തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സര്‍ക്കാരിനെതിരായ സമസ്ത സമരം തുടങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്ത ആരോപിക്കുന്നത്. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം. സ്കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് സമസ്ത മദ്രസ മാനേജ്മെൻ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും, വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെന്‍റ് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാമന്ത്രിക്കും രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏറെനാളുകൾക്ക് ശേഷമാണ് സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയത്തിൽ സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates