ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. യുവനടി നല്‍കിയ പരാതിയിലാണ് ജാമ്യം. കേസ് അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
പരാതി നല്‍കാനുണ്ടായ കാലതാമസം നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ വീണ്ടും ഉന്നയിച്ചു. സല്‍പ്പേര് നശിപ്പിക്കുക ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണ് പരാതിക്ക് പിന്നിലുള്ളത്. പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് എന്നും സിദ്ദിഖിന്റെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് കോടതിയിൽ വ്യക്തമാക്കി.
എട്ടു വര്‍ഷത്തിനു ശേഷമാണ് നടി പരാതി നല്‍കുന്നത്. ഡബ്ല്യുസിസി അംഗമായ നടി പക്ഷെ ആ സംഘടനയില്‍ ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമത്തിലൂടെ ഒട്ടേറെ പേര്‍ ആരോപണം ഉന്നയിച്ചു. അതിലൊന്നും തനിക്കെതിരെ പരാതിയില്ലെന്ന് സിദ്ദിഖ് പറയുന്നു.
പ്രിവ്യൂവിന് നിള തിയേറ്ററില്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്താനാണ് നടിയോട് താന്‍ ആവശ്യപ്പെട്ടത്. അതിനു ശേഷം നടിയെ താന്‍ കണ്ടിട്ടേയില്ല. അമ്മ- ഡബ്ല്യുസിസി ഭിന്നതയ്ക്കു ശേഷമാണ് പരാതി ഉണ്ടാകുന്നത്. താന്‍ അമ്മ സെക്രട്ടറിയായിരുന്നു. നടി ഡബ്ല്യുസിസി അംഗവും. പരാതിയിലെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധമാണ്. എട്ടു വര്‍ഷം മുമ്പത്തെ ഫോണ്‍ എങ്ങനെ കയ്യിലുണ്ടാകുമെന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു.
ഫെയ്‌സ്ബുക്കില്‍ കുറിച്ചതല്ലാതെ എന്തുകൊണ്ട് പരാതിക്കാരിപൊലീസിനെ സമീപിച്ചില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. പരാതിക്കാരിയെ കണ്ടത് സിദ്ദിഖ് സമ്മതിച്ചതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഭയം മൂലമാണ് നടി പൊലീസിനെ സമീപിക്കാതിരുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മലയാള സിനിമയിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 40 കേസുകള്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നാലാം തവണയാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates