കോഴിക്കോട് : പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയതായും സിടി സ്കാൻ റിപ്പോർട്ട്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് മർദനമേറ്റതിൽ ലോക്സഭാ സ്പീക്കർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി പരാതി നൽകി. പൊലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മർദ്ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പലയിടത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കാസര്‍കോട് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.
കോഴിക്കോട് ഐജി ഓഫീസിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പിണറായിക്കും മരുമകനും മാപ്പില്ലെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഫോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകര്‍ നടുറോഡില്‍ കറുത്ത കൊടിയുമായി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ഷാഫി പറമ്പില്‍ എംപിക്ക് പൊലീസ് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുല്‍ത്താന്‍ പേട്ട ജങ്ഷനില്‍ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates