ചോദ്യം ചെയ്യലിനു ശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടെലിവിഷന്‍ ചിത്രം 
Kerala

'എന്തൊക്കെയോ ചോദിച്ചു, എന്തൊക്കെ ചോദിച്ചെന്ന് അവര്‍ക്കു തന്നെ അറിയില്ല'; രാഷ്ട്രീയ നാടകമെന്ന് ആവര്‍ത്തിച്ച് സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണ സംഘം ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണ സംഘം ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. കേസിനു ബിജെപിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യലിനു ശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേസില്‍ വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്താണ് അന്വേഷിക്കുന്നതെന്ന് പൊലീസിനു പോലും വ്യക്തതയില്ല. പൊലീസ് എന്തൊക്കെയോ ചോദിച്ചു. കോള്‍ ലിസ്റ്റില്‍ ഉള്ളവരെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. പരാതിക്കാരന്റെ കോള്‍ ലിസ്റ്റിനെക്കുറിച്ചാണ് പൊലീസ് അന്വേഷണം. പ്രതികള്‍ ആരെയൊക്കെ ബന്ധപ്പെട്ടെന്ന് അന്വേഷിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസിനു ബിജെപിയുമായി ബന്ധമില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവന്ന പണമാണോയെന്ന് അന്വേഷിച്ചു കണ്ടെത്തട്ടെ. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

രാവിലെ പതിനൊന്നോടെയാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് ക്ലബില്‍ എത്തിയത്. പന്ത്രണ്ടരയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനോട് അനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹം തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിരുന്നു. 

ബിജെപിയെ അപമാനിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിനു ഹാജരാവും മുമ്പ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേസില്‍ പരാതിക്കാരനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പരാതിക്കാരനെ ആരെല്ലാം വിളിച്ചു എന്നാണ് പരിശോധിക്കുന്നത്. ഇങ്ങനെ ഒരു അന്വേഷണം എവിടെയെങ്കിലും ഉണ്ടോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനു ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ആദ്യം അന്വേഷണ സംഘം നല്‍കിയ നോട്ടിസ് സ്വീകരിച്ചെങ്കിലും കാസര്‍കോട് പാര്‍ട്ടി യോഗം നടക്കുന്നതിനാല്‍ ഹാജരാകില്ലെന്നു സുരേന്ദ്രന്‍ അറിയിച്ചിരുന്നു. രണ്ടാമതു നല്‍കിയ നോട്ടിസ് പ്രകാരമാണ് ഇന്നു ഹാജരായത്.

ഏപ്രില്‍ മൂന്നാം തിയതി പുലര്‍ച്ചയാണ് കൊടകര മേല്‍പ്പാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. മൂന്നരക്കോടി കവര്‍ന്നെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബിജെപിയെത്തിച്ച ഫണ്ടാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT