കൊച്ചി: നിയമസഭയിലെ ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കേരളത്തില്‍ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയര്‍ നേതാവാണെന്നും സഭാനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ പ്രായാധിക്യം തളര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'എല്ലാവര്‍ക്കും പ്രായം ആവില്ലേ, ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നു പറയുന്നതുപോലെ പ്രായം ചെല്ലുംതോറും പക്വത അങ്ങോട്ട് വര്‍ധിക്കും. പക്വത ഉള്ളപ്പോള്‍ എപ്പോഴും എടുത്തുചാടി ഒരു സ്പ്രിങ് ആക്ഷനില്‍ ഇരിക്കേണ്ട കാര്യമില്ലല്ലോ. അതിനെ അവരുടെ അവശതയായിട്ടോ അല്ലെങ്കില്‍ അവരുടെ മേലായികയായിട്ടോ നമ്മള്‍ ചിത്രീകരിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹം പറയേണ്ട സമയത്ത് അദ്ദേഹം പറയും. അദ്ദേഹത്തിന് ഒരു പ്രത്യേക ഗുണമുണ്ട്, പറഞ്ഞാല്‍ കറക്റ്റ് ആയിട്ട് അത് ഷാര്‍പ്പ് പോയിന്റില്‍ ആയിരിക്കും വന്നു നില്‍ക്കുന്നത്.
ബാലഗോപാലിന്റെ സമീപനത്തോട് എനിക്ക് യോജിപ്പില്ല. സഭയില്‍ ബഹളമുണ്ടാകുന്ന സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് 'എന്തെങ്കിലും പറയൂ' എന്ന് ആവശ്യപ്പെട്ട നടപടി ശരിയായിരുന്നില്ല. സഭയില്‍ ഒരാളിനെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിനെ പോലെ ഒരാളെ അങ്ങനെ ക്ഷോഭിപ്പിച്ച് ഇരുത്തുകയോ അല്ലെങ്കില്‍ അങ്ങനെ പറയിപ്പിക്കുകയോ ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം. ബാലഗോപാല്‍ എന്നല്ല ആരായാലും ആ സമീപനം ശരിയല്ല. അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണം' -തിരുവഞ്ചൂര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി വിഡി സതീശന്റെ സഭയിലെ പ്രകടനം 'സൂപ്പര്‍ പെര്‍ഫോമന്‍സ്' ആണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം ഇത്രയും ഗംഭീരമായി പെര്‍ഫോം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയാകുമ്പോള്‍ ഉത്തരവാദിത്തം വര്‍ദ്ധിക്കുമെങ്കിലും അദ്ദേഹം വളരെ മനോഹരമായും കൃത്യതയോടെയുമാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ജനങ്ങള്‍ക്കും ചോദ്യം ചോദിക്കാം എന്ന പുതിയ ആശയം തന്റെ സ്വപ്ന പദ്ധതിയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വെബ് ക്യാമറ വഴി ഓണ്‍ലൈനായി സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ജനങ്ങളും നിയമസഭയും തമ്മിലുള്ള ബന്ധം ഇതിലൂടെ വര്‍ധിക്കും. ഇതിനായി റൂള്‍ ബുക്കില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്, എല്ലാവരുമായും ആലോചിച്ച് ഇത് നടപ്പിലാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും തിരുവഞ്ചൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates