തിരുവനന്തപുരം: ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും ഉടന്‍ നീക്കം ചെയ്യണം എന്ന സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുടെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. എബിസി ചട്ടങ്ങള്‍ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല എന്ന സത്യം ഒടുവില്‍ സുപ്രീംകോടതി വിളിച്ചുപറഞ്ഞിരിക്കുന്നു എന്നാണ് എം ബി രാജേഷ് ചൂണ്ടിക്കാട്ടുന്നത്.
തെരുവ് നായ വിഷയത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങള്‍ അടിവരയിടുന്നത്. ''ഒരു തെരുവുപട്ടിയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം ചെയ്ത് ആറുദിവസം ശുശ്രൂഷിച്ച് തിരിച്ച് അതേസ്ഥലത്ത് തന്നെ കൊണ്ടുചെന്നുവിടണം എന്ന എബിസി ചട്ടത്തിലെ വ്യവസ്ഥ വെളിവില്ലാത്ത നിബന്ധനയാണ് സുപ്രീം കോടതി പോലും വിലയിരുത്തിക്കഴിഞ്ഞു. കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് തെരുവ് നായ ശല്യം. ആ പ്രശ്‌നത്തിന് കൂടുതല്‍ ഫലപ്രദമായ പരിഹാരനിര്‍ദേശം ഉണ്ടാകണം എന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
ഒടുവില്‍ സുപ്രീംകോടതി ആ സത്യം വിളിച്ചുപറഞ്ഞിരിക്കുന്നു. എബിസി ചട്ടങ്ങള്‍ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല എന്ന സത്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഇക്കാര്യം ഇവിടെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രയോ പത്രസമ്മേളനങ്ങളില്‍ എബിസി ചട്ടങ്ങളിലെ തീര്‍ത്തും അപ്രായോഗികവും അര്‍ഥശൂന്യവുമായ വ്യവസ്ഥകളെക്കുറിച്ച് പറഞ്ഞപ്പോഴൊന്നും നമ്മുടെ മാധ്യമങ്ങള്‍ കേട്ട ഭാവം നടിച്ചില്ല. മാധ്യമപ്രതിനിധികളോട് എബിസി ചട്ടം വായിക്കാനും അതെത്രമാത്രം അര്‍ഥശൂന്യമാണ് എന്ന നേര് ജനങ്ങളോട് പറയാനും അഭ്യര്‍ഥിച്ചു. ഒരനക്കവും ഉണ്ടായില്ല. എബിസി ചട്ടത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ നിഷ്‌ക്രിയമായിരിക്കുകയാണ് എന്ന് സ്ഥാപിക്കാന്‍ മാത്രമായിരുന്നു അവര്‍ നിരന്തരം ശ്രമിച്ചുവന്നിരുന്നത്. സര്‍ക്കാരിനെ കടിച്ചുകീറാന്‍ ഒന്നാം പേജും എഡിറ്റോറിയലുമെല്ലാം നിറയ്ക്കാനായിരുന്നു ചിലര്‍ക്ക് താത്പര്യം.
''ഒരു തെരുവുപട്ടിയെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം ചെയ്ത് ആറുദിവസം ശുശ്രൂഷിച്ച് തിരിച്ച് അതേസ്ഥലത്ത് തന്നെ കൊണ്ടുചെന്നുവിടണം എന്ന എബിസി ചട്ടത്തിലെ വ്യവസ്ഥ എന്ത് വെളിവില്ലാത്ത നിബന്ധനയാണ്'' എന്നാണ് ഇന്ന് സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ ചോദിച്ചത്. അതിനെ തികച്ചും അസംബന്ധം എന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരിക്കുന്നു. എന്ത് കാര്യത്തിനാണ് പിടിച്ച സ്ഥലത്തുതന്നെ പട്ടിയെ വിടണമെന്ന് പറയുന്നത് എന്നും കോടതി ചോദിക്കുന്നു. നമ്മുടെ മാധ്യമങ്ങള്‍ ബോധപൂര്‍വം ചോദിക്കാതെയും പറയാതെയുമിരുന്ന കാര്യം ഇന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നു. ഇക്കാര്യം വിശദമായി നിയമ ജേര്‍ണലായ ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞതു നോക്കൂ. 'വന്ധ്യംകരിച്ചതുകൊണ്ട് തെരുവുപട്ടി കടിക്കാതിരിക്കുന്നില്ല. ജനന നിയന്ത്രണത്തിന് മാത്രമേ വന്ധ്യംകരണം സഹായിക്കുകയുള്ളൂ. പട്ടികടിയെന്ന പ്രശ്‌നത്തിന് പരിഹാരമല്ല' പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലാണെന്ന് ഓര്‍ക്കണം. ഇതല്ലേ ഇത്രയും കാലം ഞങ്ങളിവിടെ പറഞ്ഞുകൊണ്ടിരുന്നത്. പിന്നെന്താണ് പരിഹാരം?
ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ രൂക്ഷമായ പട്ടികടി പ്രശ്‌നത്തിന്റെ പേരിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. അതിലിപ്പോള്‍ നല്‍കിയിട്ടുള്ള ഉത്തരവ് എല്ലാ തെരുവുപട്ടികളെയും ഉടനടി പിടികൂടി ഷെല്‍ട്ടറുകളില്‍ അടയ്ക്കണം എന്നാണ്. അതിന് കുറേ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഷെല്‍ട്ടറുകളില്‍ അടയ്ക്കുക എന്നത് നാളെ കേരളത്തിന് ബാധകമാക്കിയാലും പ്രായോഗികമാവുമെന്ന് തോന്നുന്നില്ല. കാരണം, എബിസി കേന്ദ്രം പോലും തുടങ്ങാന്‍ ഇവിടെ തടസം നാട്ടുകാരുടെ എതിര്‍പ്പാണ്. അപ്പോള്‍ നൂറുകണക്കിന് പട്ടികളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങാന്‍ പോയാലോ. പട്ടി കടിക്കാനും പാടില്ല, ഷെല്‍ട്ടറോ എബിസി കേന്ദ്രമോ തുടങ്ങാനും പാടില്ല എന്നതാണല്ലോ ഇവിടെ പലരുടെയും മനോഭാവം. കേരളം പോലെ ഭൂമിയുടെ ലഭ്യത കുറഞ്ഞൊരു സ്ഥലത്ത് ലക്ഷക്കണക്കിന് പട്ടികളെ ഷെല്‍ട്ടറില്‍ പാര്‍പ്പിക്കുക എന്നത് ദുഷ്‌കരം തന്നെയായിരിക്കും. എന്നാല്‍ ഇത്തരം നടപടികളെ (എബിസി കേന്ദ്രം, ഷെല്‍ട്ടര്‍) തടസപ്പെടുത്തുന്നവരെ കര്‍ശനമായി നേരിടാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, മൃഗക്ഷേമ സംഘടനകളൊന്നും കേസുമായി കോടതിയിലേക്ക് വരേണ്ട എന്നും സുപ്രീംകോടതി പറഞ്ഞതായിട്ടാണ് മാധ്യമവാര്‍ത്തകളില്‍ നിന്ന് അറിയുന്നത്. പ്രശ്‌നത്തിന്റെ രൂക്ഷത കോടതിക്ക് ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അര്‍ഥം.
കടിച്ചുകീറി എന്ന് വലിയ തലക്കെട്ട് കൊടുത്ത് കേരളത്തില്‍ സര്‍ക്കാരിനെ പട്ടിപ്രശ്‌നത്തില്‍ കടിച്ചുകീറാന്‍ നടന്നവര്‍, മറ്റെവിടെയും ഇങ്ങനൊരു പ്രശ്‌നമില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ കെട്ടഴിച്ചുവിട്ട പട്ടികളാണ് കേരളത്തിലേത് എന്ന മട്ടിലുമാണല്ലോ ഇതുവരെ അവതരിപ്പിച്ചിരുന്നത്. സുപ്രീംകോടതിയുടെ ഇടപെടലോടു കൂടി ഇന്ത്യയുടെ തലസ്ഥാന നഗരിയിലാണ് ഇതേറ്റവും രൂക്ഷമായിരിക്കുന്നത് എന്ന വസ്തുത കൂടിയാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ആ പ്രശ്‌നത്തിന് കൂടുതല്‍ ഫലപ്രദമായ പരിഹാരനിര്‍ദേശം ഇനിയുമുണ്ടാവേണ്ടിയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates