തിരുവനന്തപുരം : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മിന്നല്‍ പരിശോധന നടത്തി സ്‌പോട്ട് ഫൈന്‍ ഈടാക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനും ഉള്‍പ്പെടെ അധികാരമുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 23 സ്‌ക്വാഡാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒരു സ്‌ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്‌ക്വാഡ് വീതവുമാണ് പ്രവര്‍ത്തിക്കുക. ഓരോ സ്‌ക്വാഡും നയിക്കുന്നത് തദേശ വകുപ്പ് പെര്‍ഫോമന്‍സ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്‌ക്വാഡിലും അംഗങ്ങള്‍.
ഹൈക്കോടതി നിര്‍ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കാനുള്ള തീരുമാനം. മാലിന്യമുക്ത കേരളത്തിനായുള്ള പോരാട്ടത്തിലെ നിര്‍ണായക ചുവടുവെപ്പാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നിരന്തരം മിന്നല്‍ പരിശോധനകള്‍ നടത്തും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ സ്‌പോട്ട് ഫൈന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. ശുചിമുറി മാലിന്യം, മാലിന്യം വഹിക്കുന്ന പൈപ്പുകള്‍ തുടങ്ങിയവ ജലസ്രോതസുകളിലേക്ക് തുറന്നുവെച്ചവര്‍ക്കെതിരെയും സ്‌ക്വാഡ് പരിശോധന നടത്തി നിയമനടപടികള്‍ സ്വീകരിക്കും.
അറവ് മാലിന്യങ്ങള്‍ പൊതുവിടത്ത് നിക്ഷേപിക്കുന്നതിനെതിരെയും നിരീക്ഷണം ശക്തമാക്കും. വാണിജ്യ, വ്യാപാര,വ്യവസായ ശാലകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
നിരോധിത പിവിസി, ഫ്‌ലക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍ ക്ലോത്ത്, പ്ലാസ്റ്റിത് കലര്‍ന്ന തുണി,പേപ്പര്‍ തുടങ്ങിയവയില്‍ പരസ്യ, പ്രചാരണ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും ബോനറുകളും ഷോപ്പ് ബോര്‍ഡുകളും സ്ഥാപിക്കുന്നില്ലെന്ന് സ്‌ക്വാഡ് ഉറപ്പുവരുത്തും. ഇതല്ലാത്ത മുഴുവന്‍ പരസ്യപ്രചാരണ ബോര്‍ഡുകളും എടുത്തുമാറ്റാന്‍ നടപടി സ്വീകരിക്കും. പരസ്യം നല്‍കിയ സ്ഥാപനത്തിനെതിരെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും ഫൈന്‍ ഈടാക്കുകയും, ബോര്‍ഡ്, ഹോര്‍ഡിംഗിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates