ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങില്‍ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വ്യഗ്രതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂര്‍ എക്‌സില്‍ കുറിച്ചു. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തരൂരിന്റെ പോസ്റ്റ് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായെന്നാണ് സൂചന.
ഇന്ത്യ വളര്‍ന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ലോകമാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ശശി തരൂര്‍ കുറിച്ചു. മഹാമാരി പോലുള്ള ആഗോള പ്രതിസന്ധികള്‍ അതിജീവിച്ചതിനാലും റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടയിലും മുന്നോട്ട് പോകുന്നതിനാലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധ നേടി. താന്‍ എപ്പോഴും ഇലക്ഷന്‍ മോഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി താന്‍ വാസ്തവത്തില്‍ ഇമോഷണല്‍ മോഡിലായിരുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞുവെന്നാണ് തരൂരിന്റെ കുറിപ്പില്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഭാഗം കൊളോണിയല്‍ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതിനെ കുറിച്ചായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ പൈതൃകം, ഭാഷകള്‍, വിജ്ഞാന സംവിധാനങ്ങള്‍ എന്നിവയിലുള്ള അന്തസ്സ് വീണ്ടെടുക്കാന്‍ പത്തുവര്‍ഷക്കാലയളവുള്ള ഒരു ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടി വ്യഗ്രതയോടെയിരിക്കാന്‍ രാജ്യത്തോടുള്ള ഒരു സാംസ്‌കാരിക ആഹ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ആ സദസില്‍ ഉണ്ടാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ കുറിച്ചു.
ശശി തരൂര്‍ പ്രധാനമന്ത്രിയെക്കുറിച്ച് പുകഴ്ത്തി ആദ്യമായല്ല സംസാരിക്കുന്നത്. തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് മാസങ്ങളായി വഷളായിട്ടുണ്ട്, പ്രത്യേകിച്ചും ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൗഹൃദ രാജ്യങ്ങളിലേക്ക് അയച്ച സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ പ്രതിപക്ഷ മുഖങ്ങളിലൊന്നായി തരൂരിനെ തെരഞ്ഞെടുത്ത സമയം മുതലാണ് തരൂരും പാര്‍ട്ടിയും തമ്മില്‍ തെറ്റിത്തുടങ്ങിയത്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ഇത് ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. എന്നാല്‍ തരൂര്‍ ഇതിനെയെല്ലാം തമസ്‌കരിക്കുകയാണ് ചെയ്തത്.
ഇതിനു മുന്‍പും ശശി തരൂരും കോണ്‍ഗ്രസും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വ ശൈലിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും സമ്പൂര്‍ണ്ണ മാറ്റം ആവശ്യപ്പെടുകയും ചെയ്ത 'ജി-23' നേതാക്കളുടെ സംഘത്തില്‍ തരൂരും ഉണ്ടായിരുന്നു. അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമര്‍ശിച്ച് തരൂര്‍ ഒരു ലേഖനം എഴുതിയിരുന്നു. ' ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്' എന്ന ലേഖനം, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ കുടുംബവാഴ്ചയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രീകരിച്ചായിരുന്നു ആ ലേഖനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates