കണ്ണൂര്‍: ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ കാര്‍ഡ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റലാകുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ പുതിയ കണ്‍സഷന്‍ കാര്‍ഡ് പ്രാബല്യത്തില്‍ വരുന്ന കാര്യം അറിയിച്ചത്.
അതാത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോര്‍ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് എന്ന വെബ്‌സൈറ്റില്‍ കയറി സ്ഥാപനം രജിസ്റ്റര്‍ ചെയ്യണം. ഇതിനുശേഷം ആ സ്ഥാപനത്തിലെ വിദ്യാര്‍ഥി എംവിഡി ലീഡ്‌സ് എന്ന ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു, മൊബൈല്‍ നമ്പറും പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് കാര്‍ഡിന് അപേക്ഷിക്കണം.
വിദ്യാര്‍ഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അപ്പ്രൂവ് ചെയ്തശേഷം ആര്‍.ടി.ഒയ്ക്ക് ഫോര്‍വേഡ് ചെയ്യും. ആര്‍.ടി.ഒ തലത്തില്‍ കൂടി പരിശോധിച്ച് അര്‍ഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കുക. വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സേവ് ചെയ്തു യാത്രവേളയില്‍ ബസ് കണ്ടക്ടറെ കാണിക്കാം. അല്ലെങ്കില്‍ പ്രിന്റ് ഔട്ട് എടുത്തും യാത്രവേളയില്‍ ഉപയോഗിക്കാം.
കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിദ്യാര്‍ഥിയുടെ പാസ് യഥാര്‍ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാന്‍ കഴിയും. വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്‌സ്, കാര്‍ഡിന്റെ കാലാവധി, ആര്‍.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ എല്ലാ വിവരങ്ങളും കാര്‍ഡില്‍ ഉണ്ടാകും.
പുതിയ കാര്‍ഡ് പ്രാബല്യത്തില്‍ വരാന്‍ മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അത്രയും സമയം നിലവിലെ രീതിയില്‍ തന്നെ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാം. ഏതെങ്കിലും വിദ്യാര്‍ഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കണ്‍സഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും കണ്‍സഷന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അറിയിച്ചു. രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ ആണ് കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്ന സമയം. വിദ്യാര്‍ഥി ബസില്‍ കയറുന്ന സമയം നോക്കിയാണ് ഇത് കണക്കാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates