കണ്ണൂർ: ബസ് യാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിട്ടെന്ന് പൊലീസിൽ പരാതി നൽകി ഷിംജിത മുസ്തഫ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പുതിയ പരാതി. പയ്യന്നൂർ പൊലീസിന് ഇ മെയിൽ മുഖേനയാണ് പരാതി ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള സ്വകാര്യ ബസ് യാത്രക്കിടെ തനിക്കെതിരെ അതിക്രമം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ദീപകിന്റെ ആത്മഹത്യയിൽ ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിലായുരുന്നു ഷിംജിത അറസ്റ്റിലായത്. വടകരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഷിംജിത പോസ്റ്റ് ചെയ്ത വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നുമായിരുന്നു അമ്മയുടെ പരാതി.
അതേസമയം, പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഷിംജിത മുസ്തഫയ്ക്കെതിരെയുള്ള ഗുരുതരമായ പരാമർശങ്ങളാണുള്ളത്. സ്വകാര്യബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് പ്രതിനിധിയായ വാർഡ് മെമ്പറായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദീപക്കും പ്രതിയും ബസിൽ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതിൽ വ്യക്തമാണ്. ശേഷം പ്രതിയും ഇരയായ ദീപക്കും സ്വാഭാവികമായാണ് ബസിൽനിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates