മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116 പേര്‍ക്കാണ് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം രണ്ടുപേര്‍ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ലക്ഷണങ്ങളുമായി 40 പേര്‍ ചികിത്സ തേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് ആറിന് എടവത്തിരുത്തി സ്വദേശിയായ 57കാരിയും ഓഗസ്റ്റ് ഒമ്പതിന് മഞ്ചേരി സ്വദേശിയായ 45കാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
എടവണ്ണ, മഞ്ചേരി, വെട്ടേക്കോട്, കാവനൂര്‍, തൃപ്പനച്ചി, ആനക്കയം, തൃക്കലങ്ങോട്, കൊണ്ടോട്ടി, ചോക്കാട്, ചുങ്കത്തറ, നിലമ്പൂര്‍, തിരുനാവായ, മാറാക്കര, മംഗലശ്ശേരി എന്നിവിടങ്ങളിലാണ് പ്രധാനമായും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാര്‍ഷിക മേഖലയിലും ശുചീകരണ ജോലികളിലും മറ്റ് പുറംജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം രോഗബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ നല്‍കുന്നുണ്ട്.
'പനിക്കൊപ്പം ശക്തമായ ശരീരവേദനയോ കണ്ണിന് ചുവപ്പോ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. സ്വയം ചികിത്സ നടത്തരുത്,'- മലപ്പുറം ഡിഡിഎംഒ ഡോ. സുബിന്‍ പറഞ്ഞു. എലിപ്പനി കേസുകള്‍ ഉയരുന്നതിനൊപ്പം ജില്ലയില്‍ സാധാരണ പനിബാധിതരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം സര്‍ക്കാര്‍ ആശുപത്രികളുടെ ഒപി വിഭാഗങ്ങളില്‍ പനി ബാധിച്ച് 16,634 പേരാണ് ചികിത്സ തേടിയത്.
പ്രതിദിനം ശരാശരി 2,000ത്തിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 2,961 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇതോടെ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പനിയോ എലിപ്പനിയുടെ മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെടുന്നവര്‍ വൈകാതെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates