മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കുന്നു (Chief Minister Pinarayi Vijayan) 
Kerala

'സ്വൈര ജീവിതം തകർക്കാൻ നോക്കുന്നു, ഇരുട്ടിന്റെ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത വേണം'; പൊലീസിനോട് മുഖ്യമന്ത്രി

'നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികളെടുക്കാൻ പൊലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികളെടുക്കുന്ന കാര്യത്തിൽ പൊലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പൊലീസിന്റെ, കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആകെ സ്ഥിതി പരിശോധിച്ചാൽ എല്ലാ അർഥത്തിലും ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ അന്തരീക്ഷം മലിനമാക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നു ഉണ്ടാകുന്നുണ്ട്. ഇതിന് രാഷ്ട്രീയത്തിന്റെ നിറം മാത്രമല്ല, പലപ്പോഴും മതത്തിന്റെ നിറം കൂടിയുണ്ട്. ഇനിയുള്ള നാളുകളിൽ ഇതിന്റെ തീവ്രത കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത പൊലീസിന്റെ ഭാഗത്തു നിന്നു ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. കഴിഞ്ഞ 9 വർഷക്കാലമായി പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് ബോധ്യപ്പെടും. പൊലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ വരുന്ന പഴയ സങ്കൽപ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാൻ കസേരയുണ്ട്, സഹായിക്കാൻ ഹെൽപ്പ് ഡെസ്‌കുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഉപയോഗപ്രദമാകുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് പുതുതായി നിർമിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പൊലീസ് സ്റ്റേഷനുകൾ കേരളത്തിന്റ മാത്രം പ്രത്യേകതയാണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പൊലീസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള ഊർജ്ജസ്വലരായ ചെറുപ്പക്കാർ ഇന്ന് ധാരാളമായി നമ്മുടെ സേനയിലേക്ക് കടന്നുവരുന്നുണ്ട്. ഇതൊക്കെ പൊലീസിന്റെ കാര്യക്ഷമത വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സാങ്കേതിക മേഖലയിൽ കഴിവും യോഗ്യതയുമുള്ളവർ സേനയുടെ ഭാഗമായതോടെ പുതുതലമുറ തട്ടിപ്പുകൾ പോലും ഫലപ്രദമായി തടയാൻ നമുക്കു സാധിക്കുന്നുണ്ട്. ഇത്തരം വിഭവശേഷി ഉപയോഗിച്ചുകൊണ്ട് പൊലീസ് സേനയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രതിജ്ഞാബദ്ധമായ സമീപനങ്ങളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പൊലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചുവെന്നതാണ് സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. കർത്തവ്യബോധത്തിൽ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവർത്തിക്കുന്നതിന് കേരളാ പൊലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് യാതൊരുവിധമായ തടസമോ സമ്മർദ്ദമോ ഇല്ല. സാമൂഹ്യവിരുദ്ധ ശക്തികളെ തിരിച്ചറിയുന്നതിനും, ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിനും, വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പൊലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ്മ ഏറെ ഉപകാരപ്രദമാണെന്ന് ഇതിനകം തന്നെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സോഷ്യൽ പൊലീസിങ് സംവിധാനം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും ഏഴ് പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

കണ്ണൂരിൽ 10.17 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, ജില്ലാ പൊലീസ് ആസ്ഥാനത്ത് നിർമിച്ച ഇൻഡോർ സ്‌പോർട്‌സ് സെന്റർ കം ഹാൾ, ഇടുക്കി ജില്ലയിലെ വാഗമൺ, തങ്കമണി പൊലീസ് സ്റ്റേഷൻ, ഇടുക്കി കൺട്രോൾ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്‌സ്, കാസർകോട് ജില്ലയിലെ മേൽപ്പറമ്പ പൊലീസ് സ്റ്റേഷൻ, ബേക്കൽ സബ് ഡിവിഷൻ ഓഫീസ്, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചിറ്റൂർ പൊലീസ് സ്റ്റേഷനുകൾ, എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ കോസ്റ്റൽ പൊലീസിനു വേണ്ടി നിർമിച്ച ബോട്ടുജെട്ടി എന്നിവ ഇതിൽ ഉൾപ്പെടും. 23.27 കോടി രൂപ ചെലവിലാണ് ഇവ പൂർത്തിയാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുപുറമെ കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസ് സ്‌റ്റേഷൻ, കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പൊലീസ് ക്വാർട്ടേഴ്‌സുകൾ, പാലക്കാട് കൊപ്പം, കോട്ടയം ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എംഎൽഎമാരായ എംവി ഗോവിന്ദൻ മാസ്റ്റർ, കെവി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെകെ രത്നകുമാരി എന്നിവർ വിശിഷ്ടാതിഥികളായി. ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, നോർത്ത് സോൺ ഐജി രാജ്പാൽ മീണ, കണ്ണൂർ റെയ്ഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മീഷണർ പി നിതിൻ രാജ് സംസാരിച്ചു.

Chief Minister Pinarayi Vijayan: He was speaking at the Dinesh Auditorium in Kannur while inaugurating various projects of the Kerala Police that have been completed and are being started in various parts of the state, including Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

SCROLL FOR NEXT