വിഎസിന് യാത്രാമൊഴി  facebook
Kerala

'ചില മരണങ്ങൾ കരയിക്കും, ചില മരണങ്ങൾ കൊതിപ്പിക്കും; ചിലത് രണ്ടും കൂടിയും'

ഇന്നോ നാളെയോ മരിക്കും എന്ന് ഏതാണ്ട് ഉറപ്പുണ്ടായിരുന്ന രണ്ടു പേരായിരുന്നു എം.ടി.യും വി.എസും. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന വാർത്ത. പക്ഷെ മരിച്ചു എന്ന് കേട്ടനിമിഷം എന്തോ ഒരു ശൂന്യത വന്ന് നിറയുന്ന പോലെ ആയിരുന്നു. 20 വർഷമായി ഒന്നുമെഴുതാത്ത എംടിയും ആറേഴ് വർഷമായി രംഗത്തില്ലാത്ത വിഎസും. എന്നിട്ടും അതുറപ്പിച്ച നിമിഷം മുതൽ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ തുടരാനാവാത്ത അവസ്ഥ.

സമകാലിക മലയാളം ഡെസ്ക്

വിഎസിന്റെ വിയോഗത്തോടൊപ്പം ഇഎംഎസിനേയും നായനാരേയും ഓര്‍മിച്ചെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്. ഒപ്പം ഉമ്മന്‍ചാണ്ടിയേയും ഓര്‍മിക്കുന്നു. ജീവിതത്തിന്റെ നിറവ് മരണശേഷമുള്ള ആ യാത്രയില്‍ തെളിഞ്ഞ് കാണാമെന്ന് ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചില മരണങ്ങൾ കരയിക്കും.

ചില മരണങ്ങൾ കൊതിപ്പിക്കും.

EMS ൻ്റെ മരണവാർത്ത കേൾക്കുമ്പോൾ ഞാൻ കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്ന അമ്പറ വയലിൽ ചേട്ടന്മാരടിക്കുന്ന ബൗണ്ടറികൾക്ക് ബോള് പെറുക്കാൻ നിൽക്കുവായിരുന്നു. കളിക്കാൻ മോശമായതു കൊണ്ട് ടീമിലെടുത്തില്ല. അന്ന് പതിനൊന്ന് വയസ് ആയിട്ടില്ല എനിക്ക്. എന്നാലും മരിച്ചത് EMS ആണെന്നും ഭയങ്കര വലിയ ആളാണെന്നും അറിയാം.

നായനാർ മരിക്കുമ്പോൾ +2 കഴിഞ്ഞുള്ള വെക്കേഷനാണ്. അടുത്ത് എന്ത് എന്ന കൺഫ്യൂഷനടിച്ച് നടക്കുന്ന കാലം. അന്ന് അനുരാജിൻ്റെ വീട്ടിലെ ടീവിക്ക് മുമ്പിലിരുന്ന് നയനാരുടെ വിലാപയാത്ര കുറേ നേരം കണ്ടു. ഉച്ചയ്ക്ക് വീട്ടിൽ പോയി ചോറ് കഴിച്ചിട്ട് വീണ്ടും വന്നിരുന്ന് കണ്ടു. വലിയ കാര്യങ്ങൾ ചെയ്യുന്ന മനുഷ്യർ ശരിക്കും മരിക്കുന്നില്ല എന്ന ചിന്ത ആദ്യമായി മനസിൽ കയറിയത് ആ കാഴ്ചകൾ കണ്ടപ്പോഴാണ്.

ഇതുപോലെ അത്ഭുതത്തോടെ കണ്ട വിലാപയാത്ര ആയിരുന്നു ഉമ്മൻചാണ്ടിയുടേത്. എല്ലാതരം മനുഷ്യരെയും ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാൻ കഴിഞ്ഞു, അവരത് ഓർക്കുന്നു, ചിന്തയിലും പ്രവൃത്തിയിലും ആ നന്ദി അവർ കാത്തു സൂക്ഷിക്കുന്നു എന്നതൊക്കെ എന്തൊരു വലിയ കാര്യമാണെന്നാണ് അന്ന് ചിന്തിച്ചത്. ജീവിതത്തിൻ്റെ നിറവ് മരണശേഷമുള്ള ആ യാത്രയിൽ തെളിഞ്ഞ് കാണാം.

ഇന്നോ നാളെയോ മരിക്കും എന്ന് ഏതാണ്ട് ഉറപ്പുണ്ടായിരുന്ന രണ്ടു പേരായിരുന്നു എം.ടി.യും വി.എസും. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന വാർത്ത. പക്ഷെ മരിച്ചു എന്ന് കേട്ടനിമിഷം എന്തോ ഒരു ശൂന്യത വന്ന് നിറയുന്ന പോലെ ആയിരുന്നു. 20 വർഷമായി ഒന്നുമെഴുതാത്ത എംടിയും ആറേഴ് വർഷമായി രംഗത്തില്ലാത്ത വിഎസും. എന്നിട്ടും അതുറപ്പിച്ച നിമിഷം മുതൽ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ തുടരാനാവാത്ത അവസ്ഥ. വലിയ സങ്കടമൊന്നും അല്ലെങ്കിലും വേണ്ടപ്പെട്ട ആരോ ഇനിയില്ലാ എന്ന തിരിച്ചറിയൽ. ഒരു മിസിംഗ് ഫീൽ.

ആ ഫീൽ ഭൂരിപക്ഷം മലയാളികളും ഇപ്പോൾ ഒരുപോലെ അനുഭവിക്കുന്നുണ്ടാവും. മിസിംഗ് സംതിംഗ്. മിസിംഗ് സംവൺ.

എനിക്ക് ശരിക്കും മരിക്കാനല്ല, ആരുമറിയാതെ മാഞ്ഞു പോകാനാണ് ഇഷ്ടം. എന്നാലും കഴിഞ്ഞ അമ്പത് മണിക്കൂറായി ഒരാളുടെ മരണം കാണുന്നു. മരണമല്ല, മരണശേഷമുള്ള ആ ജീവിതം കാണുന്നു. അത്തരമൊരു മരണാനന്തര ജീവിതം ആരാണ് കൊതിക്കാത്തത്.

ബൈ ബൈ VS ❣️

ചില മരണങ്ങൾ കരയിക്കും.

ചില മരണങ്ങൾ കൊതിപ്പിക്കും.

ചിലത് രണ്ടും കൂടിയും. 🙏🙏

മനോജ് വെള്ളനാട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT