കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണണങ്ങളുമായി ഷാഫി പറമ്പില്‍ എംപി. പൊലീസ് ആസൂത്രിത ആക്രമണം നടത്തുകയായിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തന്നെ മര്‍ദ്ദിച്ചത് സിഐ ആയ അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ സിപിഎമ്മിന്റെ ഗുണ്ടയാണെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ ആരോപിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഗുണ്ടാ- മാഫിയാ ബന്ധത്തെത്തുടര്‍ന്ന് സേനയില്‍ നിന്നും പുറത്താക്കിയതായി സര്‍ക്കാര്‍ അറിയിച്ച വ്യക്തിയാണ് അഭിലാഷ്. 2023 ജനുവരി 16 നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. 19 ന് ഇയാളെ പൊലീസ് സേനയില്‍ നിന്നും പുറത്താക്കിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇയാള്‍ നിലവില്‍ വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറാണ്. എന്നാല്‍ പൊലീസ് സൈറ്റില്‍ ഇയാളെക്കുറിച്ച് വിവരങ്ങള്‍ ഇല്ല. വഞ്ചിയൂര്‍ ഓഫീസിലെ നിത്യസന്ദര്‍ശകനാണ് അഭിലാഷ് ഡേവിഡെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാഷ്ട്രീയ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ബോധപൂര്‍വം ഉണ്ടാക്കിയ സംഘര്‍ഷമാണ് പേരാമ്പ്രയിലേതെന്നും ഷാഫി ആരോപിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് അതിക്രമം നടത്തിയത്. അവിടെ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ഡിവൈഎസ്പി ഹരിപ്രസാദ് എന്തിനാണ് ഗ്രനേഡ് കയ്യില്‍ വെച്ചതെന്തിനാണെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ഹരിപ്രസാദ് ചോദിച്ചത് എംപി ഷാഫി അഡ്മിറ്റായോ എന്നാണെന്ന്, അതിന്റെ വീഡിയോ സഹിതം ഷാഫി പറമ്പില്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു പേരാമ്പ്രയില്‍ പൊലീസിന്റെ നടപടികള്‍. സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത കൊള്ളയ്ക്കാണ് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ, അവിടുത്തെ ഉദ്യോഗസ്ഥരും തട്ടിപ്പുകാരും ചേര്‍ന്ന് നടത്തിയതെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കട്ടവന്മാര്‍ ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലുമുണ്ട്. കൊള്ളയില്‍ പങ്കുപറ്റിയ സര്‍ക്കാരാണ് ഇത് എന്നതിനാലാണ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു. വിശ്വാസിയും അവിശ്വാസിയും ഇതു ക്ഷമിക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates