സ്വകാര്യബസിന്റെ ടയർ തേഞ്ഞുതീർന്ന നിലയിൽ, പറവൂരില്‍ നിയന്ത്രണം വിട്ട് സ്വകാര്യബസ് മരത്തിലിടിച്ചു സ്ക്രീൻഷോട്ട്
Kerala

സ്റ്റിയറിങ് തകരാര്‍, ടയറുകള്‍ പൂര്‍ണമായി തേഞ്ഞ നിലയില്‍; പറവൂരില്‍ നിയന്ത്രണം വിട്ട് സ്വകാര്യബസ് മരത്തിലിടിച്ചു, 30 പേര്‍ക്ക് പരിക്ക്

എറണാകുളം പറവൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം പറവൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്റ്റിയറിങ് തകരാര്‍ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. യാത്രയ്ക്കിടെ സ്റ്റിയറിങ്ങിന്റെ ഭാഗങ്ങള്‍ അഴിഞ്ഞുവീണെന്നാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബസിന്റെ ടയറുകള്‍ തേഞ്ഞുതീര്‍ന്ന് കമ്പി പുറത്തുകാണുന്ന നിലയിലായിരുന്നു.

വള്ളുവള്ളി അത്താണിയില്‍ ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കുടുങ്ങിയ ഡ്രൈവറെ ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടക്കത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്. പരിക്കേറ്റവരില്‍ 24 പേരെ കൊച്ചിയിലെ ആശുപത്രിയിലും ആറുപേരെ പറവൂരിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തിന് തൊട്ടുമുന്‍പ് തന്നെ വാഹനത്തിന് വിറയല്‍ അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ഇക്കാര്യം ഡ്രൈവര്‍ കണ്ടക്ടറോട് പറഞ്ഞിരുന്നു. വിറയല്‍ അനുഭവപ്പെടുന്നുണ്ട്, വണ്ടി വേണമെങ്കില്‍ നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ വാഹനത്തില്‍ നിറയെ യാത്രക്കാരാണ്. എല്ലാവരും ജോലിക്കാരാണ്. കൂടാതെ സമയം പോകും. അതുകൊണ്ട് വാഹനം നിര്‍ത്തേണ്ട എന്ന് കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതായും യാത്രക്കാര്‍ പറയുന്നു.

ഇതിന് ശേഷം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മുന്നോട്ടുപോയി വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും യാത്രക്കാര്‍ പറയുന്നു. വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. 2025 ഫെബ്രുവരി വരെ ബസിന് ഫിറ്റ്‌നസ് ഉണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ബസിന്റെ ടയറുകള്‍ പൂര്‍ണമായി തേഞ്ഞുതീര്‍ന്ന് കമ്പികള്‍ പുറത്ത് കാണാന്‍ കഴിയുന്ന നിലയിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21