നവീന്‍ ബാബുവും കുടുംബവും (രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പങ്കിട്ട ചിത്രം) 
Kerala

'എന്തിനായിരുന്നു ഇതെല്ലാം, എന്ത് നേടി? ഇങ്ങനെയല്ല, വാക്കുകൾ അപരന് സംഗീതമാകേണ്ടത്'

നവീൻ ബാബുവിന്റെ വിയോ​ഗത്തിൽ രമേശ് ചെന്നിത്തലയുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹൃദയം തൊടും കുറിപ്പുമായി കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. എന്തിനായിരുന്നു ഇതെല്ലാം. എന്തു നേടിയെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. ഫെയ്സബുക്കിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കുറിപ്പ്

കത്തുന്ന ചിതയ്ക്കരികിൽ കണ്ണീരു വറ്റാതെ നിൽക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെും കാഴ്ച മനസിൽ നിന്നു മറയുന്നില്ല. കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ അത്രയും കാലത്തെ സൽപേരു മുഴുവൻ തച്ചുടച്ചു കളഞ്ഞ ഒരു ധാർഷ്ട്യത്തോട് നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ ഒരു മനുഷ്യൻ ഒരു നാടിന്റെ വേദനയാണിന്ന്. അതുകൊണ്ടു തന്നെയാണ് മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഐക്യദാർഢ്യത്തിന്റെ ഒരു മനുഷ്യനിര തന്നെ എത്തിച്ചേർന്നത്, ആ വീടിന്റെ വേദനയോട് ഐക്യപ്പെട്ടത്, അവരുടെ കണ്ണീർ തങ്ങളുടെയും കണ്ണീരാക്കിയത്.

ആദർശത്തിനും അഭിമാനത്തിനും വേണ്ടി ജീവൻ കൊടുത്ത ഒരച്ഛന്റെ മക്കളാണവർ. അവരുടെ കണ്ണുനീർ ഇന്ന് കേരളത്തെ ചുട്ടുപൊളളിക്കുന്നുണ്ട്. നവീൻ ബാബുവിനു മരണത്തിന്റെ വഴി കാട്ടിക്കൊടുത്ത ധാർഷ്ട്യത്തിന്റെ അടിവേരിൽ ആസിഡ് പോലെ വീണു പുകയുന്നുണ്ട്. എന്തിനായിരുന്നു ഇതെല്ലാം. ആര് എന്ത് നേടി... ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നോർക്കുക.

ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു. പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. കനൽപഴുപ്പിച്ച വാക്കുകൾ നെഞ്ചിലേക്കു കുത്തിയിറക്കി ഒരു മുഴം കയറിലേക്ക് മനുഷ്യനെ നടത്തുന്ന രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. ഒരു രാഷ്ട്രീയപ്രവർത്തകൻ അടിസ്ഥാനപരമായി മനുഷ്യസ്‌നേഹിയാകണം. മാനവികതയുടെ പക്ഷത്തു നിന്നാണ് അയാളുടെ ആശയങ്ങൾക്കു വേണ്ടി പൊരുതേണ്ടത്. മാനവികത നഷ്ടപ്പെട്ട ആശയങ്ങൾ ഒറ്റ നീരുറവ പോലുമില്ലാത്ത മരുഭൂമികളാണ്. ഇങ്ങനെയല്ല ഒരാളിന്റെ വാക്കുകൾ അപരന് സംഗീതമാകേണ്ടത്.

അച്ഛൻ ജീവിച്ചു മരിച്ച അതേ ആദർശം കൈവിടാതെ ജീവിക്കാൻ ആ കുഞ്ഞുങ്ങൾക്കാകട്ടെ എന്ന പ്രാർഥന മാത്രം. പകയുടേതല്ല, മാനവികതയുടെതാണ് ലോകമെന്നറിഞ്ഞു വളരാനാകട്ടെ എന്ന പ്രതീക്ഷ മാത്രം!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT