കൊച്ചി: 2016-21 വരെ പിണറായി സര്‍ക്കാര്‍ ചെയ്ത 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണെന്ന് ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം ഡിയുമായ സാബു എം ജേക്കബ്. ആ കാലത്ത് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നുവെന്നും സാബു ജേക്കബ് മലയാളം ഡയലോഗ്‌സില്‍ പറഞ്ഞു.
''എന്റെ ആശയത്തില്‍ ഒരുപാട് പദ്ധതികള്‍ എഴുതിക്കൊടുത്തുവെന്നും അതൊക്കെ റെക്കോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഞാന്‍ നിര്‍ദേശിച്ച പദ്ധതികളാണ് പിണറായി നടപ്പിലാക്കിയത്. തന്റെ പിതാവുണ്ടായിരുന്ന കാലം മുതലേ എല്ലാ നേതാക്കന്‍മാരുമായി ബന്ധമുണ്ടായിരുന്നു. 2005ല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലം മുതലാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. ഇരട്ടച്ചങ്കന്‍ എന്നത് ഒരു പരിധിവരെ ശരിയായിരുന്നു. ചികിത്സയ്ക്കായാണ് അദ്ദേഹം വീട്ടിലെത്തിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്ത ബന്ധമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്യണമെന്നാഗ്രഹിച്ചാണ് അദ്ദേഹത്തോടൊപ്പം കൂടിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അകറ്റിയത്'', സാബു ജേക്കബ് പറയുന്നു.
''പല വിദേശ യാത്രകളിലും പിണറായി വിജയനൊപ്പമുണ്ടായിരുന്നു. ഞാനില്ലാതെ പിണറായി വിജയന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവം പതിയെ മാറി മാറി വന്നു. കുടുംബത്തോടുള്ള അമിത വാത്സല്യം കൂടി കൂടി വന്നു. വിദേശത്തു പോയാല്‍ പിണറായി വിജയന്റെ ജീവിതം ആര്‍ഭാടം നിറഞ്ഞതാണ്. കേരളം കണ്ട ഏറ്റവും ആര്‍ഭാടമുള്ള കമ്യൂണിസ്റ്റുകാരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും പിണറായി വിജയനാണെന്ന്. ഒറ്റ രാത്രി താമസിക്കാന്‍ 4,5 ലക്ഷം രൂപ വരെയാണ് മുടക്കുന്നത്. ഇത്തരം കാര്യങ്ങളിലുള്ള അഭിപ്രായം മുഖത്തു നോക്കി തന്നെ പറഞ്ഞെന്നും സാബു ജേക്കബ് പറയുന്നു. അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞപ്പോള്‍ പലപ്പോഴും മാറ്റാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവം പകലും രാത്രിയും പോലെയല്ല പകലും വര്‍ഷവും പോലെ മാറിപ്പോയി. ഒരിക്കലും അദ്ദേഹവുമായി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുതിര്‍ന്നിട്ടില്ല'', സാബു ജേക്കബ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates