പള്‍സര്‍ സുനി - ദിലീപ്‌ 
Kerala

'എനിക്കിപ്പോള്‍ പണം വേണം'; ദിലീപിനെ കുരുക്കിയ പള്‍സര്‍ സുനിയുടെ കത്ത്

കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ പിന്നിടുള്ള കണ്ടെത്തല്‍ കേസിലെ ദിലീപിന്റെ പങ്ക് സുവ്യക്തമാക്കുന്നതായിരുന്നു.

പി രാംദാസ്

കൊച്ചി: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഓടുന്ന വാഹനത്തില്‍ നടി ലൈംഗികാതിക്രമത്തിന് വിധേയയായ സംഭവം. ഇതിന് പിന്നാലെ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നാകെ രംഗത്തെത്തിയപ്പോള്‍ ആ കൂട്ടത്തില്‍ നടന്‍ ദിലീപും ഉണ്ടായിരുന്നു. അതിക്രമത്തിന് ഇരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും നീതിക്കായുള്ള പോരാട്ടത്തിന് ഒപ്പം നില്‍ക്കുമെന്ന് ദിലീപ് പ്രഖ്യാപിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ പിന്നിടുള്ള കണ്ടെത്തല്‍ കേസിലെ ദിലീപിന്റെ പങ്ക് സുവ്യക്തമാക്കുന്നതായിരുന്നു.

'എനിക്കിപ്പോള്‍ പണം വേണം' കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്ന് സഹതടവുകാരന്‍ വഴി രഹസ്യമായി കൊടുത്തയച്ച കത്താണ് ദിലീപിനെ ഈ കേസുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. കത്ത് ഇരുവരും തമ്മിലുള്ള സൗഹൃദവും മുന്‍കാലബന്ധവും വ്യക്തമാക്കുന്നതായിരുന്നു. 'ഈ കേസില്‍ പെട്ടതോടു കൂടി എന്റെ ജീവിതം തന്നെ അവസാനിച്ച പോലെയാണ്' എന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തില്‍ പറയുന്നു. പിന്നീട് പുറത്തുവന്ന ഓരോ തെളിവുകളും ദിലീപിനു കുരുക്കായി. കേസില്‍ 2017 ജൂലൈ 10ന് പ്രത്യേക അന്വേഷണസംഘം ദിലീപിനെ അറസ്റ്റ് ചെയ്തു.

ജൂണ്‍ 3ന് അതിക്രമത്തിന് ഇരയായ നടി പൊലീസില്‍ ദിലീപിനെതിരെ മൊഴി നല്‍കി, 2012 മുതല്‍ ദിലീപ് തന്നോട് കടുത്ത വൈരാഗ്യം വെച്ചുപുലര്‍ത്തിയതായി നടി പറയുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹം തകര്‍ന്നത് താന്‍ കാരണമാണെന്ന് ദിലീപ് സിനിമാമേഖലയിലെ എല്ലാവരോടും പറഞ്ഞിരുന്നതായും തനിക്കെതിരെ നിന്നിട്ടുള്ള ഒരാള്‍ പോലും ചലച്ചിത്രമേഖലയില്‍ തുടര്‍ന്നിട്ടില്ലെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നതായും നടിയുടെ മൊഴിയില്‍ പറയുന്നു. 2017 മെയ് 1ന് സംസ്ഥാന പൊലീസ് മേധാവിക്ക് ദിലീപ് അയച്ച കത്തും അദ്ദേഹത്തിന് തിരിച്ചടിയായി.

കാക്കനാട് ജില്ലാ ജയിലിലെ സഹതടവുകാരനായിരുന്ന വിഷ്ണു ദിലീപിന്റെ കൂട്ടാളികളുമായി സംസാരിക്കാന്‍ പള്‍സര്‍ സുനിക്ക് ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും എത്തിച്ചുനല്‍കിയിരുന്നു. കോയമ്പത്തൂരില്‍ നിന്ന് മോഷണം പോയ ഫോണ്‍ ആണ് ഇതെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ അന്വേഷണസംഘം പത്തനംതിട്ടയിലെ സനലിന്റെ വീട്ടില്‍നിന്ന് ഫോണും സിം കാര്‍ഡും കണ്ടെടുക്കുകയും ചെയ്തു.

2016 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍ വെച്ച് ദിലീപുമായി ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതായി സുനി സമ്മതിച്ചതായി ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് ഇരുവരും കൊച്ചിയിലുണ്ടായിരുന്നു. സാക്ഷി മൊഴികളും ഹോട്ടല്‍ ബില്ലുകളും ഇത് സ്ഥിരീകരിക്കുന്നതായിരുന്നു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴ് വരെ ഹോട്ടലില്‍ ദിലീപിന്റെ പേരില്‍ മുറി ബുക്ക് ചെയ്തിരുന്നു.

കാവ്യ- ദിലീപ് ബന്ധം മഞ്ജുവിനെ അറിയിച്ചതിനെ ചൊല്ലി നടിയും ദിലീപും തമ്മില്‍ വഴക്കിട്ടതായി സുനി മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിക്കാനള്ള ഗുഢാലോചന വിവിധ ലൊക്കേഷനുകളില്‍ വച്ചാണ് നടന്നതെന്നും ഇക്കാര്യം സുനി സമ്മതിച്ചതായും പൊലീസ് രേഖകള്‍ പറയുന്നു ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ തൃശ്ശൂരിലെ കിണറ്റിങ്ങല്‍ ടെന്നീസ് ക്ലബ്, എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സിഐഎഫ്ടി ജംഗ്ഷന്‍, തൊടുപുഴ ശാന്തിഗിരി കോളജ് എന്നിവിടങ്ങളില്‍ ഇരുവരും കണ്ടുമുട്ടിയതായും അന്വേഷണം സംഘം കണ്ടെത്തി. എന്നാല്‍ തനിക്കെതിരായ കേസ് ഗുഢാലോചനയാണെന്നും അതിന് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു ദിലീപിന്റെ വാദം.

കത്തിന്റെ പൂര്‍ണരൂപം:

'ദിലീപേട്ടാ ഞാന്‍ സുനിയാണ്, ജയിലില്‍ നിന്നാണ് ഇതെഴുതുന്നത്, വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്തു കൊടുത്തു വിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവനു കേസിനെ പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിക്കു വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമമേയുള്ളു.

കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആവുന്നതിനു മുന്‍പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്നു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം, ഈ കേസില്‍ പെട്ടതോടു കൂടി എന്റെ ജീവിതം തന്നെ അവസാനിച്ച പോലെയാണ്.

എനിക്ക് എന്റെ കാര്യം നോക്കണ്ട കാര്യമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്കു സേഫ് ആക്കിയേ പറ്റൂ. പലരും നിര്‍ബന്ധിക്കുന്നുണ്ട്. നീ എന്തിനാ ബലിയാട് ആവുന്നതെന്ന്, നീ നിന്നെ ഏല്‍പ്പിച്ചയാളുടെ പേരു പറയുകയാണെങ്കില്‍ നടി പോലും എന്നോടു മാപ്പുപറയുമായിരുന്നു. നടിയുടെ ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്നു കാണുന്നുണ്ട്.

ചേട്ടന് എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേക്കു വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടുന്നും എനിക്കു മറുപടിയൊന്നും വന്നില്ല. ഫോണ്‍ വിളിക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍ എന്താണു ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാല്‍ മതി.

എന്നെ ഇനി ശത്രുവായിട്ടു കാണണോ മിത്രമായിട്ടു കാണണോ എന്ന് എനിക്ക് അറിയേണ്ട കാര്യമില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേക്ക് ഒരു ആളെവിടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഈ കത്തു കിട്ടികഴിഞ്ഞു മൂന്നു ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുന്‍പ് എനിക്ക് അറിയണം.

സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണന്ന് മനസിലാകുമല്ലോ. നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടന്‍ പറയുക.

ഞാന്‍ ഒരാഴ്ച കഴിഞ്ഞാന്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന്‍ ആലോചിച്ചു തീരുമാനം എടുക്കുക, എനിക്കു ചേട്ടന്‍ തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസം കൊണ്ടു തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിക്കും അപ്പോള്‍ എനിക്കു തീരുമാനം അറിയണം.

നാദിര്‍ഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്കു ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയില്‍ നമ്പറിലേക്ക് ഒരു മുന്നൂറു രൂപ മണിഓര്‍ഡര്‍ അയക്കുക. മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ ആര്‍പി നമ്പര്‍ 8813 കെയര്‍ ഓഫ് സൂപ്രണ്ട്. ജില്ലാ ജയില്‍ എറണാകുളം, സുനില്‍. ഈ അഡ്രസില്‍ അയച്ചാല്‍ മതി. ഇനി ഞാന്‍ കത്തു നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക, ഒരുപാടു കാര്യങ്ങള്‍ നേരിട്ടു പറയണമെന്നുണ്ട്. ഇനി എപ്പോള്‍ അതു പറയാന്‍ പറ്റും എന്നറിയില്ല. എനിക്ക് ഇനീം സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടും ഇല്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ചു ചെയ്യുക.

ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഓര്‍മ വേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞു വന്നാല്‍ അതു വിശ്വസിക്കേണ്ട. എനിക്ക് അനുകൂലമായ കാര്യങ്ങളാണു കത്തുവായിച്ചിട്ടു പറയാനുള്ളതെങ്കില്‍ ഈ കത്തു കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. ഈ കത്തു വായിക്കുന്നവരെ ഞാന്‍ ചേട്ടനെ സേഫാക്കിയിട്ടേയുള്ളു.

എനിക്ക് ഇപ്പോള്‍ പൈസ ആവശ്യമുള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാടു ശ്രമിച്ചതാണ്. നടക്കാത്തതു കൊണ്ടാണ് കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനു ശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്കു ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോടു പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിക്കാം. '

Pulsar Suni’s jail letter pulls Dileep into shadow of conspiracy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ വനം വകുപ്പ് ജീവനക്കാന്‍ കൊല്ലപ്പെട്ടു

'സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും ഇതെന്റെ ജീവൻ കയ്യിൽ പിടിച്ചിട്ടുള്ള കളിയാ'; രാമലീല മുതൽ പ്രിൻസ് ആൻ‍ഡ് ഫാമിലി വരെ, സിനിമകളിലൂടെ സ്വയം വെള്ള പൂശുന്ന ദിലീപ്

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

SCROLL FOR NEXT