തിരുവനന്തപുരം: വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയ്ക്ക് സൂക്ഷ്മപരിശോധന ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യ വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ഞായറാഴ്ച ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള സീറ്റുകളുടെ എണ്ണം 'നഷ്ടപ്പെടില്ല' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ ഇത് കൂടുതല്‍ ആഴത്തിലുള്ള അനീതിയെ മറച്ചുവെയ്ക്കുന്ന വാക്കുകളിലെ കൗശലം മാത്രമാണെന്നും മുഖ്യമന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'ഇന്ത്യന്‍ റിപ്പബ്ലിക് നേരിടുന്ന പ്രധാന പ്രശ്‌നം ഒരു സംസ്ഥാനത്തിനുള്ള സീറ്റുകളുടെ കേവല എണ്ണം മാത്രമല്ല. മറിച്ച് യൂണിയനുള്ളിലെ അതിന്റെ ആനുപാതികമായ പ്രാതിനിധ്യവും ആപേക്ഷികമായ രാഷ്ട്രീയ പ്രസക്തിയുമാണ്' - പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യ വിജയകരമായി നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകള്‍ കുറയ്ക്കില്ലെന്ന് ശനിയാഴ്ച കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്താണ് നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആകെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്റര്‍-സ്റ്റേറ്റ് കൗണ്‍സിലിലൂടെയും പാര്‍ലമെന്റിലൂടെയും സമവായമുണ്ടാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും ജനസംഖ്യാ സ്ഥിരത കൈവരിക്കുന്നത് വരെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റുകളുടെ അനുപാതം 1971-ലെ സെന്‍സസ് നിലവാരത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
''ആകെ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ടെങ്കില്‍, അത് മാനവ വികസന സൂചികകളില്‍ മികവ് പുലര്‍ത്തിയ സംസ്ഥാനങ്ങളുടെ ആപേക്ഷിക കരുത്ത് കുറയ്ക്കാത്ത രീതിയിലായിരിക്കണം. നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറയെത്തന്നെ ബാധിക്കുന്ന ഇത്രയും വലിയൊരു തീരുമാനം കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങളുടെ വൈവിധ്യത്തെയും പരമാധികാര അവകാശങ്ങളെയും മാനിച്ചുകൊണ്ട് ഇന്റര്‍-സ്റ്റേറ്റ് കൗണ്‍സിലിലൂടെയും പാര്‍ലമെന്റിലൂടെയും ഉണ്ടാക്കുന്ന സമവായത്തിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്,'' -അദ്ദേഹം പറഞ്ഞു.
'നിലവിലെ ജനസംഖ്യാ കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയവുമായി മുന്നോട്ട് പോവുകയാണെങ്കില്‍, ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹിക വികസനത്തിലും ദേശീയ നയങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അത് ഫലത്തില്‍ ശിക്ഷിക്കുന്നതിന് തുല്യമാകും,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ സീറ്റുകളില്‍ മൊത്തത്തില്‍ 50 ശതമാനം വര്‍ധന വരുത്താനുള്ള നിര്‍ദ്ദേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി.
'അത്തരമൊരു സാഹചര്യത്തില്‍, കേരളത്തിന്റെ പ്രാതിനിധ്യം 30 സീറ്റുകളായി ഉയര്‍ന്നാല്‍ പോലും, ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തിന്റെ കരുത്ത് നൂറ്റിയിരുപതോ അതിലധികമോ ആയി കുതിച്ചുയരും. ഇത് ദക്ഷിണേന്ത്യയുടെ ജനാധിപത്യ ശബ്ദത്തെ വ്യവസ്ഥാപിതമായി ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാകും,'- അദ്ദേഹം പറഞ്ഞു.
അധികാര സന്തുലിതാവസ്ഥ ഒരു മേഖലയിലേക്ക് മാത്രമായി ഇത്രയധികം മാറ്റുന്നതിലൂടെ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പതിറ്റാണ്ടുകളായി നടത്തിയ സംഭാവനകളിലൂടെ ദക്ഷിണേന്ത്യ കൈവരിച്ച വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ബാധ്യതയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇത് നീതിയുക്തമായ മണ്ഡല പുനര്‍നിര്‍ണ്ണയമല്ല, മറിച്ച് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്ന ഒരു 'ജനസംഖ്യാപരമായ അട്ടിമറി' ആണ്,'- അദ്ദേഹം പറഞ്ഞു. അവ്യക്തമായ ഉറപ്പുകള്‍ക്കപ്പുറം, ഒരു സംസ്ഥാനത്തിന്റെയും ആപേക്ഷിക രാഷ്ട്രീയ സ്വാധീനം കുറയില്ലെന്ന വ്യക്തമായ ഭരണഘടനാപരമായ ഉറപ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
'ഇന്ത്യയുടെ ഐക്യം എന്നത് ജനസംഖ്യയുടെ വലിപ്പം നോക്കാതെ എല്ലാ പ്രദേശങ്ങള്‍ക്കും നല്‍കുന്ന തുല്യമായ ആദരവിലും അധികാര പങ്കാളിത്തത്തിലുമാണ് നിലനില്‍ക്കുന്നത്. പുരോഗതിയില്‍ രാജ്യത്തെ നയിച്ച സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ രാഷ്ട്രീയ തുല്യത എന്ന സങ്കല്‍പ്പം നടപ്പിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം,'- അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates