തിലെ കവാടത്തില്‍ തെര്‍മല്‍ സ്‌കാനറില്‍ പരിശോധനയുണ്ടാകും. ശരീരോഷ്മാവ് നിശ്ചിത അളവില്‍ കൂടുതലാണെന്നു കണ്ടാല്‍ രണ്ടുപ്രാവശ്യം പരിശോധന നടത്തും. കൂടിയ അളവു തുടര്‍ന്നും കണ്ടാല്‍ ടോക്കണ്‍ നല്‍കി തിരിച്ചയയ്ക്കും. പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ ഇവര്‍ക്ക് കോവിഡ് ചട്ടങ്ങള്‍ പാലിച്ച് വോട്ടുചെയ്യാം. ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി ക്യൂ ഒഴിവാക്കും.
പോളിങ് ഏജന്റിന് അളവില്‍ക്കൂടുതല്‍ ശരീരോഷ്മാവ് ഉണ്ടെങ്കില്‍ തിരിച്ചയയ്ക്കും. പകരം ആളെ അനുവദിക്കും. സമ്മതിദായകര്‍ ഒഴികെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പാസില്ലാതെ ആരെയും ബൂത്തില്‍ കയറ്റില്ല. തെര്‍മല്‍
പരിശോധനയില്‍ കുഴപ്പമില്ലാത്തവര്‍ക്ക് നേരെ ബൂത്തിനുള്ളിലേക്ക് കടക്കുന്നവരുടെ നിരയിലെത്താം. ബൂത്തിനകത്ത് പ്രവേശിച്ചാല്‍ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. വോട്ടറെ തിരിച്ചറിയാല്‍ മാസ്‌ക് താഴ്‌ത്തേണ്ടിവരും.
തുടര്‍ന്ന് പോളിങ് രജിസ്റ്ററില്‍ ഒപ്പിട്ട് ബാലറ്റുവാങ്ങി വോട്ടുചെയ്ത് മടങ്ങാം. ഒപ്പിടാനും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വിരല്‍ അമര്‍ത്താനും കൈയുറ നല്‍കാന്‍ നിര്‍ദേശമുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്താണിത് നടപ്പാക്കുക. വോട്ടര്‍മാര്‍ തമ്മില്‍ രണ്ടുമീറ്റര്‍ സാമൂഹിക അകലം പാലിക്കണം. നില്‍ക്കാന്‍ സ്ഥലം അടയാളപ്പെടുത്തും. ഇത് നിരീക്ഷിക്കാന്‍ ബൂത്തുതല ഓഫീസര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉണ്ടാകും. ബൂത്തിനുപുറത്ത് തണലുള്ള ഇരിപ്പിടങ്ങളോടെ കാത്തിരിപ്പ് കേന്ദ്രങ്ങളും തയ്യാറാക്കും.
15 മുതല്‍ 20 വരെ ആളുകള്‍ക്ക് ഒരേസമയം നില്‍ക്കാന്‍ ക്രമീകരണം. സ്ത്രീകള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍/ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക നിരയുണ്ടാകും. പ്രവേശന കവാടത്തില്‍ സോപ്പും വെള്ളവും ഉണ്ടാകും. ബൂത്തില്‍ കോവിഡ് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും.
കോവിഡ് ബാധിതര്‍ക്ക്
വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലാണ് കോവിഡ് ബാധിതര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കുക. കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും രോഗം സംശയിക്കുന്നവരും പിപിഇ കിറ്റ്, കൈയുറ, എന്‍. 95 മാസ്‌ക് എന്നിവ ധരിച്ചേ വരാവൂ. ഇവരെത്തുമ്പോള്‍ ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിക്കണം.
നാലുമണിക്കൂര്‍ ഇടവിട്ട് മാറ്റി ഉപയോഗിക്കുന്നതിന് മൂന്നു പിപിഇ കിറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കും. ഓരോ ബൂത്തിലും 200 മില്ലീലിറ്റര്‍ വീതം ഹാന്‍ഡ് വാഷും 500 മില്ലീലിറ്റര്‍ സാനിറ്റൈസറും ഉള്‍പ്പെടുത്തിയ കിറ്റ് നല്‍കും. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന 2000 ഗ്ലൗസ് ബൂത്തിലുണ്ടാകും. മാസ്‌ക് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് അത്യാവശ്യഘട്ടത്തില്‍ നല്‍കാന്‍ നിര്‍ദേശമുണ്ട്. മാസ്‌കും ഗ്ലൗസും ഫെയ്‌സ് ഷീല്‍ഡും സാനിറ്റൈസറുമൊക്കെയുള്ള കിറ്റ് പോളിങ് ഓഫീസര്‍മാര്‍ക്കും പൊലീസുകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കും. ബയോമെഡിക്കല്‍ മാലിന്യം പ്രത്യേകം ശേഖരിച്ച് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്കുമാറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates