കൊച്ചി: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിലായി. പ്രതിയായ ഉമര്‍ ഫാറൂഖിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി.
ഉമര്‍ ഫാറൂഖിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് പ്രവീണ്‍ നെട്ടാരുവിന്റെ വധത്തിന് പിന്നിലെന്നാണ് കേസ്. രണ്ടാഴ്ച മുമ്പാണ് കൊച്ചി പള്ളുരുത്തിയില്‍ ഒളിവില്‍ താമസിച്ച്, ഷവര്‍മ കടയില്‍ ജോലി ചെയ്തിരുന്ന ഒരു പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. റിയാസ് എന്ന കള്ളപ്പേരില്‍ കഴിഞ്ഞ അബ്ദുള്‍ നാസിറാണ് പിടിയിലായത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉമര്‍ ഫാറൂഖിനെ അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനയില്‍ ഉമര്‍ ഫാറുഖിയ്ക്ക് പങ്കുണ്ടെന്നും, കൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കിയത് ഉമര്‍ ഫാറൂഖി ആണെന്നും എന്‍ഐഎ പറയുന്നു. അറസ്റ്റിലായ ഉമര്‍ ഫറൂഖിയെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. പ്രവീണ്‍ നെട്ടാരു വധത്തിന് പിന്നാലെ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ വ്യാപക സംഘര്‍ഷം അരങ്ങേറിയിരുന്നു.
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പ്രവീൺ നെട്ടാരുവിനെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബെല്ലാരെയിൽ കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമത്തിന് ഇരയായത്. പ്രവീൺ നെട്ടാരുവിനെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഒത്തുകൂടുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നുവെന്നാണ് കേസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates