ചെവിയിൽ പാമ്പ് കയറിയതായി പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യം 
Kerala

തലശ്ശേരിയില്‍ സ്ത്രീയുടെ ചെവിയില്‍ ഉഗ്രവിഷമുള്ള പാമ്പ്?; ഞെട്ടിക്കുന്ന വിഡിയോ യുടെ യാഥാര്‍ത്ഥ്യം ഇതാണ്

തലശ്ശേരി സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പ് കയറിയെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളില്‍ പാമ്പ് കയറി. അതും തലശ്ശേരിയില്‍. ഇങ്ങനെയൊരു തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. തലശ്ശേരി സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പ് കയറിയെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. ഫയര്‍ഫോഴ്‌സും വനംവകുപ്പ് ജീവനക്കാരുമടക്കം എത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്നും പ്രചരിക്കുന്ന വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

എന്നാല്‍, അത്തരമൊരു സംഭവം കണ്ണൂരില്‍ നടന്നിട്ടില്ലെന്നാണ് ഫയര്‍ഫോഴ്‌സും വനംവകുപ്പും വ്യക്തമാക്കുന്നത്. മറ്റു പല സ്ഥലങ്ങളുടെ പേരിട്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. പലയിടത്തും പല സ്ഥലത്തിന്റെയും പേരിലാണ് ഇത്തരം വിഡിയോ പ്രചരിക്കുന്നതെന്ന് മാത്രം. നേരത്തെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഒരു കാരണവശാലും ചെവിക്കുള്ളില്‍ പാമ്പിന് കയറാനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ വ്യാജ വിഡിയോകള്‍ പുറത്തുവരുന്നതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

2022ല്‍ ഇത്തരത്തില്‍ വൈറലായ വിഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുടെ ചെവിയ്ക്കുള്ളില്‍ പാമ്പ് കയറിയെന്നും അത് പുറത്ത് വരാതെ ഇരിക്കുന്നു എന്ന തരത്തിലുള്ള വിഡിയോയാണ് അന്ന് വൈറലായത്. ചെവിയില്‍ കയറിയ പാമ്പിനെ ഗ്ലൗസിട്ട് ഒരാള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതായാണ് അന്ന് പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നത്. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു വിഡിയോ പ്രചരിച്ചത്. എന്നാല്‍, ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയും അന്ന് തന്നെ പുറത്തുവന്നിരുന്നു.

പാമ്പിന്റെ തല രൂപമുള്ള റബ്ബര്‍ മോഡല്‍ ചെവിയില്‍ വച്ച് ഒരാള്‍ അനക്കുകയാണ് ചെയ്യുന്നത്. റബ്ബര്‍ മോഡലിലുള്ള പാമ്പിന്റെ തല മാത്രം പുറത്ത് എടുക്കുന്നതും വിഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും സമാന രീതിയിലുള്ളതാണെങ്കിലും പാമ്പിനെ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണുന്നില്ല. പാമ്പിന്റെ വായ സ്ത്രീയുടെ ചെവിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണുള്ളത്. ഇതും സമാനമായ രീതിയില്‍ വ്യാജമായി നിര്‍മിച്ചതായിരിക്കുമെന്ന് തന്നെയാണ് വിദ്ഗധര്‍ വ്യക്തമാക്കുന്നത്.

ഒരു മനുഷ്യന്റെ ഇയര്‍ കനാലിന് ഏകദേശം 2.5 സെന്റിമീറ്റര്‍ മാത്രമാണ് നീളമാണുള്ളത്. അതിനാല്‍ തന്നെ നീളമുള്ള പാമ്പിനെ ഉള്‍കൊള്ളാവുന്ന നീളം ചെവിക്കില്ല. അതുപോലെ ഇത്രയും വലിയ ജീവി ചെവിക്കുള്ളില്‍ പൂര്‍ണമായും കയറിയശേഷവും ഒന്നും സംഭവിക്കാത്ത പോലെ ഒരാള്‍ക്ക് നില്‍ക്കാനുമാവില്ലെന്നും കണ്ണൂരിലെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബിജിലേഷ് പറഞ്ഞു. ചെവിയില്‍ ചെറിയ പ്രാണി കയറിയാല്‍ പോലും അസഹ്യവേദനയുണ്ടാകും. തലശ്ശേരിയില്‍ സ്ത്രീയുടെ ചെവിയില്‍ പാമ്പ് കയറിയെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ബിജിലേഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT