തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് 3 കുട്ടികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തെന്നും മന്ത്രി പറഞ്ഞു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. വയറിളക്കം കണ്ട സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിനു പ്രശ്നം ഇല്ല. സ്കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.
വയറിളക്കം, പനി, വയറുവേദന, ചർദ്ദി, ക്ഷീണം, രക്തവും കഫവും കലർന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങൾ. പ്രധാനമായും രോഗാണുക്കളാൽ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം പാലിക്കുക.
തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിൽ സമീപിക്കുക
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക
വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നും മറ്റും ശീതളപാനീയങ്ങൾ കുടിക്കാതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates