അന്താരാഷ്ട്ര അവയവ റാക്കറ്റിലെ കേരളത്തിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്, മുഖ്യപ്രതി ഹൈദരാബാദില്‍?  എക്‌സപ്രസ് ഫോട്ടോ
Kerala

വില 50 ലക്ഷം മുതല്‍ കോടികള്‍ വരെ, ദാതാവിന് കിട്ടുക പത്തു ലക്ഷത്തില്‍ താഴെ; അവയവ റാക്കറ്റിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ വിദേശത്ത് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി റാക്കറ്റ് വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്‍പതു ലക്ഷം മുതല്‍ കോടികള്‍ വരെയാണ്, അവയവക്കച്ചവടത്തില്‍ വില ഉറപ്പിക്കുന്നതെന്ന് പൊലീസ്. എന്നാല്‍ അവയവം ദാനം ചെയ്യുന്നവര്‍ക്ക് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്ന്, അവയവക്കടത്ത് അന്വേഷിക്കുന്ന പൊലീസ് സംഘം പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ വിദേശത്ത് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി റാക്കറ്റ് വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാലക്കാട്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. അവയവദാനത്തിനായി ഇറാനിലേക്ക് കൊണ്ടുപോയ ഏതാനും പേര്‍ അവിടെ വെച്ച് മരിച്ചതായുമാണ് വിവരം.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സബിത്ത് അവയവം ദാനം ചെയ്യുന്നതിനായി 20 പേരെ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കൊണ്ടുപോയതായി പൊലീസിനോട് പറഞ്ഞു. സബിത്തിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

വൃക്ക മാറ്റിവയ്ക്കലിനായി ഇന്ത്യയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിന്റെ ഭാഗമാണ് താനെന്ന് സബിത്ത് പൊലീസിനോട് പറഞ്ഞതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിക്രൂട്ട് ചെയ്ത യുവാക്കളെ ഇറാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ അവര്‍ അനുയോജ്യരായ സ്വീകര്‍ത്താക്കള്‍ക്ക് വൃക്കകള്‍ ദാനം ചെയ്തു. തുടര്‍ന്ന് ഇവര്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന്, ദാതാക്കള്‍ക്ക് ഒരു ഫ്‌ലാറ്റില്‍ 20 ദിവസത്തെ താമസം നല്‍കുകയും തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച് പോകുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വൃക്ക ദാനം ചെയ്യുന്നവര്‍ക്ക് 6 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ഷമീര്‍ എന്ന യുവാവ് ആറുമാസം മുമ്പ് ഈ രീതിയില്‍ വൃക്ക ദാനം ചെയ്തിരുന്നതായി സബിത്തിന്റെ മൊഴിയിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഷമീര്‍ കടം വീട്ടാന്‍ വൃക്ക ദാനം ചെയ്തതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സബിത്തിനെ സഹായിച്ച വലപ്പാട് സ്വദേശിയായ മറ്റൊരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കൊച്ചിയില്‍ സബിത്തിന്റെ റും മേറ്റായിരുന്നു. കേസിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കണക്കിലെടുത്ത് സബിത്തിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റാക്കറ്റില്‍ ഹൈദരാബാദില്‍ നിന്നുള്ള ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി സ്വദേശിക്ക് വൃക്ക ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശിയുമായി താന്‍ ആദ്യം പരിചയപ്പെട്ടതായും പിന്നീട് മറ്റുള്ളവരെ പരിചയപ്പെട്ടെന്നും സബിത്ത് പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാജ ആധാറും മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് കേരളത്തിലെത്തുന്ന ചില കുടിയേറ്റ തൊഴിലാളികളെ അവയവ ഇടപാടിനായി സബിത്ത് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തതായും പൊലീസ് സംശയിക്കുന്നു.

ഐപിസി സെക്ഷന്‍ 370 (മനുഷ്യക്കടത്ത്), മനുഷ്യ അവയവങ്ങള്‍ മാറ്റിവെക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 (മനുഷ്യ അവയവങ്ങളുമാമായി ബന്ധപ്പെട്ട വാണിജ്യ ഇടപാടുകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സബിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും കേസ് അന്വേഷിക്കുന്നുണ്ടെന്നും അവര്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയെടുത്ത സബിത്ത് കൊച്ചിയില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നു. 2019 ല്‍ ഇറാനില്‍ എത്തിയ ഇയാള്‍ അവയമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികളെ സഹായിക്കാന്‍ ടെഹ്രാനിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാറിലെ ആൾക്കൂട്ടക്കൊല : അഞ്ചുപേർ അറസ്റ്റിൽ

എല്ലാ ജില്ലയിലും വിജയം; മലപ്പുറം പാര്‍ട്ടിയല്ല, മുസ്ലീംലീഗിന് ഇത്തവണ പാന്‍ കേരള റീച്ച്

റെയിൽവേയിൽ അവസരം; ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ ഒഴിവ്, ഡിസംബർ 30 മുതൽ അപേക്ഷിക്കാം

തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

എത്ര ചെറിയ ഉള്ളിയും എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാം

SCROLL FOR NEXT