smoking Meta AI Image
Kerala

പുകവലി ശീലം മെഡിക്ലെയിം നിരസിക്കാന്‍ കാരണമല്ല; ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പുകവലിച്ചതുകൊണ്ടോ ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടോ ആണ് രോഗം വന്നതെന്ന് ശാസ്ത്രീയമായോ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം വഴിയോ തെളിയിക്കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയാണ്. അനുമാനങ്ങളുടെ പുറത്ത് കമ്പനികള്‍ക്ക് ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: പുകവലി ശീലം ഉണ്ടായിരുന്നതിന്റെ പേരില്‍ മെഡിക്ലെയിം നിരസിക്കാന്‍ സാധിക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധി. ഇന്‍ഷുറന്‍സ് പോളിസിയിലെ ഒഴിവാക്കല്‍ വ്യവസ്ഥകള്‍ മെഡിക്കല്‍ തെളിവുകളില്ലാതെ അനുമാനങ്ങളുടെ പേരില്‍ പ്രയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി വിധി.

മുമ്പ് രോഗി പുകവലിച്ചിരുന്നുവെന്ന ആശുപത്രി രേഖയിലെ പരാമര്‍ശം എടുത്തു പറഞ്ഞ് പിതാവ് ജോസ് മത്തായിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടിക്കെതിരെ ഷൈബി ജോസ് കോടതിയെ സമീപിച്ചു. അന്നനാളത്തിലെ അര്‍ബുദത്തെ തുടര്‍ന്ന് ജോസ് മത്തായിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കായി 4,63,928 രൂപ ചെലവായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള മെഡിസെപ്പ് പദ്ധതി പ്രകാരം ക്ലെയിം സമര്‍പ്പിച്ചെങ്കിലും രോഗി മുമ്പ് പുകവലിച്ചിരുന്ന ആളാണെന്ന കാരണത്തില്‍ ക്ലെയിം നിരസിക്കുകയായിരുന്നു. പുകവലിച്ചതു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പോളിസി പരിധിയില്‍ വരില്ലെന്നുള്ള ഒഴിവാക്കല്‍ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിരസിച്ചത്.

കമ്പനിയുടെ നടപടി വീഴ്ചയാണെന്ന് ഡി ബി ബിനു, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പുകവലിച്ചതുകൊണ്ടോ ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടോ ആണ് രോഗം വന്നതെന്ന് ശാസ്ത്രീയമായോ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം വഴിയോ തെളിയിക്കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയാണ്. അനുമാനങ്ങളുടെ പുറത്ത് കമ്പനികള്‍ക്ക് ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കരാറുകളുടെ വ്യവസ്ഥകളില്‍ ഏതെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കില്‍ അതിന്റെ ആനുകൂല്യം പോളിസി ഉടമയ്ക്ക് നല്‍കണമെന്നുള്ള സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.

മെഡിസെപ്പ് പദ്ധതി പ്രകാരം അനുവദനീയമായ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ നല്‍കാനാണ് വിധി. ഇന്‍ഷുറന്‍സ് നിഷേധിച്ചതുമൂലം ഉണ്ടായ മാനസിക വിഷമങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും കോടതി ചെലവിനും 15,000 രൂപ നഷ്ടപരിഹാരവും കമ്പനി നല്‍കണം. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയില്‍ ഹാജരായി.

Smoking habit is not a ground to reject mediclaim; insurance company must pay compensation, rules court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ 'വഴിയാധാരം'; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കള്ളം പറഞ്ഞു; നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ക്ഷേത്ര ഉപദേശക, ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത്: ഹൈക്കോടതി

CWC: സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ അവസരം; യങ് പ്രൊഫഷണൽ തസ്തിക, പ്രവൃത്തിപരിചയം വേണ്ട!

ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 മരണം; ദുരന്തം സ്വാതന്ത്ര്യ ദിനത്തില്‍