തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ നമ്മുടെ ശരീരഭാഷയും നേത്ര സമ്പർക്കവും ആംഗ്യങ്ങളും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധ്യമാണ്. കാൽ നടയാത്രക്കാർ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ചിലർ അവർക്ക് ശ്രദ്ധ കൊടുക്കാതെ മുന്നോട്ട് മാത്രം നോക്കി വിസമ്മതം പ്രകടിപ്പിച്ച് ഓടിച്ച് പോകുന്നത് കാണാം. അവരുടെ കണ്ണുകളിലേക്ക് നോക്കി മറ്റ് വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി ഒന്ന് നിർത്തി ഒരു ആംഗ്യം വഴി അവരെ ക്രോസ്സ് ചെയ്യാൻ അനുവദിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ മനുഷ്യത്വമുള്ള ഡ്രൈവർമാരായി മാറുന്നുവെന്ന് കേരള മോട്ടോർ വാഹനവകുപ്പ് ഓർമ്മിപ്പിച്ചു.
'കാൽ നടയാത്രക്കാർ ഡ്രൈവർമാരെ വീക്ഷിച്ച് നേത്ര ബന്ധം വഴി ഡൈവർ നമ്മെ കണ്ടു എന്ന് ഉറപ്പ് വരുത്തി അവരുടെ ആംഗ്യങ്ങളും ശരീരഭാഷയും അനുവാദത്തിൻ്റേതാണ് എന്ന് മനസ്സിലാക്കി റോഡ് മുറിച്ച് കടന്നാൽ തികച്ചും സുരക്ഷിതരാവും. ഒരു കവല മുറിച്ചുകടക്കുകയാണെങ്കിലോ ഇടത്തേക്കോ വലത്തേക്കോ തിരിയാൻ ശ്രമിക്കുകയാണെങ്കിലോ, മറ്റ് ഡ്രൈവർമാർ നിങ്ങളെ കാണേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളെ കാണുന്നുവെന്ന് ഉറപ്പാക്കാൻ നേത്ര സമ്പർക്കം പുലർത്തുന്നതിനേക്കാൾ മികച്ച മാർഗമില്ല. നേത്ര സമ്പർക്കം പുലർത്താതെ മറ്റൊരു ഡ്രൈവർ നിങ്ങളെ കണ്ടെന്ന് അനുമാനിച്ച് മാത്രം വാഹനം ഓടിക്കുന്നത് നിങ്ങളെയും നിങ്ങളുടെ യാത്രക്കാരെയും അപകടത്തിലാക്കാം.'- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ്:
ഒരു നോട്ടം കൊണ്ട് എന്താ നേട്ടം.
റേഡിലേക്ക് ഇറങ്ങുമ്പോൾ ഇത് പ്രസക്തമായ ചോദ്യമാണ്.
റോഡ് സുരക്ഷയുടെ വ്യക്തമായ സൂചകങ്ങളിൽ വേഗത, മാനസിക ക്ഷമത, നൈപുണി , ട്രാഫിക് നിയമങ്ങൾ അനുസരിക്കുക എന്നിവ ഉൾപ്പെടുന്നുവെങ്കിലും, ചില സൂക്ഷ്മ ഘടകങ്ങൾക്കും വലിയ പങ്ക് വഹിക്കാനാകും. വാഹനമോടിക്കുമ്പോഴും റോഡ് ഉപയോഗിക്കുമ്പോഴും നമ്മുടെ ശരീരഭാഷയും ( Body langage ) നേത്ര സമ്പർക്കവും ( Eye Contact), ആംഗ്യങ്ങളും (Guesture )സുരക്ഷിതത്വം ഉറപ്പു രുത്തുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധ്യമാണ്. റോഡിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നേത്ര സമ്പർക്കവും മറ്റ് ശരീരഭാഷാ തന്ത്രങ്ങളും എങ്ങനെ ഉപയോഗപ്പെടുത്താം.
1.കാൽനടയാത്രക്കാരെ സുരക്ഷിതരാക്കാം.
കാൽ നടയാത്രക്കാർ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ചിലർ അവർക്ക് ശ്രദ്ധ കൊടുക്കാതെ മുന്നോട്ട് മാത്രം നോക്കി വിസമ്മതം പ്രകടിപ്പിച്ച് ഓടിച്ച് പോകുന്നത് കാണാം. അവരുടെ കണ്ണുകളിലേക്ക് നോക്കി മറ്റ് വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി ഒന്ന് നിർത്തി ഒരു ആംഗ്യം വഴി അവരെ ക്രോസ്സ് ചെയ്യാൻ അനുവദിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ മനുഷ്യത്വമുള്ള ഡ്രൈവർമാരായി നാം മാറുന്നു. കാൽ നടയാത്രക്കാർ ഡ്രൈവർമാരെ വീക്ഷിച്ച് നേത്ര ബന്ധം വഴി ഡൈവർ നമ്മെ കണ്ടു എന്ന് ഉറപ്പ് വരുത്തി അവരുടെ ആംഗ്യങ്ങളും ശരീരഭാഷയും അനുവാദത്തിൻ്റേതാണ് എന്ന് മനസ്സിലാക്കി റോഡ് മുറിച്ച് കടന്നാൽ നാം തികച്ചും സുരക്ഷിതരാവും.
നേത്ര സമ്പർക്കം നേടുന്നതിലൂടെ പലപ്പോഴും അവരുടെ പെരുമാറ്റം മാറ്റാനും ശ്രദ്ധ കേന്ദ്രീകരിച്ച് കരുതലോടെ ഡ്രൈവിംഗിൽ ഏർപ്പെടുത്താനും നിങ്ങൾക്ക് കഴിഞ്ഞേക്കും.
2.കവലകളിൽ കൂടുതൽ സുരക്ഷ
നിങ്ങൾ ഒരു കവല മുറിച്ചുകടക്കുകയാണെങ്കിലോ ഇടത്തേക്കോ വലത്തേക്കോ തിരിയാൻ ശ്രമിക്കുകയാണെങ്കിലോ, മറ്റ് ഡ്രൈവർമാർ നിങ്ങളെ കാണേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളെ കാണുന്നുവെന്ന് ഉറപ്പാക്കാൻ നേത്ര സമ്പർക്കം പുലർത്തുന്നതിനേക്കാൾ മികച്ച മാർഗമില്ല. നേത്ര സമ്പർക്കം പുലർത്താതെ മറ്റൊരു ഡ്രൈവർ നിങ്ങളെ കണ്ടെന്ന് അനുമാനിച്ച് മാത്രം വാഹനം ഓടിക്കുന്നത് നിങ്ങളെയും നിങ്ങളുടെ യാത്രക്കാരെയും അപകടത്തിലാക്കാം.
3.വലിയ വാഹനങ്ങളുടെ പിന്നാലെ പോകുമ്പോൾ.
മുന്നിലെ വാഹനത്തിൻ്റെ കണ്ണാടികളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങൾക്ക് ആ വാനത്തിൻ്റെ ഡ്രൈവറെ കാണാൻ സാധ്യമാണെങ്കിൽ അദ്ദേഹം നിങ്ങളെ കാണാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ നിങ്ങൾ ആ വാഹനത്തിൻ്റെ ബ്ലൈൻഡ് സ്പോട്ടിൽ ആണ്. അദ്ദേഹം സുരക്ഷിതമായി വാഹനം ഓടിക്കുന്നതാണോ എന്ന് അയാളുടെ ചേഷ്ടകൾ വീക്ഷിച്ച് മനസ്സിലാക്കാം. സുരക്ഷിതമായി അറിയിച്ചും അനുവാദം വാങ്ങിയും മറികടക്കുക.
4. വിസമ്മതം അറിയിക്കാം.
ഒരു വ്യക്തി അവരുടെ ഫോൺ ഉപയോഗിക്കുന്നതോ പുകവലിക്കുന്നതോ അശ്രദ്ധമായ ഡ്രൈവിംഗിൽ ഏർപ്പെടുന്നതോ നിങ്ങൾ കാണുകയാണെങ്കിൽ വിസമ്മതം പ്രകടിപ്പിക്കാനും തിരുത്താനും നിങ്ങൾ ആഗ്രഹിച്ചേക്കാം. നേത്ര സമ്പർക്കം നേടുന്നതിലൂടെ, മറ്റ് ഡ്രൈവറെ അവരുടെ പെരുമാറ്റം മാറ്റാനും ശ്രദ്ധ കേന്ദ്രീകരിച്ച് ഡ്രൈവിംഗിൽ ഏർപ്പെടാനും നിങ്ങൾക്ക് കഴിഞ്ഞേക്കും.
ശ്രദ്ധാപൂർവും കണ്ണുകളിൽ നോക്കി നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാം. ഓട്ടത്തിനിടയിൽ നോട്ടം കൊണ്ട് ഒത്തിരി നേട്ടമുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates