പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, രാഹുല്‍ ഗാന്ധി 
Kerala

'പിണറായിയെ കെട്ടിപ്പിടിക്കണ്ട, നിലപാടാണ് പ്രശ്‌നം; ഇന്ത്യ മുന്നണിക്ക് തുരങ്കം വെക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്'

'ബിജെപിയുടെ അമിതാധികാര പ്രയോഗം ചെറുക്കുകയെന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ മുന്നണി യോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. രാഹുല്‍ പിണറായിയെ കെട്ടിപ്പിടിക്കേണ്ടെന്നും എന്നാല്‍ ഇന്ത്യ മുന്നണിയുടെ ലക്ഷ്യത്തിന് തുരങ്കം വെക്കുന്ന സമീപനം മാറ്റണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിക്കെതിരെ പോരാടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്ന ബിജെപിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

'രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണി യോഗത്തില്‍ പറഞ്ഞ കാര്യം കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ട സാഹചര്യത്തിലാണ് ഞങ്ങള്‍ പ്രതികരിച്ചത്. ബിജെപിക്കെതിരായി നിലകൊള്ളുന്ന എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. അതിനെ ഫലപ്രദമായി ഉപയോഗിക്കുന്നതിനു പകരം, തുരങ്കം വെക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെയുമായും എഎപിയുമായെല്ലാം ഒന്നിച്ചു നില്‍ക്കേണ്ടിടത്ത് കോണ്‍ഗ്രസ് മാറിനില്‍ക്കുന്ന സമീപനം അംഗീകരിക്കാനാകില്ല.

രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് നമുക്കറിയാം. അങ്ങനെയുള്ളപ്പോഴാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറയുന്നത്. ബിജെപിയെ ചെറുക്കുകയെന്ന ദൗത്യം നിറവേറ്റാന്‍ പര്യാപ്തമല്ലാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. അതിന്റെ ഭാഗമായാണ് പിണറായിയെ ആലിംഗനം ചെയ്യാനാകില്ല എന്നൊക്കെയുള്ള പ്രതികരണം വരുന്നത്. ഞങ്ങള്‍ക്ക് പിണറായിയെ ആലിംഗനം ചെയ്യുകയൊന്നും വേണ്ട, നയമാണ് പ്രശ്‌നം, നിലപാടാണ് പ്രശ്‌നം.

ബിജെപിയുടെ അമിതാധികാര പ്രയോഗം ചെറുക്കുകയെന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. അത്തരം പ്രതിരോധമില്ലെങ്കില്‍ രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യം തകരുമെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് മുന്നണി രൂപീകരിച്ചത്. അതിന്റെ ഭാഗമായി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടായി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. കൂട്ടുകക്ഷി സര്‍ക്കാരാണ് വന്നത്.

ഇഡിയും സിബിഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. കേരളത്തില്‍ സിപിഎം നേതാക്കളെ ഇഡി വേട്ടയാടുമ്പോള്‍, എന്തേ അറസ്റ്റു ചെയ്യാത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത് ശരിയായ നിലപാടല്ല. ഇത് രാജ്യത്തെയാകെ ബാധിക്കുന്ന പ്രശ്‌നമാണ്. അപ്പോഴും കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ രാഹുലിനെ ന്യായീകരിച്ച് രംഗത്തുവരുന്നത് അംഗീകരിക്കാനാകില്ല' -എം വി ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംവുമായി ബന്ധപ്പെട്ട സിപിഎം വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യമാണിതെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ ആശ്രയം കോണ്‍ഗ്രസ് മാത്രമാണ്. ദേശീയതലത്തില്‍ പൊതുനിലപാടില്ലാതെ, പ്രാദേശിക അജണ്ടകള്‍ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാതെ, പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സിപിഎം നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കെ സി വേണുഗോപാല്‍ പറയുന്നു.

പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ സഖ്യയോഗത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു സിപിഎമ്മും സിപിഐയും രംഗത്തെത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ്, പിണറായി വിജയനെ തനിക്ക് ആലിംഗനം ചെയ്യാനാവില്ലെന്നും കേരളത്തില്‍ അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നാലെ താനും രാഹുലും പരസ്പരം വണങ്ങുകയാണ് ചെയ്യാറ്, രാഹുല്‍ മോദിയെ കെട്ടിപിടിക്കുന്നത് കണ്ടു, രാഹുലും കോണ്‍ഗ്രസും ബിജെപിയെ സഹായിക്കുന്ന നിലപാടില്‍, ഇത് ഇന്ത്യ മുന്നണിയെ സഹായിക്കുന്നതല്ലെന്നും പിണറായി വിജയനും പ്രതികരിച്ചിരുന്നു.

Problem is the stance; Congress's policy undermine INDIA Bloc, says MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദര്‍ശിനി സൗജന്യയാത്ര' ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് അന്തരിച്ചു

വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനം; അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂൺ 17 വരെ

2031ല്‍ എന്തു സംഭവിക്കും എന്നതില്‍ ഉത്കണ്ഠ; ബംഗാള്‍ നമുക്ക് മുന്നിലുണ്ട് : പി ജയരാജന്‍

'28' വർഷത്തിന് ശേഷം എത്തി '28ാം' മിനിറ്റിൽ ​ഗോൾ! ജയിച്ച് സ്കോട്ലൻഡ്; 52 വർഷത്തെ ഇടവേള... ഹെയ്തി കാത്തിരിക്കണം...

SCROLL FOR NEXT