എം എ ബേബി   ഫയല്‍ ചിത്രം
Kerala

MA Baby: പിണറായിക്കും മുന്‍പേ കേന്ദ്ര കമ്മിറ്റിയില്‍, വി എസിന്റെ ഒഴിവില്‍ പി ബി അംഗം; എം എ ബേബിയുടെ രാഷ്ട്രീയ വളര്‍ച്ച

2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന എം എ ബേബിയുടെ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലുള്ള സീനിയോറിറ്റികൂടി പരിഗണിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

എംഎസ്. നമ്പൂതിരിപ്പാടിന് ശേഷം സിപിഎം കേരള ഘടകത്തിന്റെ പ്രതിനിധിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി. സംഘടനാ തലത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പടിയായുള്ള വളര്‍ച്ചയ്ക്ക് ശേഷമാണ് എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഏറ്റവും പ്രതികൂലമായ കാലത്ത് പാര്‍ട്ടിയെ നയിക്കുക എന്ന വെല്ലുവിളിയാണ് എം എ ബേബിയെ കാത്തിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം ആയിരിക്കും ഇവിടെ എം എ ബേബിക്ക് തുണയാകുക. എസ്എഫ്‌ഐ യുണിറ്റ് സെക്രട്ടറിയില്‍ തുടങ്ങി സിപിഎം ജനറല്‍ സെക്രട്ടറി വരെ ഘട്ടം ഘട്ടമായ വളര്‍ച്ച അതാണ് മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം എ ബേബിയുടെ രാഷ്ട്രീയ കരിയര്‍.

2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന എം എ ബേബിയുടെ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലുള്ള സീനിയോറിറ്റികൂടി പരിഗണിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്.

MA Baby

വിദ്യാര്‍ത്ഥി കാലം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ച എം എ ബേബി 1973-ല്‍ കൊല്ലം എസ്എന്‍ കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 1974 ല്‍ എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. 1986 ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി രാജ്യസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്. 1998 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം രാജ്യസഭാ അദ്ധ്യക്ഷ പാനലിലും ഉള്‍പ്പെട്ടിരുന്നു.

എസ്എഫ്‌ഐ മുതല്‍ സിപിഎമ്മിന്റെ യുവജന പോഷക സംഘടനകളില്‍ സുപ്രധാന ചുമതലകളും എംഎ ബേബി വഹിച്ചിട്ടുണ്ട്. 1974 ല്‍ എസ് എഫ് ഐ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന എം എ ബേബി 1975 ല്‍ എസ്എഫ്‌ഐ കേരളം ഘടകം പ്രസിഡന്റ്, 1987 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

1977 ല്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം. എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റായ എം എ ബേബി 1978 ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ത്ഥിമേളയില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. 1983 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ചുമതലയും വഹിച്ചു.

അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചിട്ടുള്ള എം എ ബേബി പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1984 ല്‍ സിപിഎം കേരള സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട എംഎ ബേബി പിന്നീട് കേരളത്തില്‍ എംഎല്‍എ ആയും മന്ത്രിയായും മികവ് തെളിയിച്ചിട്ടുണ്ട്. 1997 ല്‍ സി പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എ ബേബി ഇതേ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചിട്ടുണ്ട്. 1989 ല്‍ സ്വരലയ രൂപീകരിച്ചു.

-

എംഎ ബേബി പന്ന്യന്‍ രവീന്ദ്രന് ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

2006 ല്‍ കുണ്ടറയില്‍ നിന്നും എം എ ബേബി നിയമ സഭയിലെത്തി. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ- സാംസ്‌കാരിക വകുപ്പുമന്ത്രിയായി പ്രവര്‍ത്തിച്ചു. 2011 ലും എം എ ബേബി കുണ്ടറയില്‍ നിന്നും നിയമ സഭയിലെത്തി. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയായി അംഗീകരിച്ചത് മുതല്‍ കൊച്ചി മുസിരിസ് ബിനാലെ, കലാകാര ക്ഷേമനിധി നിയമം, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തുടങ്ങിയ സുപ്രധാന പദ്ധതികള്‍ക്ക് പിന്നില്‍ എം എ ബേബിയുടെ കരങ്ങളായിരുന്നു. 2013 ല്‍ സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അഭിനവ് രംഗമണ്ഡല്‍ ഏര്‍പ്പെടുത്തിയ പ്രഥമ അര്‍ജ്ജുന്‍ സിങ് പുരസ്‌കാരം ഉള്‍പ്പെടെ എം എ ബേബി നേടിയിട്ടുണ്ട്. 2014ല്‍ കൊല്ലത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.

വിഎസ് പിണറായിക്കൊപ്പം

1989 -ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗമായി എം എ ബേബി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷമാണ് പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ എത്തുന്നത്. എന്നാല്‍, പോളിറ്റ് ബ്യൂറോയിലേക്ക് പിണറായിയും കോടിയേരിയും നേരത്തെ കടന്നു ചെന്നു. കോയമ്പത്തൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ എംഎ ബേബി പി ബിയിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വി എസിന്റെ എതിര്‍പ്പ് തിരിച്ചടിയായി. കോടിയേരി അത്തവണ പി ബി അംഗമായി. പിന്നീട് 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വി എസ് അച്യുതാനന്ദന്റെ ഒഴിവിലേക്ക് എം എ ബേബി പിബിയില്‍ അംഗമാവുകയും ചെയ്തു.

കൊല്ലം പ്രാക്കുളം സ്വദേശിയായ എം എ ബേബി അദ്ധ്യാപകനായിരുന്ന കുന്നത്ത് പിഎം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനാണ്. 1954 ഏപ്രില്‍ 5 ന് പ്രാക്കുളത്തായിരുന്നു എം എ ബേബിയുടെ ജനനം. പ്രാക്കുളം എന്‍എസ്എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT