ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന കേരളം ഇപ്പോൾ അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണതയെ നേരിടുകയാണ്: മാസം തികയാതെയുള്ള ജനനങ്ങളിൽ കുത്തനെയുള്ള വർദ്ധനവ്. ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (HMIS) ഡാറ്റ വെളിപ്പെടുത്തുന്നത്, സംസ്ഥാനത്ത് മാസം തികയാതെയുള്ള നവജാതശിശുക്കളുടെ എണ്ണം 2017–18 ൽ 6,916 ൽ നിന്ന് 2023–24 ൽ 26,968 ആയി ഉയർന്നു എന്നാണ് - ഏഴ് വർഷത്തിനിടെ 289% വർദ്ധനവ്. സംസ്ഥാനത്തെ ജനനനിരക്കിൽ കുറവുണ്ടായ കാലമണിത്.2017–18 ൽ 4.93 ലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചതെങ്കിൽ 2023–24 ൽ 3.74 ലക്ഷമായി ജനനനിരക്ക് കുറഞ്ഞു.
അതേസമയം, മാസംതികയാതെ ജനിക്കുന്ന കുട്ടികളുടെ വർധനവ് തുടരുന്നു. 2018–19ൽ, മാസം തികയാതെയുള്ള ജനനങ്ങൾ 13,077 ആയി ഉയർന്നു, ഒരു വർഷത്തിനുള്ളിൽ 89% വർദ്ധനവ്. അതിനുശേഷം, ഈ വർധനവിലെ പ്രവണതയിൽ മാറ്റം വന്നിട്ടില്ല.
ജീവിതശൈലിയിലെ വ്യത്യാസം മൂലമാണ് ഈ ആശങ്കാജനകമായ വർദ്ധനവ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ജീവിത ശൈലിയിൽ വന്ന മാറ്റം സ്ത്രീകളിൽ രക്താതിമർദ്ദം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അവസ്ഥകളുടെ വർദ്ധനവിന് കാരണമായതായും അവർ പറയുന്നു.
നവജാതശിശു പരിചരണ സാങ്കേതികവിദ്യയിലെ പുരോഗതി മാസം തികയാതെയുള്ള ജനനങ്ങളിൽ ഡോക്ടർമാർക്കും രോഗികൾക്കും സഹായകരമായി മാറിയിട്ടുണ്ട്. എന്നാൽ, അത്തരം മെഡിക്കൽ ഇടപെടലുകൾ ജീവൻ രക്ഷിച്ചേക്കാമെങ്കിലും അവ പൂർണ്ണമായും അപകടസാധ്യതകളില്ലാത്തവയല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
" മാസം തികയുന്നതിന് മുമ്പുള്ള ജനനങ്ങൾ - പ്രത്യേകിച്ച് അമ്മയുടെയോ കുഞ്ഞിന്റെ രക്ഷയ്ക്കായി മരുന്നോ മറ്റ് ചികിത്സാ രീതികളോ ഉപയോഗിച്ച് പ്രസവം വേഗത്തിലാക്കുന്ന രീതി അഥവാ പ്രേരിത പ്രസവങ്ങൾ- വളരെ സാധാരണമായിത്തീർന്നിരിക്കുന്നു," എന്ന് ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സീനിയർ ഗൈനക്കോളജിസ്റ്റും മുൻ വകുപ്പ് മേധാവിയുമായ ഡോ. ലളിത അംബിക പറഞ്ഞു. " ജീവിതശൈലി രോഗങ്ങൾ ഉള്ളത് ഗർഭകാലത്ത് സങ്കീർണതകൾ ഉണ്ടാക്കുന്നുണ്ട്. ഇത് ആശങ്കാജനകമായ ഒരു പ്രവണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്."
30-40 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ പ്രേരിതമായിട്ടുള്ള മാസംതികയാത്ത പ്രസവം വർദ്ധിച്ചുവരുന്നുണ്ടെന്ന് ഡോ. അംബിക ചൂണ്ടിക്കാട്ടി, തൊഴിൽപരമായ കാരണങ്ങളാലോ വ്യക്തിപരമായ തീരുമാനങ്ങളാലോ ഗർഭധാരണം വൈകിപ്പിക്കാൻ പലപ്പോഴും സാധ്യതയുണ്ട്. "ഈ സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇത് കാരണം അവർക്ക് പ്രസവം നേരത്തെയാക്കേണ്ടത് ആവശ്യമായി വന്നേക്കാം," ഡോക്ടർ വിശദീകരിച്ചു. "മറുവശത്ത്, സ്വാഭാവികമായ മാസംതികയാതെയുള്ള ജനനങ്ങൾ സാധാരണയായി അടിസ്ഥാന രോഗങ്ങളില്ലാതെയാണ് സംഭവിക്കുന്നത് - പലപ്പോഴും ഗർഭാശയ പ്രശ്നങ്ങൾ മൂലമാണ്. അത്തരം സന്ദർഭങ്ങളിൽ, സി-സെക്ഷൻ ആണ് അഭികാമ്യമായ വഴി."
നവീനമായ നവജാത ശിശു പരിചരണത്തെ അമിതമായി ആശ്രയിക്കുന്നത് തെറ്റായ സുരക്ഷിതത്വബോധത്തിലേക്ക് നയിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. "22 ആഴ്ചയ്ക്കുള്ളിൽ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന് പല സ്വകാര്യ ആശുപത്രികളും അവകാശപ്പെടുന്നു. സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ദീർഘകാല അപകടസാധ്യതകൾ ഇത് ഇല്ലാതാക്കുന്നില്ല. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് നാഡീ,കുടൽ എന്നിയെ ബാധിക്കുന്ന പ്രശ്നങ്ങൾ, കേൾവിക്കുറവ്, പഠന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കൂടുതൽ സാധ്യതയുണ്ട്." ഡോക്ടർ വിശദീകരിച്ചു.
രോഗികളും ഡോക്ടർമാരും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അവിശ്വാസമാണ് പ്രശ്നത്തിന്റെ മറ്റൊരു ഭാഗം എന്ന് മുതിർന്ന ഗൈനക്കോളജിസ്റ്റായ ഡോ. പാണ്ഡു ആർ പറഞ്ഞു. “ഭയമോ തെറ്റായ വിവരങ്ങളോ കാരണം പല രോഗികളും നേരത്തെ പ്രസവം ആവശ്യപ്പെടുന്നു. നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക കാരണം ഡോക്ടർമാർ പലപ്പോഴും അത് അനുസരിക്കുന്നു. ഒരു ഡോക്ടർ വിസമ്മതിച്ചാൽ, രോഗികൾ മറ്റെവിടെയെങ്കിലും പോകും,” അദ്ദേഹം പറഞ്ഞു.
ബോധവൽക്കരണത്തിൻറെ അടിയന്തര ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. "മാസം തികയാതെയുള്ള പ്രസവത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഗർഭാവസ്ഥയിൽ ഉൾപ്പെടുന്ന സങ്കീർണതകളെക്കുറിച്ചും രോഗികളെയും കുടുംബങ്ങളെയും ബോധവൽക്കരിക്കുന്നതിനുള്ള ഉത്തരവാദിത്തം ആരോഗ്യപ്രവർത്തകർ ഏറ്റെടുക്കണം. ആരോഗ്യരംഗത്ത് സംഭവിച്ചിരിക്കുന്ന ഈ പ്രവണത മാറ്റുന്നതിന് രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്," അദ്ദേഹം പറഞ്ഞു.
A steep surge in preterm births in Kerala. Data from the Health Management Information System (HMIS) reveals that the number of preterm newborns in the state has jumped from 6,916 in 2017–18 to 26,968 in 2023–24 — a staggering 289% increase over seven years.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates