തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രൊജക്റ്റ് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി തരൂര്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തിയത് നേരത്തെയും വിവാദമായിരുന്നു. ഇതിനിടെ പാര്‍ട്ടി നേതൃത്വവുമായി തരൂര്‍ സമവായത്തിലെത്തിയെന്ന സൂചനകള്‍ക്കിടെയാണ് പുതിയ മോദി സ്തൂതി.
മാവോയിസ്റ്റ് വെല്ലുവിളി നേരിടാന്‍ കെല്‍പ്പുണ്ടെന്നു ഇന്ത്യ ഇപ്പോള്‍ തെളിയിച്ചതായി തരൂര്‍ പറയുന്നു. 2013ല്‍ 126 ജില്ലകളിലായി വ്യാപിച്ചു കിടന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി. ഇത് ഇന്ത്യന്‍ ഭരണകൂടം നേടിയ നിര്‍ണായകമായ അപൂര്‍ണമായ വിജയത്തെ സൂചിപ്പിക്കുന്നു. 1960കളില്‍ പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയില്‍ ഗ്രാമത്തില്‍ ഉത്ഭവിച്ച നക്‌സലൈറ്റ് കലാപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീലങ്കയിലെ തമിഴ് പുലികളെ പരാജയപ്പെടുത്താനും 40 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും 2009ല്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്‌സെ അഴിച്ചുവിട്ട വിനാശകരമായ ആക്രമണ വഴിയല്ല ഇന്ത്യ സ്വീകരിച്ചത്. പകരം കലാപത്തിന്റെ കാരണങ്ങളേയും പ്രത്യാഘാതങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞുള്ള വളരെ സൂക്ഷ്മവും സമഗ്രവുമായ തന്ത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും തരൂര്‍ ലേഖനത്തില്‍ പുകഴ്ത്തുന്നു.
മാവോയിസ്റ്റ് ഭീഷണി ഇല്ലായ്മ ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട നടപടികള്‍ക്ക് 2014നു ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ആക്കം കൂട്ടി. സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള സമഗ്രവും ബഹുമുഖവുമായ ഒരു തന്ത്രം മോദി സര്‍ക്കാര്‍ നടപ്പിലാക്കി.
സുരക്ഷാ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തി. ആധുനിക ആയുധുങ്ങള്‍, മികച്ച ആശയവിനിമയ ഉപാധികള്‍, വനയുദ്ധത്തിനും കലാപങ്ങളെ നേരിടുന്നതിനുമുള്ള പ്രത്യേക പരിശീലനം എന്നിവ നല്‍കി. മുന്‍പ് എത്തിപ്പെടാന്‍ കഴിയാതിരുന്ന പ്രദേശങ്ങളില്‍ പുതിയ ഫോര്‍വേഡ് ഓപ്പറേറ്റിങ് ബേസുകള്‍ സ്ഥാപിച്ചു. ഇത് മാവോയിസ്റ്റുകളുടെ സുരക്ഷിത മേഖലകള്‍ ചുരുക്കാനും അവരുടെ നീക്കങ്ങളെ തടസപ്പെടുത്താനും സഹായിച്ചു.
സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിക്കൊപ്പം വികസനത്തിന്റെ സാന്ത്വനസ്പര്‍ശം കൂടി ഉണ്ടായതോടെയാണ് പദ്ധതി വിജയം കണ്ടത്. ദാരിദ്ര്യ നിര്‍മാര്‍ജനവും റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മൊബൈല്‍ ടവറുകളും വന്നതോടെ വാണിജ്യവും വാര്‍ത്താ വിനിമയവും മെച്ചപ്പെട്ടു. ഇത് ഗ്രാമങ്ങളെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നതില്‍ നിന്നു മാവോയിസ്റ്റുകളെ തടഞ്ഞു. മാവോയിസ്റ്റുകളുടെ സമാന്തര ഭരണകൂടത്തെ മറികടന്ന് സബ്‌സിഡി നിരക്കില്‍ ഭക്ഷണം പാര്‍പ്പിടം ആരോഗ്യം തുടങ്ങിയ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ട് ജനങ്ങളിലെത്തിച്ചു. അങ്ങനെ ഹൃദയങ്ങളും മനസുകളും കീഴടക്കിയാണ് സര്‍ക്കാര്‍ ഇതു സാധ്യമാക്കിയത്- തരൂര്‍ ലേഖനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates